Monday, November 17, 2008

ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തണം -ഡോ. കെ.എന്‍. പണിക്കര്‍

ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തണം -ഡോ. കെ.എന്‍. പണിക്കര്‍


ചെന്നൈ: സാമ്രാജ്യത്വത്തെയും വര്‍ഗീയതയെയും ചെറുക്കാന്‍ ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക പോരാട്ടങ്ങളിലൂടെ ജനകീയ അടിത്തറ വിപുലപ്പെടുത്തണമെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍. പണിക്കര്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ്സിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചരിത്രത്തില്‍ ഇ.എം.എസ്സിന്റെ പങ്കും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസാരിക്കുകയായിരുന്നു ഡോ. കെ.എന്‍. പണിക്കര്‍.വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മതേതരശക്തികളുടെ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ 1990കളുടെ തുടക്കത്തില്‍ കഴിഞ്ഞിരുന്നു. പിന്നീടത് ശിഥിലമാകുന്നതാണ് കണ്ടത്. മാറിയ ലോകസാഹചര്യത്തില്‍ സാമ്രാജ്യത്വവും വര്‍ഗീയതയും പുതിയ ദിശയിലേക്കാണ് വളരുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് വളരുന്ന ഐ.ടി.സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പുതിയ ഒരുതരം വര്‍ഗീയത വളരുന്നുണ്ട്. ഇടത്തരം വിഭാഗങ്ങള്‍ക്കിടയിലും വര്‍ഗീയതയുടെ സ്വാധീനം വര്‍ധിക്കുന്നുണ്ട്. കേരളത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ഒരു പരിധിവരെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത മഹാനാണ് ഇ.എം.എസ്. എന്ന് ഡോ. കെ.എന്‍. പണിക്കര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇടതുപക്ഷത്തെ മൂന്നാം ശക്തിയായി ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ഇ.എം.എസ്. വഹിച്ച പങ്ക് ചെറുതല്ല.സാമൂഹികനീതി ഉറപ്പുവരുത്താന്‍ ജാതിഭ്രഷ്ടിനും ജന്മിത്വത്തിന്റെ ചൂഷണത്തിനും എതിരായി സന്ധിയില്ലാതെ പോരാട്ടം നടത്തിയ വ്യക്തിയാണ് ഇ.എം.എസ്. എന്ന് ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാന്‍ ശശികുമാര്‍ പറഞ്ഞു.സാമൂഹികപുരോഗതിയില്‍ ഇ.എം.എസ്സിന്റെ പങ്ക് എന്ന വിഷയത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ജി. രാമകൃഷ്ണന്‍ പ്രസംഗിച്ചു.മദിരാശി കേരള സമാജം പ്രസിഡന്റ് ഡോ. ടി.എം.ആര്‍. പണിക്കര്‍ അധ്യക്ഷനായി. ചെയര്‍മാന്‍ എം. ശിവദാസന്‍ പിള്ള, ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോ. കെ.എന്‍. പണിക്കരെ കേരള സമാജം ഖജാന്‍ജി എന്‍. ശ്രീധരനും, ശശികുമാറിനെ ടി. അനന്തനും, ജി. രാമകൃഷ്ണനെ ജോയിന്റ് സെക്രട്ടറി പി.കെ. ബാലകൃഷ്ണനും പൊന്നാട അണിയിച്ച് ആദരിച്ചു.

