Thursday, November 5, 2009

L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ

L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ






കണ്ണൂരിന്റെ വികസന സ്വപ്നങള്‍ സാക്ഷാല്‍കരിക്കാനും കേരളത്തിന്റെ അഭിമാനം സം‌രക്ഷിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. കള്ളപ്രചരണങള്‍ അഴിച്ചുവിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ ആജ്ഞാവര്‍ത്തിയാക്കിയും കോണ്‍ഗ്രസ്സ് കണ്ണൂരിനേയും കേരളത്തേയും ആകെ അപമാനിക്കുകയാണ്.നാടിനെ അപമാനിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് നേത്രത്വത്തിന്ന് കനത്ത തിരിച്ചടികൊടുക്കെണ്ടത് പ്രബുദ്ധരായ വോട്ടര്‍മാരുടെ‍ കടമയും കര്‍ത്തവ്യവുമാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് കള്ള പ്രചരണങളില്‍ കുടുങി യു.ഡി.എഫിനൊപ്പം നിന്ന പലരും ഇപ്പോള് പശ്ചാത്തപിക്കുകയാണ് .അവരെല്ലാം ഇന്ന് എല്‍ ഡി എഫിന്റെ വിജയത്തിന്നുവേണ്ടി രം‌ഗത്ത് ഇറങിയിരിക്കുകയാണ്

.





Saturday, September 26, 2009

അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .



അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .



വിപ്ളവകാരികള്‍ക്കെന്നും ആവേശവും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഉള്‍ക്കിടിലവുമായ അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്നാണ്സാമ്രാജ്യത്വ കോളനിവാഴ്ചക്കെതിരെ പടപൊരുതി ജീവത്യാഗം ചെയ്യേണ്ടിവന്ന രക്തസാക്ഷികളുടെ പട്ടികയില്‍ ഭഗത്സിങിന്റെ പേര് എന്നും മുന്‍നിരയിലാണ്. അഹിംസാവാദിയായ മഹാത്മാഗാന്ധി വിപ്ളവകാരികളെ 'ഭീകരവാദികള്‍' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഭഗത്സിങിനെക്കുറിച്ച് പറഞ്ഞത് ഇതായിരുന്നില്ല. 'ഭഗത്സിങിന്റെ ദേശഭക്തി, ധീരത, ഭാരതീയജനതയോടുള്ള അഗാധമായ സ്നേഹം ഇവയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഇത്രമേല്‍ കാവ്യാത്മകമൊ കാല്പനികമൊ ആയ ജീവിതം ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടായിരുന്നില്ല' എന്നാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞതാകട്ടെ "രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ സ്വാധീനം ചെലുത്തിയ വിപ്ളവ ചൈതന്യമായിരുന്നു ഭഗത്സിങ്: ആ ചൈതന്യം അജയ്യമായിരുന്നു, ഇതില്‍നിന്നും ജ്വലിക്കുന്ന അഗ്നിനാളം ഒരിക്കലും കെട്ടടങ്ങുകയില്ല' എന്നാണ്. വിപ്ളവകാരികളെ എന്നും നിന്ദിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരന്‍ പട്ടാഭി സീതാരാമയ്യക്കു പോലും പറയേണ്ടിവന്നത് (1931 ലെ കറാച്ചി സമ്മേളനത്തില്‍) 'ഭഗത്സിങിന്റെ നാമധേയം ഗാന്ധിജിയിലുള്ളതുപോലെതന്നെ ഇന്ത്യയിലൊട്ടാകെ പ്രശസ്തമായിരുന്നു' എന്നാണ്. 'ഭഗത്സിങിന്റെ ധീരതയും ആത്മാര്‍പ്പണവും ഇന്ത്യന്‍ യുവാക്കള്‍ക്ക് എന്നും പ്രചോദനമരുളും' എന്ന് പണ്ഡിറ്റ് നെഹ്റുവും ഉല്‍ഘോഷിക്കുകയുണ്ടായി.ഇത്രയും ഉദ്ധരിച്ചത് ഭഗത്സിങ് ഒരു ഭീകരവാദിയായിരുന്നില്ലെന്നും, മറിച്ച് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തെ ലക്ഷ്യബോധവും സംഘടിത സ്വഭാവവുമുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുകയെന്ന കാലഘട്ടത്തിന്റെ അര്‍പ്പിത ദൌത്യം നിര്‍വഹിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും സാക്ഷ്യപ്പെടുത്താനാണ്.