Saturday, November 15, 2008

കടല്‍ കടലിന്റെ മക്കള്‍ക്ക്

കടല്‍ കടലിന്റെ മക്കള്‍ക്ക്


ആലപ്പുഴ: പ്രതിബന്ധങ്ങളില്‍ തളരാതെ കടലിന്റെ ആഴങ്ങളില്‍നിന്ന് മീനും മുത്തും കോരുന്ന തൊഴിലാളികള്‍ തന്നെയാണ് കടലിന്റെ നേരവകാശികളെന്ന അവകാശപ്രഖ്യാപനത്തോടെ മല്‍സ്യത്തൊഴിലാളികളുടെ മഹാസംഗമം. സമരേതിഹാസങ്ങളുടെ ചരിത്രഭൂമിയായ ആലപ്പുഴയില്‍ ശനിയാഴ്ച ചേര്‍ന്ന സംഗമം മറ്റൊരു സമരമുന്നേറ്റമായി. മുന്‍പെങ്ങും ഇല്ലാത്ത ഉണര്‍വും ഉത്സാഹവും മത്സ്യത്തൊഴിലാളി മേഖലയില്‍ കൊണ്ടുവന്ന, മത്സ്യത്തൊഴിലാളിയുടെ പണിയിടം അവന്റേതെന്ന് പ്രഖ്യാപിക്കാന്‍ നിയമം തയ്യാറാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനു സംഗമം പിന്തുണ പ്രഖ്യാപിച്ചു. അതോടൊപ്പം,കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്കു മുന്തിയ പരിഗണന നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പങ്കാളിത്തമുള്ള ആഴക്കടല്‍ മത്സ്യബന്ധനം നടപ്പാക്കണമെന്നും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മത്സ്യമേഖലയില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ ആവശ്യപ്പെട്ടു.വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കരുത്, കാലാവധി പൂര്‍ത്തിയാക്കിയവയുടെ ലൈസന്‍സ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ചുങ്കം കുറച്ചും അളവു നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞും മത്സ്യം ഇറക്കുമതി ചെയ്യാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സാമൂഹിക പിന്നോക്കാവസ്ഥ കണക്കിലെടുത്ത് മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ബിപിഎല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മഹാസംഗമം അംഗീകരിച്ച അവകാശ പ്രഖ്യാപന രേഖ ആവശ്യപ്പെട്ടു. ദാരിദ്യ്രത്തിന്റെ തുരുത്തുകളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തിലെ 11 ലക്ഷം മത്സ്യത്തൊഴിലാളികളെ പൊതുസമൂഹത്തിന്റെ ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പടപ്പുറപ്പാടിനു നാന്ദികുറിച്ച് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംഘടിപ്പിച്ച മഹാസംഗമം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. നമ്മുടെ സമ്പദ് വ്യവസ്ഥയെ ആഗോള മൂലധനത്തിന്റെ ചൂതാട്ടത്തിന് എറിഞ്ഞ് കൊടുക്കുകയും സമ്പന്നര്‍ക്ക് സബ്സിഡി നല്‍കി അതിന്റെ ഭാരം പാവപ്പെട്ടവന്റെ ചുമലില്‍വയ്ക്കുകയും ചെയ്യുന്ന മന്‍മോഹന്‍സിങ്ങിന്റെ നയത്തിനെതിരെ തൊഴിലാളികള്‍ ദേശവ്യാപകമായ പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ധനമന്ത്രി ഡോ. ടി എം തോമസ്ഐസക്, ഫിഷറീസ് മന്ത്രി എസ് ശര്‍മ, സഹകരണ മന്ത്രി ജി സുധാകരന്‍, എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് എം എം ലോറന്‍സ്, പുന്നപ്ര-വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദന്‍ തുടങ്ങിയവരും മറ്റു നേതാക്കളും അണിനിരന്ന വേദിയില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വി വി ശശീന്ദ്രന്‍ അവതരിപ്പിച്ച അവകാശരേഖ ആവേശത്തോടെ മത്സ്യത്തൊഴിലാളി സമൂഹം ഹൃദയത്തിലേറ്റി. ഡോ. കെ എസ് മനോജ് എം പി സ്വാഗതവും പി പി ചിത്തരഞ്ജന്‍ നന്ദിയും പറഞ്ഞു. രാജ്യത്തെ മത്സ്യക്കയറ്റുമതിയുടെ അഞ്ചിലൊന്ന് സംഭാവന ചെയ്യുമ്പോഴും വീടും സ്ഥലവും വള്ളവും വലയും സ്വന്തമായില്ലാതെ രോഗാതുരരായി കഴിയേണ്ടിവരുന്നവര്‍ വികസനത്തിലെ അര്‍ഹമായ ഓഹരി ചോദിക്കാന്‍ കരുത്തു നേടിയെന്ന് മഹാസംഗമം തെളിയിച്ചു. മത്സ്യത്തൊഴിലാളികളുടെ കടാശ്വാസം, ജീവിത സുരക്ഷ, തീരഗ്രാമങ്ങളുടെ അടിസ്ഥാന സൌകര്യവികസനം, മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശം, സ്ത്രീശാക്തീകരണം, ആഴക്കടല്‍ മത്സ്യബന്ധന നയം, ഉള്‍നാടന്‍ മത്സ്യകൃഷി, ഭവനനിര്‍മാണം, കായല്‍ മലിനീകരണം, വിദ്യാഭ്യാസാനുകൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന 31 ഇന അവകാശപത്രിക മഹാസംഗമം അംഗീകരിച്ചു. ഇവ നേടാനുള്ള കര്‍മ പരിപാടിക്കും സംഗമം രൂപം നല്‍കി. ഒന്‍പത് കടലോര ജില്ലകളില്‍ നിന്നും ഉള്‍നാടന്‍ മത്സ്യമേഖലയില്‍ നിന്നുമായി ഒരുലക്ഷത്തിലേറെ പേര്‍ കടല്‍ത്തീരത്ത് അണിനിരന്നു.
എം എന്‍ ഉണ്ണികൃഷ്ണന്‍
deshabhimani

മത തീവ്രവാദത്തിന്റെ വേരറുക്കുക

മത തീവ്രവാദത്തിന്റെ വേരറുക്കുക

കോടിയേരി ബാലകൃഷ്ണന്‍

ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ഇന്ത്യയിലെ ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ കഴിഞ്ഞ 30 മാസമായി ഭീകരാക്രമണങ്ങളില്ല. സര്‍ക്കാരും കേരളാ പൊലീസിന്റെ വിവിധ ഘടകങ്ങളും തുടര്‍ച്ചയായി എടുത്ത ജനപിന്തുണയോടെയുള്ള ജാഗ്രതാപൂര്‍വമായ നടപടികളാണ് അത്തരം സംഭവങ്ങള്‍ ഇവിടെ ഉണ്ടാകാതിരിക്കാനുള്ള പ്രധാനകാരണം. ഭീകരതയെ അനുകൂലിക്കുന്ന പ്രചാരണങ്ങളും അതിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള കരുനീക്കങ്ങളും ചില വ്യക്തികളും സംഘടനകളും ഇവിടെ നടത്തുന്നുണ്ട് എന്ന സംശയം ദീര്‍ഘകാലമായി നിലനില്‍ക്കുന്നു. തൊണ്ണൂറുകളില്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടായ പല ഭീകരാക്രമണങ്ങളിലും ചില മലയാളികള്‍ ഉള്‍പ്പെട്ടതിന്റെ വിവരമുണ്ടായിരുന്നു. വിദേശ ശക്തികളുമായും മറ്റു സംസ്ഥാനങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങളുമായും കേരളത്തിന് വെളിയില്‍ ചില മലയാളികള്‍ ബന്ധപ്പെട്ടിരുന്നതിന്റെ സൂചനകളും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ലഭിച്ചിരുന്നു. മലപ്പുറത്ത് നടന്ന തിയറ്റര്‍ കത്തിക്കല്‍ പരമ്പര, മലപ്പുറത്തെ പൈപ്പ് ബോംബ് കേസ്, മാറാട് ബോംബു സ്ഫോടനം, മഞ്ചേരി ഗ്രീന്‍വാലി സ്ഫോടനം, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സ്ഫോടനം മുതലായ പല സംഭവങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. ഇവയില്‍ പലതിലും വിജയകരമായി അന്വേഷണം നടത്താന്‍ അതത് കാലത്തെ പൊലീസ് സംവിധാനത്തിന് ് കഴിഞ്ഞില്ല. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ നടന്ന ഗൂഢാലോചന, അല്‍ ഉമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട്് കേരളത്തില്‍ ചില സംഘടനകള്‍ നടത്തിയ കൊലപാതകങ്ങളും അക്രമ സംഭവങ്ങളും, വിദേശ ശക്തികളുമായി ബന്ധപ്പെട്ട ചിലരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അന്വേഷിക്കാനും സത്യാവസ്ഥ കണ്ടുപിടിക്കാനും പ്രതികളെ തിരിച്ചറിയാനും 1996-2000 കാലത്ത് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി നിലനിന്ന സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ 2006 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികളെടുത്തു. ഭൂരിപക്ഷƒ വര്‍ഗീയത ഇളക്കി വിടുന്ന അക്രമങ്ങളെ ചെറുക്കാന്‍ ജാഗ്രത പാലിച്ചു. പ്രശ്നങ്ങളെ എങ്ങനെയാണ് സര്‍ക്കാര്‍ സമീപിച്ചത് എന്നു ചുരുക്കി പ്രതിപാദിക്കട്ടെ. ബിനാനിപുരത്ത് മുന്‍കാല സിമി പ്രവര്‍ത്തകര്‍ നടത്തിയ യോഗം ഭീകര പ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ വ്യാപകമാക്കാനുള്ളതാവും എന്ന് രഹസ്യാന്വേഷണ വിഭാഗം വിവരംനല്‍കി. സംശയങ്ങളുടെ വെളിച്ചത്തില്‍ കേസെടുത്തു. കേരളവ്യാപകമായി നടത്താന്‍ പദ്ധതിയിട്ട ആശയബോധവല്‍ക്കരണ, റിക്രൂട്ട്മെന്റ് പദ്ധതി ആ കേസുകാരണം ഫലപ്രാപ്തിയിലെത്തിയില്ല. കേസെടുക്കുന്നതിന് നീതീകരണമില്ലെന്ന് നിരവധി വ്യക്തികളും സംഘടനകളും അന്ന് പരാതി പറഞ്ഞിരുന്നു. ആ പരാതികള്‍ അടിസ്ഥാന രഹിതമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. രണ്ടായിരത്തഞ്ചിലും 