ഇന്ത്യന്‍ ചക്രവാളത്തില്‍ ഒരു മിന്നല്‍പ്പിണര്‍പോലെ ഉദിച്ചസ്തമിക്കുകയായിരുന്നു ഭഗത്സിങ് എന്ന വിപ്ളവജ്യോതി. യൌവനത്തിന്റെ തുടിപ്പില്‍ 24 -ാം വയസ്സിലാണ് രക്തസാക്ഷിത്വം വരിച്ചത്. രാഷ്ട്രീയ ജീവിതത്തിന് അഞ്ച് വര്‍ഷക്കാലം മാത്രം ആയുസ്. അതിനിടയില്‍ രണ്ടുവര്‍ഷവും ഒളിവില്‍. ഹ്രസ്വമായ ഈ കാലയളവിലാണ് ലോകവിപ്ളവ പ്രസ്ഥാനത്തിനു തന്നെ ആവേശമായും ഒരു യുഗത്തിന്റെ വഴികാട്ടിയായും ഭഗത്സിങ് കത്തിജ്വലിച്ചത്.ഭഗത്സിങിന്റെ കുടുംബം തന്നെ വിപ്ളവവീര്യത്തിന്റെ ഊര്‍ജസ്രോതസ്സായിരുന്നു. മുത്തച്ഛന്‍ കടുത്ത സാമ്രാജ്യത്വ വിരോധിയും സാമൂഹ്യപരിഷ്കര്‍ത്താവും പഞ്ചാബ് കേസരി ലാലാ ലജ്പത്റായിയുടെ സഹപ്രവര്‍ത്തകനുമായ അര്‍ജുന്‍സിങ്. അച്ഛന്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിലെ നായകത്വം വഹിച്ച് നിരവധിതവണ കാരാഗൃഹത്തിലടക്കപ്പെട്ട കിഷന്‍സിങ്. ഇളയച്ഛന്‍ അജിത്സിങ് ജന്മനാടിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആജീവനാന്തം നാട് കടത്തപ്പെട്ടയാള്‍. മറ്റൊരിളയച്ഛന്‍ സ്വരന്‍സിങ് ബ്രിട്ടീഷ് തടവറയില്‍ കൊടിയ മര്‍ദനത്തിനു വിധേയനായി 23 -ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വിപ്ളവകാരി. പിറന്നു വീഴുമ്പോള്‍തന്നെ കണ്ണും കാതും എതിരേറ്റത് സാമ്രാജ്യത്വ വിരുദ്ധതയുടെ ശബ്ദവും വെളിച്ചവുമായിരുന്നു. തന്റെ കുടുംബത്തോടും ഇന്ത്യന്‍ ജനതയോടു ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തുന്ന കൊടുക്രൂരതയോടും സമൂഹത്തിലെ പാരമ്പര്യ വിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളോടുമുള്ള എതിര്‍പ്പും പകയുമാണ് ബാലനായ ഭഗത്തിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് മാറ്റ് കൂട്ടിയത്.വിപ്ളവാഗ്നിയുടെ കനല്‍കോരി ജ്വലിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ഭഗത്സിങ് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേവലം 18 വയസ്സു മാത്രം പ്രായമായ കര്‍ത്താര്‍സിങ് സാരാഭായിയുടെ രക്തസാക്ഷിത്വമായിരുന്നു. ഒന്നാം ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതിയാക്കിയാണ് ഭരണകൂടം ഈ ബാലനെ തൂക്കിലേറ്റിയത്. വധശിക്ഷക്കു വിധിച്ച ന്യായാധിപന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു: 'ഇവന്‍ ഒരിളം പൈതലാണെങ്കിലും കുറ്റവാളികളില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ്. ആകയാല്‍ ഇവനോട് തെല്ലും ദാക്ഷിണ്യമില്ല'. ന്യായാധിപന്റെ മുഖത്തുനോക്കി ആ കൊച്ചു വിപ്ളവകാരി പറഞ്ഞു: 'നിങ്ങളുടെ അടിമയായി കഴിയുന്നതിനെക്കാള്‍ അഭികാമ്യം എനിക്കീ കൊലക്കയറില്‍ ജീവന്‍ വെടിയുന്നതാണ്. എനിക്കൊരു പുനര്‍ജനി സാധ്യമാകുമെന്നു സങ്കല്‍പ്പിച്ചാല്‍ ഇനിയും അടര്‍ക്കളത്തിലിറങ്ങും'.കര്‍ത്താറിന്റെ ഈ വാക്കുകള്‍ ഭഗത്സിങിന്റെ ബാല മനസ്സില്‍ ശിലാഫലകം പോലെ കൊത്തിവെക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായി കര്‍ത്താറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഭഗത്സിങ് തന്നെ ഇങ്ങനെ പറഞ്ഞു: 'കൊടുങ്കാറ്റില്‍ നിന്ന് കൊളുത്തിയ അഗ്നിപര്‍വതം കണക്കെ ജ്വലിച്ച ആ സംഭവം, സ്വപ്നം കാണുന്ന എന്റെ മനസ്സിലെ സമര ഖഡ്ഗത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു' എന്നാണ്.ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഭഗത്തിനു 12 വയസ്സ്. ലാഹോറിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് ക്ളാസ് മുറിയില്‍വെച്ച്, ലോകത്തെ ഞെട്ടിച്ച സാമ്രാജ്യത്വ കൂട്ടക്കൊലയുടെ വിവരം കാതില്‍ തുളച്ചുകയറിയത്. ഭഗത്സിങിന്റെ മനസ്സ് രോഷവും സങ്കടവും കൊണ്ട് വിജൃംഭിതമായി. രണ്ട് മുന്നുദിവസം ക്ളാസില്‍ പോകാനേ കഴിഞ്ഞില്ല. പിന്നീട് ഏകാന്ത പഥികനായി ആ സമര ഭൂവിലേക്ക് നടന്നുപോയി. രക്തപ്പുഴയൊഴുകി ചുവന്നുതുടുത്ത ആ മണ്ണില്‍ നിന്നും ഒരുപിടി എടുത്ത് സ്ഫടിക കുപ്പിയില്‍ നിറച്ചു. പിന്നെ കണ്ണടച്ച് ഇപ്രകാരം പ്രതിജ്ഞയെടുത്തു.'മാതൃഭൂമിക്കായി ബലിയര്‍പ്പിച്ച നിങ്ങളുടെ മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഉശിരോടെ ഞാന്‍ ശ്രമിക്കും. ലക്ഷ്യം നേടാനായില്ലെങ്കില്‍ എന്റെ ജീവനും സസന്തോഷം ബലിയര്‍പ്പിക്കും'.പഠനത്തോടൊപ്പം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ആ ബാലന്‍ ആകൃഷ്ടനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് തീരെ പ്രതിപത്തി തോന്നിയില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഇന്ത്യയിലാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച നിസ്സഹകരണ സമരം മഹാത്മജി പൊടുന്നനെ ഉപേക്ഷിച്ചതുതന്നെ. 1922 ഫെബ്രുവരി 5 -ലെ ചൌരി ചൌരാ സംഭവം ഇതിനൊരു നിമിത്തമായി എടുത്താണ് സമരാഗ്നിയില്‍ മഹാത്മജി വെള്ളമൊഴിച്ചതെന്നും, ഗാന്ധിയന്‍ മുറ ഇന്ത്യയുടെ മോചനത്തിന് അഭികാമ്യമല്ലെന്നും ഭഗത്സിങ് ഉറച്ചുവിശ്വസിച്ചു. ഒപ്പം റഷ്യയിലെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ അലയും, മാര്‍ക്സിസം ലെനിനിസത്തിന്റെ ബാലപാഠവും ഭഗത്സിങിനെ വിപ്ളവ പാതയിലേക്ക് നയിച്ചു.ഈ സന്ദേശമാണ് ഭഗത്സിങിനെയും സഖാക്കളെയും ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ അസോസിയേഷന്‍ "ഹ്ര'' (ഒഞഅ) എന്ന വിപ്ളവ സംഘടനക്ക് ജന്മം നല്‍കാനും, വടക്കെ ഇന്ത്യയിലാകെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനും സഹായിച്ചത്. 'ഹ്ര'യുടെ വ്യാപനം പൊതുവെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ വിരക്തിപൂണ്ട ഇന്ത്യന്‍ യുവത്വത്തെ ഹഠാദാകര്‍ഷിച്ചു. ഭഗത്സിങിന്റെ തീക്ഷ്ണമായ ബുദ്ധിശക്തിയും പാണ്ഡിത്വവും, തന്റേടവും, ആത്മാര്‍ഥതയും, വിവിധ ഭാഷാ പണ്ഡിത്യവും, പ്രകാശിതമായ കര്‍മൌത്സുക്യവും, സാഹിത്യ രചനയിലെ നൈപുണ്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന വിപ്ളവകാരികളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞിരുന്നു.'