2006 ന്റെ ആദ്യപകുതിയിലും ഒരു പാകിസ്ഥാന്‍ സ്വദേശി കോഴിക്കോട്ട് താമസിച്ചിരുന്നെന്നും അയാള്‍ ഒരു ഭീകരനായിരുന്നെന്നും ബംഗളൂരു പൊലീസില്‍നിന്ന് അറിഞ്ഞു. സമഗ്രമായി അന്വേഷിച്ചപ്പോള്‍ അയാള്‍ ഇവിടെ പാസ്പോര്‍ട്ടിന് ശ്രമിച്ചെന്നും പൊലീസ് വേണ്ട അന്വേഷണം നടത്താതെ 2005-06 ല്‍ അയാള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയെന്നും മനസ്സിലായി. ഇതു സംബന്ധിച്ച് കേസുകള്‍ എടുക്കുകയും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരായി ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയുംചെയ്തു. മറ്റു പല ജില്ലകളിലും ഈ രീതിയിലുള്ള തെറ്റുകള്‍ മുന്‍കാലത്ത് സംഭവിച്ചതായി മനസ്സിലായി. ഈ രീതിയില്‍ മറ്റ് പല ആവശ്യങ്ങള്‍ക്കുമായി വ്യാജ പാസ്പോര്‍ട്ട് പലരും കൈവശപ്പെടുത്തുന്നതായി വ്യക്തമായി. ഇതു കണക്കിലെടുത്ത് കേരളത്തിലെ പാസ്പോര്‍ട്ട് അന്വേഷണ രീതി 2007-08 ല്‍ സമഗ്രമായി പരിഷ്കരിച്ചു. ദേശവിരുദ്ധ ശക്തികളും മറ്റും ദുരുപയോഗംചെയ്യുന്നത് തടയാന്‍ പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ കര്‍ശനമാക്കി. സെക്യൂരിറ്റി വാച്ച് ലിസ്റ്റ് എന്ന സമ്പ്രദായം സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചില്‍ നടപ്പിലാക്കി. ഇത് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക ജോലിയായി നിജപ്പെടുത്തി. മതതീവ്രതയും ആക്രമണോത്സുകതയുമുള്ളവരെ കണ്ടെത്തുക ചില സംഘടനകളുടെ അജന്‍ഡയാണ്. ഇതിന് പൊതുവായ കായിക പരിശീലനം ഇത്തരം സംഘടനകള്‍ പരമാവധി ഉപയോഗപ്പെടുത്തും. ഇതു മനസ്സിലാക്കിയാണ് രണ്ടായിരത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് കായികപരിശീലന നിയന്ത്രണം കൊണ്ടുവന്നത്. പിന്നീട് പല കാരണങ്ങള്‍മൂലം ഇതു നടപ്പായില്ല. 2007 മുതല്‍ ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെയുള്ള കായികപരിശീലനം ഭാവിയില്‍ വര്‍ഗീയ ഭീകര റിക്രൂട്ട്മെന്റിന് വഴിതെളിക്കുമെന്നതിനാല്‍ പൊലീസും സര്‍ക്കാരും തുടര്‍ച്ചയായി ജാഗ്രത പുലര്‍ത്തുന്നു. കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തിയ ഒരാള്‍ കുമളിയില്‍ താമസിച്ചുവരുന്നു എന്ന് രഹസ്യാന്വേഷണ വകുപ്പിന് വിവരം ലഭിച്ചിരുന്നു. അയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നുവെന്നും കേരളാ മേല്‍വിലാസത്തില്‍ പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും വിവരം ലഭിച്ചു. ഉടനെ അയാളെ അറസ്റ്റ് ചെയ്തു. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇവിടേക്ക് വരാതിരിക്കാന്‍ കേരളത്തിലെ ടൂറിസ്റ്റ് മേഖലയില്‍ പ്രവൃത്തിയെടുക്കുന്ന മുഴുവന്‍ കശ്മീരികളുടെയും വിവരം കശ്മീര്‍ പൊലീസിന് അയച്ചുകൊടുത്തു. സംശയകരമായ സാഹചര്യങ്ങളില്‍ കശ്മീരികള്‍ ഇവിടെ വരുന്നത് തടയാന്‍ ഇന്നാട്ടിലെ കശ്മീരികളുടെ സഹായം തേടിയിട്ടുണ്ട്. പ്രബോധനങ്ങളിലൂടെയും ആഹ്വാനങ്ങളിലൂടെയും ഭീകരതയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍ ധനമോഹമുള്ള, കുറ്റംചെയ്യാന്‍ മടിയില്ലാത്ത ചെറുപ്പക്കാരെ നോട്ടമിടും. ഏതെങ്കിലും മാഫിയകളുമായി ബന്ധപ്പെടുന്നവരാണ് ഇത്തരക്കാര്‍. അതുകൊണ്ടുതന്നെ ഹവാല,കള്ളനോട്ട്, റിയല്‍എസ്റ്റേറ്റ്, ഗുണ്ടാ, അബ്കാരി മാഫിയ സംഘങ്ങള്‍ ഭാവിയില്‍ തീവ്രവാദികളുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ട് എന്ന് സര്‍ക്കാര്‍ നിഗമനത്തിലെത്തി. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം മാഫിയകള്‍ക്കെതിരായി പരസ്യവും രഹസ്യവുമായ നടപടികളും പ്രചാരണ നടപടികളും സ്വീകരിച്ചു. 'ഹവാല' യുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിക്കാന്‍ (ഹവാല ക്രിമിനല്‍ക്കുറ്റമായി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല എങ്കില്‍ക്കൂടി) പൊലീസ് അന്വേഷണസംഘത്തെ നിയോഗിച്ചു. സംസ്ഥാനവ്യാപകമായ നടപടികള്‍ക്കും യഥാസമയ ഇടപെടലിനുമായി ഹൈപവര്‍ പൊലീസ് മോണിറ്ററിങ് സെല്‍ രൂപീകരിച്ചു. സംസ്ഥാനാന്തര ബന്ധങ്ങളുള്ള ഇടപാടായതിനാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആയിട്ടുകൂടി, സംസ്ഥാന പൊലീസ് ഇക്കാര്യത്തില്‍ നിഷ്കര്‍ഷ കാണിക്കുന്നു. ഇതുമൂലം ദേശവിരുദ്ധ ശക്തികളെ പൂര്‍ണമായല്ലെങ്കിലും പൂര്‍വാധികം ശക്തിയോടെ ചെറുക്കാന്‍ സാധിക്കുന്നു. സംഘടിത കുറ്റവാളികള്‍ക്കും മാഫിയകള്‍ക്കുമെതിരെ ഗുണ്ടാനിയമം കൊണ്ടുവന്ന് നടപ്പാക്കി. ദേശസുരക്ഷയുമായി ബന്ധപ്പെട്ടും ഇത് നടപ്പാക്കേണ്ടതിനാലാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ കീഴില്‍ ഓര്‍ഗനൈസ്ഡ് ക്രെെം സെല്‍ രൂപീകരിച്ചത്. ഗുണ്ടകളുടെ സ്വൈരവിഹാരം തടയുന്നതിന് വലിയ അളവ് സാധിച്ചു. കേരളത്തില്‍ വിദേശീയ-അന്യസംസ്ഥാന ശക്തികള്‍ സ്വാധീനം ചെലുത്തുന്നത് ചെറുക്കണമെങ്കില്‍ വിദേശങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തീവ്രവാദി-ഭീകര ശക്തികളെപ്പറ്റി സാമാന്യ ധാരണയും കേരളത്തിലെ പൊലീസിനുണ്ടാകണം. ഉദ്യോഗസ്ഥരില്‍ കശ്മീരിലും ഇതര അതിര്‍ത്തിപ്രദേശങ്ങളിലും കേന്ദ്ര ഐബിയിലും മറ്റും ജോലിചെയ്ത ചുരുക്കം ചില ഐപിഎസ് ഉദ്യാഗസ്ഥര്‍ക്കല്ലാതെ താഴെക്കിടയിലുള്ള ആര്‍ക്കും അത്തരം ശക്തികളെപ്പറ്റി പ്രായോഗിക അറിവോ അനുഭവ പരിചയമോ ഇല്ല. ഇക്കാര്യത്തില്‍ വേണ്ടത്ര പരിശീലനം ലഭിക്കണം, മറ്റു സംസ്ഥാനങ്ങളുമായും ഐബിയുമായും സഹകരിക്കണം എന്നീ തീരുമാനങ്ങള്‍ സര്‍ക്കാര്‍ 2006 ല്‍ എടുത്തു. ഒരു വര്‍ഷത്തെ ശ്രമഫലമായി ഇന്ത്യയിലാദ്യമായി ഒരു അന്തര്‍ സംസ്ഥാന ഇന്റലിജന്റ്സ് ട്രെയിനിങ് സ്കൂള്‍ ഐബിയുടെ മേല്‍നോട്ടത്തില്‍ കേരളാ പൊലീസില്‍ രൂപീകരിച്ചു. 2008 ജനുവരിയില്‍ അത് ഉദ്ഘാടനംചെയ്തു. സമയമെടുത്ത് പരിശീലനം നടത്തിയാലേ തീവ്രവാദ ഭീകരതയെ ചെറുക്കാന്‍ വേണ്ട അറിവു നേടാന്‍ സാധിക്കൂ. കര്‍ണാടകത്തിലും മറ്റും സ്ഥിരതാമസമാക്കിയ മലയാളികള്‍ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അവിടത്തെ പൊലീസ് വലയിലാകുമ്പോള്‍, അവരെ ഇവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ പോയി ചോദ്യംചെയ്യുന്ന രീതി ആരംഭിച്ചു. കര്‍ണാടകത്തിലെ വനപ്രദേശത്തുനിന്ന് ഒരു സംഘം സിമി പ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് പിടിച്ചപ്പോള്‍ അവരുടെ മലയാളി ബന്ധങ്ങള്‍ അന്വേഷിച്ച് കേരള പൊലീസ് പ്രത്യേക താല്‍പ്പര്യമെടുത്ത് അവിടെ പോയി. ആ നടപടിയിലൂടെ ബംഗളൂരുവിലെ മലയാളി ബന്ധങ്ങളെപ്പറ്റി മനസ്സിലാക്കാനും അത് പ്രത്യേകം ശ്രദ്ധിക്കാനും കഴിഞ്ഞു.