ഹ്ര'യുടെ പ്രവര്‍ത്തനത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു 'കക്കോരി ഗൂഢാലോചന കേസ്'. കോണ്‍പൂര്‍ ആസ്ഥാനമാക്കി റാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒരു വിപ്ളവ ഗ്രൂപ്പ്, തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ധനം കണ്ടെത്താന്‍, തീവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന സര്‍ക്കാര്‍ പണപ്പെട്ടി കൊള്ളയടിച്ച സംഭവമാണ് 'കക്കോരി ഗൂഢാലോചന' കേസ്. ഈ കേസിന്റെ മറവില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്, 'ഹ്ര' യെ തകര്‍ക്കുക കൂടിയായിരുന്ന സാമ്രാജ്യത്വ ലക്ഷ്യം. ബിസ്മിലി നും നാല് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കുകയും 'ഹ്ര'യുടെ നിരവധി നേതാക്കള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ സംഘടനക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഒളിവില്‍നിന്നുകൊണ്ട് ഭഗത്സിങ് നിരോധിക്കപ്പെട്ട 'ഹ്ര'ക്കു പകരം 'നൌജവാന്‍ ഭാരത് സഭ'യെന്ന പുതിയ സംഘടനക്ക് ജന്മം നല്‍കി. മതസൌഹാര്‍ദം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്തിനു രാഷ്ട്രീയ സ്വാതന്ത്യ്രത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം കൂടി കൈവരണമെന്നും, തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടാവണമെന്നും സഭയുടെ പരിപാടിയില്‍ നിര്‍ദേശിച്ചു. റാകിഷന്‍ പ്രസിഡന്റും ഭഗത്സിങ് സെക്രട്ടറിയുമായ സഭ വിവിധ സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമായി വളര്‍ന്നു.എന്നാല്‍ ഭഗത്സിങിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷം ജയിലിലടച്ചു. ജയിലില്‍വെച്ചും പോരാട്ടം തുടരുകയായിരുന്നു ആ വിപ്ളവകാരി. 80 ദിവസം നീണ്ടുനിന്ന നിരാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഭഗത്സിങിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയാകെ മുറവിളികൂട്ടി. ഒടുവില്‍ ദേശീയ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.രണ്ട് വര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം ജയില്‍ മോചിതനായ ഭഗത് വര്‍ധിതവീര്യത്തോടെ കര്‍മരംഗത്തിറങ്ങി. മന്ദീഭവിച്ച 'ഹ്ര'യെ പുനഃസംഘടിപ്പിക്കാന്‍ 1929 സെപ്തംബര്‍ 8,9 തീയതികളില്‍ കോണ്‍പൂരില്‍ സമ്മേളിച്ചു. ഭഗത്സിങ്, രാജഗുരു, സുഖദേവ്, യശ്പാല്‍, ഭഗവതീചരന്‍ വോറ, സുശീലാദേവി തുടങ്ങി 60 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് എന്ന പുതിയ സംഘടനക്ക് രൂപം കൊടുത്തു. 'ഹസ്ര' (ഒൃമ) വിപ്ളവപ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരോധിക്കപ്പെട്ട ഹസ്രയുടെ പ്രവര്‍ത്തകര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു.ഭഗത്സിങിന്റെയും സഖാക്കളുടെയും ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു കോണ്‍ഗ്രസ് നേതാവായ ലാലാ ലജ്പത് റായിയുടെ കൊലപാതകം. ഇന്ത്യയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ഭരണ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന്‍ നിയോഗിച്ച സൈമണ്‍ കമീഷനെ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കമീഷന്‍ എത്തുന്നേടത്തെല്ലാം 'ഗോ ബേക്ക്' വിളിച്ച് മടക്കി അയക്കുകയായിരുന്നു സമരമുറ. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ കമീഷനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വന്ദ്യവയോധികനായ ലാലാജിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദിച്ചത്. ഭഗത്സിങടക്കം പ്രതിരോധനിര സൃഷ്ടിച്ചെങ്കിലും ലാലാജി മര്‍ദനത്തിനു വിധേയനായി നവംബര്‍ 17 ന് അന്ത്യശ്വാസം വലിച്ചു. ഭാരതത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിനു പ്രതികാരം ചെയ്യാന്‍ 'രക്തത്തിനു പകരം രക്തം' എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്താന്‍ ഭഗത്സിങും സഖാക്കളും പദ്ധതിയിട്ടു. ദിവസങ്ങള്‍ക്കകം സാന്റേഴ്സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രതികാരാഗ്നി അടക്കിയത്. ഭഗത് ഒരു കൊലക്കേസില്‍ കൂടി പ്രതിയായി.നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ നിര്‍ജീവമായ കോണ്‍ഗ്രസ് ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. മറുഭാഗത്ത്'ഹസ്ര'യുടെ കൊടിക്കീഴില്‍ വിപ്ളവപ്രസ്ഥാനവും ശക്തിപ്പെട്ടു. ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ നിയമം കൊണ്ടുവന്നു. പൊതുരക്ഷാബില്‍, പത്രനിയന്ത്രണ ബില്‍, തൊഴില്‍ തര്‍ക്കബില്‍ എന്നിവയായിരുന്നു അത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഹസ്ര തീരുമാനിച്ചു. നിയമനിര്‍മാണ സഭയില്‍ ബോംബെറിഞ്ഞ് പ്രതിഷേധിക്കുകയും ആവശ്യങ്ങളടങ്ങിയ ലഘുലേഖ രക്തലിപികളാല്‍ എഴുതി വിതരണം ചെയ്യുകയും രക്ഷപ്പെടാതെ അറസ്റ്റ് വരിക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത് ദൌത്യത്തിന്റെ ചുമതല ധീരന്മാരായ ഭഗത്സിങിനെയും ബടുകേശ്വര്‍ ഭത്തിനെയും ഏല്‍പ്പിച്ചു.1929 ഏപ്രില്‍ 8 ന് നിയമനിര്‍മാണ സഭ ചേരുമ്പോഴേക്കും ഏറെ സാഹസികമായ പ്രവര്‍ത്തനത്തിലൂടെ ബോംബും ലഘുലേഖയുമായി സമ്മേളന ഗാലറിയില്‍ ഹാജരായി. മോത്തിലാല്‍ നെഹ്റുവിന്റെ പാസാണ് സംഘടിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം സഭാധ്യക്ഷനായ വിക്തല്‍ ഭായ് പട്ടേല്‍ പുറപ്പെടുവിക്കുന്ന മാത്രയില്‍ വിജനമായ തറയിലേക്ക് ഭഗത്സിങ് ബോംബ് വലിച്ചെറിഞ്ഞു. വന്‍ സ്ഫോടനത്തില്‍ സഭാംഗങ്ങള്‍ ഞെട്ടിവിറച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്' വിളികള്‍കൊണ്ട് ഹാള്‍ മുഖരിതമായി. പുകപടലംകൊണ്ട് പരിസരം മൂടപ്പെട്ടു. ആത്മരക്ഷാര്‍ഥം പലരും പലവഴിക്ക് കുതിച്ചു.നിര്‍ഭയരായി, തങ്ങളെ ഏല്പിച്ച ദൌത്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ രണ്ട് വിപ്ളവകാരികളും സഭാതലത്തില്‍തന്നെ ഇരിപ്പുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ഭയപ്പാടോടെ അറച്ചറച്ച് കടന്നുവന്ന സുരക്ഷാ ഭടന്മാര്‍ക്കു മുമ്പില്‍ കരങ്ങള്‍ നീട്ടി സുസ്മേരവദനരായി അറസ്റ്റ് വരിച്ചു. വാര്‍ത്ത ബ്രിട്ടീഷ് കൊട്ടാരത്തെ ഞെട്ടിച്ചു. രാജ്യമാകെ ഭഗത്സിങിന്റെ ധീരനടപടി ചര്‍ച്ചാവിഷയമായി.1929 നാണ് ബോംബ് കേസ് വിചാരണ ആരംഭിച്ചത്. ആസഫലിയും ഭാര്യ അരുണാ ആസഫലിയുമാണ് ഭഗത്സിങിനുവേണ്ടി കേസ് വാദിച്ചത്. കോടതിയില്‍ എത്തുമ്പോഴെല്ലാം സഖാക്കള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണകൂടത്തിന്റെ ഓരോ വാദങ്ങളെയും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്യ്രേഛയുടെയും ആത്മാവിഷ്കാരത്തിന്റെയും ഭാഷയില്‍ പ്രതിരോധിച്ചു. തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച പ്രസ്താവനകള്‍ വായിച്ചു. ഇന്ത്യന്‍ വിപ്ളവ ചരിത്രത്തിലെ അമൂല്യ രേഖയാണ് ഈ പ്രസ്താവനകള്‍.ജയിലിനകത്തും വിപ്ളവകാരികള്‍ പ്രക്ഷോഭമാരംഭിച്ചു. നിരാഹാര സമരം, രക്തസാക്ഷി ദിനാചരണം, ലെനില്‍ ചരമദിനാചരണം തുടങ്ങിയവ ഇതില്‍ പ്രധാനം. ലെനിന്‍ ദിനത്തില്‍ കോടതിയില്‍ ഹാജരായത് ചുവന്ന ടവല്‍ കഴുത്തില്‍ ചുറ്റിയും 'സോഷ്യലിസ്റ്റ് വിപ്ളവം നീണാള്‍ വാഴട്ടെ, ലെനിന്റെ നാമം അനശ്വരം, സാമ്രാജ്യത്വം തുലയട്ടെ' എന്ന മുദ്രാവാക്യം മുഴക്കിയുമാണ്.ഒടുവില്‍, പ്രതീക്ഷിച്ചതു പോലെതന്നെ ആ ധീരവിപ്ളവകാരികളെ വധശിക്ഷക്കു വിധിച്ചു. രാജ്യം ഇളകിമറിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ നിയമസഹായ സമിതി രൂപീകരിച്ചു. ഇതിനോട് പ്രതികരിച്ച് ഭഗത്സിങ് പറഞ്ഞു. 'ബ്രിട്ടീഷ് ഭരണത്തിന് ഞങ്ങളുടെ ജീവനാണ് ആവശ്യം, സമിതിക്ക് ലഭിച്ച പണംകൊണ്ട് തടവുകാര്‍ക്ക് പുസ്തകം വാങ്ങുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക'.മരണത്തിന്റെ നിമിഷങ്ങള്‍ അടുക്കുന്തോറും ഭഗത്സിങ് ഏറെ സന്തോഷവാനായിരുന്നു. ഭഗത്സിങിനെ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ച ജവാഹര്‍ലാല്‍ നെഹ്റു തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്. 'ആകര്‍ഷകവും പ്രജ്ഞാശക്തി ദ്യോതിപ്പിക്കുന്നതുമായ ആ മുഖം പ്രശാന്തവും സൌമ്യവുമായിരുന്നു. ക്രോധത്തിന്റെ ഒരു ലാഞ്ഛന പോലും അവിടെ നിഴലിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും മാന്യമായ നിലയിലായിരുന്നു.'തടവറയില്‍ കഴിയവെ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനയച്ച കത്തില്‍ ഭഗത്സിങ് ഇങ്ങനെ രേഖപ്പെടുത്തി. 'ഞാന്‍ സന്തോഷപൂര്‍വം കൊലമരത്തിലേറും. വിപ്ളവകാരികള്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു കാണിച്ചുകൊടുക്കും'.ശിക്ഷ നടപ്പാക്കുന്നതിനിടയിലെ ഏതാനും മാസത്തെ ഇടവേളകള്‍ ഭഗത്സിങ് പുസ്തകവായനയുടെ ലഹരിയിലായിരുന്നു. വായിച്ചും എഴുതിയും അവശേഷിച്ച ദിവസങ്ങള്‍ ഉല്ലാസപൂര്‍വം ചെലവഴിച്ചു. ഇതിനിടയില്‍ ജീവന്‍ ബലികഴിച്ചെങ്കിലും ജയിലില്‍നിന്നും മോചിപ്പിക്കാമെന്ന് വിപ്ളവകാരികളായ സുഹൃത്തുക്കള്‍ ഭഗത്തിനോട് കുറിപ്പുമുഖേന അറിയിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.... ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ സന്താനങ്ങളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു'.1931 മാര്‍ച്ച് 23 നാണ് ഭഗത്സിങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ളവകാരി ലെനിന്റെ ഭരണകൂടവും വിപ്ളവവുമെന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. ഏതാനും പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത്സിങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുതസ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കിവെച്ച് പുഞ്ചിരിതൂകി മജിസ്ട്രേട്ടിനോട് പറഞ്ഞു. 'മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീരപുത്രന്മാര്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍തന്നെ!'ഭഗത്സിങും സുഖദേവും രാജ്ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിക്കാന്‍ ആരാച്ചാരെ അനുവദിച്ചില്ല. സ്വയം കഴുത്തിലണിഞ്ഞ് ആവേശ ഭരിതരായി ഉച്ചൈസ്തരം ഉല്‍ഘോഷിച്ചു. "ഭാരത് മാതാകീ ജെയ്... ഇന്‍ക്വിലാബ് സിന്ദാബാദ്.'' ഭാരതം ഒന്നടങ്കം ഈ നിമിഷത്തില്‍ വിറങ്ങലിച്ചു നിന്നു.രക്തസാക്ഷികളുടെ ജഡത്തെപ്പോലും ബ്രിട്ടീഷ് ഭരണകൂടം നിന്ദിച്ചു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് പാതിവെന്ത മൃതദേഹം നദിയിലൊഴുക്കിയാണ് പ്രതികാരം തീര്‍ത്തത്. എന്നാല്‍ വിവരമറിഞ്ഞ ജനാവലി ഒന്നടങ്കം കുതിച്ചെത്തി നദിയില്‍നിന്നും ഭൌതിക ശരീരം വീണ്ടെടുത്ത് ഭക്ത്യാദരപൂര്‍വം സംസ്കരിച്ചു. വിപ്ളവകാരികളുടെ ഭൌതിക ശരീരത്തെ നശിപ്പിക്കാം. എന്നാല്‍ അവര്‍ ഉയര്‍ത്തിവിട്ട ആശയത്തിന്റെ പ്രസ രണത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശം ഭഗത്സിങ് ലോകത്തിന് നല്‍കുന്നു.കടപ്പട്.വിവിധ പുസ്തകങള്‍,ലേഖനങള്‍

Sunday, June 7, 2009

ഗവര്‍ണര്‍ എന്ന ചട്ടുകം

ഗവര്‍ണര്‍ എന്ന ചട്ടുകം

പ്രഭാവര്‍മ

സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയ്ക്കു വിലകല്‍പ്പിക്കാതെ ലാവ്ലിന്‍കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ജനാധിപത്യ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറ്റിയ ഗവമെന്റിനു മേലെയാണോ ഒരു ജനാധിപത്യ പ്രക്രിയയിലൂടെയുമല്ലാതെ നോമിനേറ്റുചെയ്യപ്പെട്ട ഗവര്‍ണര്‍ എന്നത് അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. സംസ്ഥാനത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയുടെ ശുപാര്‍ശയെ കേന്ദ്രഭരണകക്ഷിയാല്‍ നോമിനേറ്റു ചെയപ്പെട്ട ഒരു ഗവര്‍ണര്‍ക്കു കാറ്റില്‍ പറത്താമെന്നുവന്നാല്‍ ജനാധിപത്യത്തിന് എന്താണ് വില? ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കാവുന്ന മേഖലകള്‍ 1974ലെ ഷംഷേര്‍സിങ് കേസില്‍ സുപ്രീംകോടതി നിര്‍വഹിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനം അയുക്തികമോ ദുരുദ്ദേശ്യപരമോ തന്നിഷ്ടപ്രകാരമുള്ളതോ പക്ഷപാതപരമായതോ ആണെങ്കില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം എന്നാണതില്‍ പറയുന്നത്. മന്ത്രിസഭ സ്വന്തം ഇഷ്ടപ്രകാരം ഒരു പ്രക്രിയയിലൂടെയുമല്ലാതെ എടുത്ത തീരുമാനമാണെങ്കില്‍മാത്രമേ ആ തീരുമാനത്തെ ഇപ്പറഞ്ഞ ഏതെങ്കിലും വാക്കുകൊണ്ടു വിശേഷിപ്പിക്കാനാവൂ. മന്ത്രിസഭ ഇവിടെ ചെയ്തത് സ്വയം തീരുമാനിക്കലല്ല. ഭരണഘടനാസ്ഥാപനമായ അഡ്വക്കറ്റ് ജനറലിനു പ്രശ്നം റഫര്‍ ചെയ്യുകയും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം അംഗീകരിച്ചറിയിക്കുകയുമാണ്. നിയമസഭയിലും മന്ത്രിസഭയില്‍പോലും ചെന്നു നിയമകാര്യങ്ങള്‍ വിശദീകരിക്കാന്‍ അധികാരമുള്ള ഭരണഘടനാസ്ഥാനമാണ് അഡ്വക്കറ്റ് ജനറലിന്റേത്. അത്തരമൊരു സ്ഥാപനത്തിന്റെ ഉപദേശപ്രകാരം കൈക്കൊള്ളുന്ന നടപടി എങ്ങനെ തന്നിഷ്ടപ്രകാരമുള്ളതാവും? ദുരുദ്ദേശ്യപരമാവും? അയുക്തികമോ പക്ഷപാതപരമോ ആണെന്നു പറയാനാവും. നിയമ പ്രക്രിയയിലൂടെയാണ് മന്ത്രിസഭ തീരുമാനത്തിലെത്തിയത് എന്നതുകൊണ്ടുതന്നെ ഗവര്‍ണര്‍ക്കു മറിച്ചൊരു ഇടപെടല്‍ നടത്താന്‍ ഇടമില്ലാത്തതാണ്്. പ്രശ്നം അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തില്‍ ആസ്പദമായത് അല്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കുന്നതിന് ഇടമുണ്ട് എന്നു