ആ ഉമ്മ മാതൃക

തീവ്രവാദ ചിന്താഗതിയെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിവിധതരം ശക്തികേന്ദ്രങ്ങളുണ്ടായിട്ടും മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്നതുപോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇത് ഇക്കാര്യത്തില്‍ നാം കാണിക്കുന്ന ഭരണപരവും സാമൂഹ്യപരവും രാഷ്ട്രീയവുമായ ജാഗ്രതമൂലമാണ്. ചെറിയ ചെറിയ സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍പ്പോലും വിശദമായ അന്വേഷണങ്ങള്‍ നടത്തുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന കാര്യങ്ങളില്‍പ്പോലും അവിടെ പോയി അന്വേഷിച്ച് നമ്മുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ എന്തെന്ന് മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, ഇന്തോറില്‍ സിമിയുടെ പ്രസിഡന്റടക്കമുള്ള ആളുകള്‍ അറസ്റ്റിലായപ്പോള്‍ ആ സംഘത്തില്‍ ഒരു മലയാളിയുണ്ടെന്നറിഞ്ഞ് മണിക്കൂറുകള്‍ക്കകം കേരളാ പൊലീസ് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥന്‍ ഇന്തോറിലെത്തി ചോദ്യംചെയ്തു. അങ്ങനെയാണ് വാഗമണില്‍ കുറെ മറുനാടന്‍ മലയാളികളടക്കമുള്ള സംഘം അഡ്വെഞ്ചര്‍ ടൂറിസ്റ്റുകള്‍ എന്ന വ്യാജേന വന്നു എന്നും അവര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയതാണെന്നും ചില സൂചനകള്‍ ലഭിച്ചത്. കേരളത്തിലെ ചില ഉദ്യോഗസ്ഥര്‍ രണ്ടു മാസത്തോളം തീക്ഷ്ണമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് അവര്‍ വന്നു താമസിച്ച സ്ഥലം കണ്ടുപിടിച്ചതും കേസെടുത്തതും. അപൂര്‍ണമായ വിവരങ്ങളേ ഉണ്ടായിരുന്നുള്ളു എങ്കിലും തക്ക സമയത്ത് ഇടപെട്ടതും കേസെടുത്തതും കേരളാ പൊലീസാണ്. വാഗമണില്‍ ഇത്തരമൊരു ക്യാമ്പ് നടന്നു എന്നത് ആദ്യമായി കണ്ടുപിടിച്ചത് ഗുജറാത്ത് പോലീസ് അല്ല എന്നതാണ് വസ്തുത. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണ്. അന്യസംസ്ഥാനങ്ങളുടെ ക്രമസമാധാന പരിപാലനത്തിലോ വിവര ശേഖരണ ഇടപാടുകളിലോ കടന്നുകയറ്റം നടത്താന്‍ കേരളാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരമില്ല. എന്നിരുന്നാലും നമ്മുടെ പൊലീസ് ഉദ്യോഗസ്ഥര്‍ അനൌദ്യോഗിക രീതിയില്‍ മറ്റു സംസ്ഥാന ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെടുന്നതിനെ ആഭ്യന്തര സുരക്ഷാ സംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷമായി പ്രോത്സാഹിപ്പിച്ചുവരുന്നു. ഇങ്ങനെ കിട്ടിയിട്ടുള്ള വിവരങ്ങള്‍ ഇവിടെ ഭീകരാക്രമണങ്ങള്‍ തടയുന്നതിലും മറുനാട്ടില്‍ സ്ഥിരതാമസമാക്കിയ ചില മലയാളികളില്‍ അപൂര്‍വം ചിലര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുന്നതിനും നമ്മെ സഹായിച്ചിട്ടുണ്ട്. കേരളത്തിനു വെളിയില്‍ വിദേശത്തും ഇന്ത്യയിലുമായി 60 ലക്ഷത്തോളം മലയാളികള്‍ ഉണ്ട്. ഇവര്‍ കേരളത്തിന് വെളിയില്‍ എന്തു ചെയ്യുകയാണ് എന്ന് നിരീക്ഷിക്കാന്‍ ഒരു സംവിധാനവും നിലവിലില്ല. പ്രതിദിനം മുപ്പതിനായിരത്തിലധികം മറുനാടന്‍ മലയാളികള്‍ കേരളത്തില്‍ വരുകയോ പോകുകയോ ചെയ്യുന്നുണ്ട്. ഇവരെയെല്ലാം നിരീക്ഷണത്തില്‍ വയ്ക്കുന്നത് ആശാസ്യമോ പ്രായോഗികമോ അനുകരണീയമോ അല്ല. ഇവരെക്കൂടാതെ പ്രതിദിനം ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ഈ ആള്‍ബാഹുല്യം മുതലെടുത്ത് നാലോ അഞ്ചോ പേര്‍ പ്രത്യക്ഷത്തില്‍ ഇവിടെ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും ചെയ്യാതെ സഞ്ചരിച്ചാല്‍ കണ്ടുപിടിക്കുന്നത് വളരെ വിഷമകരമാണ്. അങ്ങനെ ചിലര്‍ ഇവിടെ വന്നുപോകുന്നു എന്നതുകൊണ്ട് കേരളത്തെ ഒരു തീവ്രവാദിമേഖല എന്നു പറയുന്നത് അതിശയോക്തിപരമാണ്. കേരളത്തില്‍ വരുന്നവരെയെല്ലാം നാം സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതും പ്രായോഗികമല്ല. അന്തര്‍ സംസ്ഥാന സ്വഭാവമുള്ള പ്രശ്നങ്ങളില്‍ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും യോജിച്ചുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. വേറൊരു സംസ്ഥാനത്തോ രാജ്യത്തോ ക്രിമിനല്‍പ്രവര്‍ത്തനം നടത്തുന്ന ആള്‍ ആ സംസ്ഥാനം വിട്ടുപോയാല്‍ അക്കാര്യം മറ്റു സംസ്ഥാനങ്ങളെ അറിയിക്കണം എന്നതാണ് കീഴ്വഴക്കം. ഈ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു. മതപഠനത്തിന് കേരളത്തിനു വെളിയില്‍ പോകുന്നത് പ്രഥമദൃഷ്ട്യാ കുറ്റകരമല്ല. വിവിധ മതവിഭാഗത്തില്‍പ്പെട്ട നിരവധി ആളുകള്‍ അങ്ങനെ പോകുന്നുണ്ട്. അവരെയെല്ലാം സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത് വര്‍ഗീയവിദ്വേഷത്തിന് വഴിതെളിക്കും. കേരളത്തിന് വെളിയിലുള്ള മതബോധന സ്ഥാപനങ്ങള്‍ മതപഠനത്തിനു വരുന്നവരെ തീവ്രവാദത്തിലേക്ക് നയിക്കുന്നു എങ്കില്‍ അക്കാര്യത്തില്‍ ബന്ധപ്പെട്ടŸസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതാണ്. അവിടെ നടക്കുന്ന അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് ശരിയല്ല. കശ്മീരിലെ തീവ്രവാദ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടŸ മലയാളികളെപ്പറ്റി കശ്മീരില്‍നിന്ന് നമുക്ക് ലഭിച്ചത് ഒരു വ്യാജ ഐഡന്റിറ്റി കാര്‍ഡ് മാത്രമാണ്. കശ്മീരില്‍നിന്ന് ഒരു ഉദ്യോഗസ്ഥനും ഇങ്ങോട്ടു വന്നില്ല. വിശദമായ ഒരു വിവരവും അവിടെനിന്ന് ലഭിച്ചില്ല. ഇക്കാര്യത്തില്‍ ഒക്ടോബര്‍ അഞ്ചിനും 21നും ഇടയില്‍ കേരളത്തില്‍ വിശദമായ അന്വേഷണം നടത്തി മരിച്ചവര്‍ ആരാണെന്ന് സമര്‍ഥമായ നടപടികളിലൂടെ കണ്ടുപിടിച്ചത് കേരളാ പൊലീസാണ്. ഹൈദരാബാദില്‍വച്ചാണ് അവരുടെ സ്വന്തം വീട്ടുകാര്‍പോലും അറിയാതെ അവരെ കശ്മീരിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നും അറിയുന്നു. ഇതിനെ സംബന്ധിച്ചെല്ലാം വിശദവും കാര്യമാത്രവും രാഷ്ട്രീയ പരിഗണനയ്ക്ക് അതീതവുമായ അന്വേഷണം നടന്നു വരികയാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും പേരില്‍ നിയമനടപടി സ്വീകരിക്കുന്നത്. രണ്ടു കാര്യങ്ങളില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഒന്ന്: തീവ്രവാദത്തിന്റെ വേരുകള്‍ വിശദമായ അന്വേഷണം നടത്തി കണ്ടെത്തി ഉന്മൂലനംചെയ്യണം. രണ്ട്: അതേസമയം തീവ്രവാദി വിരുദ്ധ നടപടികള്‍ സമൂഹത്തില്‍ ഏതെങ്കിലും വിഭാഗത്തിന്റെ ഒറ്റപ്പെടലിനും അന്യവല്‍ക്കരണത്തിനും സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വളരുന്നതിനും കാരണമാകരുത്. സമുദായങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദം നിലനിര്‍ത്തി എല്ലാവരുടെയും സഹകരണത്തോടുകൂടി തീവ്രവാദത്തിന്റെ വേരറുക്കുക എന്ന നിശ്ചയദാര്‍ഢ്യമുള്ള സമീപനമാണ് സര്‍ക്കാരിന്റേത്.'തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു കൊലചെയ്യപ്പെട്ടŸ തന്റെ സ്വന്തം മകന്റെ മയ്യത്തു എനിക്കു കാണേണ്ടതില്ല' എന്നു ധീരമായി പ്രഖ്യാപിച്ച ഉമ്മമാരുടെ നാടാണ് കേരളം. മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളെ അതതു മതവിഭാഗത്തിലെതന്നെ മഹാഭൂരിപക്ഷത്തെ അണിനിരത്തി ഒറ്റപ്പെടുത്താന്‍ കേരളത്തിനു കഴിയും. ഒരു മതത്തിന്റെ പേരിലും ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ല.

Sunday, November 2, 2008

'ചെങ്ങറ സമരം സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍'

'ചെങ്ങറ സമരം സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍'

സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് ചെങ്ങറയടക്കമുള്ള ഭൂസമരങ്ങള്‍ക്ക് പിന്നിലെന്ന് കോവില്‍മല അരിയാന്‍ രാജാവ് പറഞ്ഞു. ഭൂമിക്കുവേണ്ടിയുള്ള നക്സല്‍ സമര മാര്‍ഗങ്ങള്‍ ആദിവാസികളെ രക്ഷിക്കാനുള്ളതല്ലെന്നും കാഞ്ചിയാര്‍ കോവില്‍മലയിലെ കൊട്ടാരത്തില്‍ ദേശാഭിമാനിയോട് സംസാരിക്കവെ രാജമന്നാന്‍ പറഞ്ഞു. ആദിവാസികളായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ കൈയേറ്റ സമരങ്ങള്‍ക്കു പിന്നില്‍ അണിനിരത്തുന്നതില്‍ ഗൂഡലക്ഷ്യമുണ്ട്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം സ്വീകരിച്ച് ചെങ്ങറസമരം അവസാനിപ്പിക്കണമെന്നും ദക്ഷിണേന്ത്യയിലെ ഏക ആദിവാസിരാജാവുകൂടിയായ രാജമന്നാന്‍ പറഞ്ഞു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന പദ്ധതികള്‍ ഏറെ ആശ്വസകരമാണ്. ആദിവാസികളെ സാക്ഷരരാക്കിയതും അവകാശബോധമുള്ളവരാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്ന കാര്യം പലരും മറക്കുന്നു. മണ്ണിലധ്വാനിക്കുന്നവരെ മണ്ണിന്റെ അവകാശികളാക്കിയ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനുപിന്നില്‍ ആദിവാസികള്‍ അണിനിരക്കുന്നതില്‍ ആരും വിഷമിക്കേണ്ടതില്ല. വിഷമംതോന്നുന്നവര്‍ ആദിവാസികളുടെ ശത്രുക്കളാണ്. നക്സല്‍ മോഡല്‍ സമരങ്ങളെ നേരത്തെ മുതല്‍ തള്ളിപ്പറഞ്ഞവരാണ് ഞങ്ങള്‍. സി കെ ജാനുവും ളാഹ ഗോപാലനും ഞങ്ങളുടെ പിന്തുണതേടിയിരുന്നു. ആദിവാസികളെ കൈയേറ്റത്തിനു കിട്ടില്ലെന്നുറപ്പായപ്പോഴാണ് മറ്റുള്ളവരെ കൂട്ടി തോട്ടം കൈയേറിയത്. രണ്ടും മൂന്നും വീടുള്ളവരും മോഷ്ടാക്കളുമാണ് ചെങ്ങറ സമരസ്ഥലത്ത് പാര്‍ക്കുന്നത്. ചില ദളിത് മതവിഭാഗങ്ങളുടെ ഗൂഡലക്ഷ്യങ്ങളാണ് സമരത്തിനു പിന്നില്‍- മന്നാന്‍ ആരോപിച്ചു. കേരളത്തില്‍ ആദിവാസികള്‍ ഇന്നത്തെ നിലയില്‍ ഉയര്‍ന്നത് നിരവധി ത്യാഗം സഹിച്ചാണ്്. വിദ്യാഭ്യാസത്തിലും ജീവിതരീതിയിലും ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്. ആദിവാസികള്‍ക്ക് വീടുനിര്‍മാണത്തിനും മറ്റാവശ്യങ്ങള്‍ക്കും അനുവദിക്കുന്ന തുക വര്‍ധിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് ഇനിയും പദ്ധതി വേണം. ആനുകൂല്യങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് തടയാന്‍ കര്‍ശന നടപടി വേണം- രാജാവ് പറഞ്ഞു. രാജാവിനൊപ്പം ഇളയരാജാവ് ചക്കന്‍ബാലന്‍, മന്ത്രി രാജപ്പന്‍, കുടിയാക്കന്‍മാരായ അരിയാന്‍മണി, വി ആര്‍ രാജഗോപാലന്‍ എന്നിവരും ഉണ്ടായിരുന്നു.