പറയാമായിരുന്നു. പക്ഷേ, ഇവിടെ അതല്ല സ്ഥിതി. അതുകൊണ്ടുതന്നെ, മന്ത്രിസഭാ തീരുമാനത്തെ പൊളിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലാത്തതാണ്. മന്ത്രിസഭാ തീരുമാനത്തെ പൊളിക്കാന്‍ വിധേയനാണ് എന്നതാണ് ഷംഷേര്‍ സിങ് കേസിലെ സുപ്രീംകോടതി വിധിയുടെ സാരം. ഇവിടെ ഗവര്‍ണര്‍ ആരുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിച്ചത് എന്നുകൂടി നോക്കേണ്ടതുണ്ട്. ഭരണഘടനാ സ്ഥാനമായ അഡ്വക്കറ്റ് ജനറലിന്റെയല്ല; തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെയല്ല. മറിച്ച് സിബിഐ എന്ന പൊലീസ് സംഘടനയുടെ ഉപദേശം. പൊലീസിന്റെ ഉപദേശത്തിന് ഭരണഘടനാസ്ഥാപനത്തിനും പരമോന്നത ജനാധിപത്യ സ്ഥാപനത്തിനും മേലെ പ്രാധാന്യം കല്‍പ്പിക്കുന്നത് നീതി നിര്‍വഹണത്തിന്റെയോ ജനാധിപത്യത്തിന്റെയോ താല്‍പ്പര്യത്തിലാവുമോ? ഇല്ല എന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. ഈ പ്രക്രിയയില്‍ മന്ത്രിസഭയുടെ ശുപാര്‍ശയെ മാത്രമല്ല, പരമോന്നത നീതിന്യായ പീഠമായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധിതീര്‍പ്പിനെക്കൂടിയാണ് ഗവര്‍ണര്‍ കാറ്റില്‍ പറത്തിയത്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിനു കീഴില്‍ പ്രസിഡന്റിനുള്ളതിനു സമാനമായ അധികാരങ്ങളാണ് തനിക്കുള്ളത് എന്നു ഗവര്‍ണര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവണം. ഇന്ത്യയിലുള്ളത് വാഷിങ്ട രീതിയല്ല, പ്രസിഡന്‍ഷ്യല്‍ രീതിയല്ല. മറിച്ച് വെസ്റ്റ് മിനിസ്റ്റര്‍ സമ്പ്രദായത്തെ മാതൃകയാക്കുന്ന പാര്‍ലമെന്ററി ജനാധിപത്യരീതിയാണ് എന്നും അത് പ്രസിഡന്റിനോ ഗവര്‍ണര്‍ക്കോ അമിതാധികാരങ്ങള്‍ നല്‍കുന്നില്ലെന്നും ഗവര്‍ണര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിന്റെ 19(1) വകുപ്പും ക്രിമിനല്‍ പ്രൊഡ്യൂസര്‍ കോഡിന്റെ 197-ാംവകുപ്പും പ്രോസിക്യൂഷന് അനുമതി വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഉത്തമവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ മുന്‍ നിര്‍ത്തി നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശല്യവ്യവഹാരങ്ങള്‍ കൊണ്ടു വലയ്ക്കുന്നതിനെ തടയാനാണ്. അത്തരം സ്ഥാനങ്ങളിലിരുന്നിട്ടുള്ളവര്‍ക്ക് നിയമം നല്‍കുന്ന പരിരക്ഷയാണത്. ആ പരിരക്ഷ ഇവിടെ നിഷേധിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നിഷേധിക്കപ്പെടുന്നത് ഭരണഘടനാപരമായ അവകാശംതന്നെയാണ്. ഇതു നിഷേധിക്കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചതെന്താവാം? അദ്ദേഹത്തിനുമേലുണ്ടായ നിരന്തരമായ രാഷ്ട്രീയസമ്മര്‍ദം എന്നതാണ് ആ ചോദ്യത്തിനുള്ള ഉത്തരം. ഗവര്‍ണറെക്കൊണ്ട് തങ്ങളുടെ നിലപാട് അംഗീകരിപ്പിക്കാനുള്ള രാഷ്ട്രീയസമ്മര്‍ദതന്ത്രങ്ങളാണ് യുഡിഎഫ് തുടര്‍ച്ചയായി പ്രയോഗിച്ചുപോന്നത്. സെക്രട്ടറിയറ്റിനു മുമ്പില്‍ നടത്തിയ ധര്‍ണ, പിന്നാലെ നടന്ന ഹര്‍ത്താല്‍, രണ്ടുവട്ടം ഗവര്‍ണറെ കണ്ട് നടത്തിയ നിവേദനം എന്നിവയെല്ലാം രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായിരുന്നു. സ്വതന്ത്രമായി തീരുമാനമെടുക്കേണ്ടയാളാണ് ഗവര്‍ണര്‍ എന്നു പരസ്യമായി പറഞ്ഞുകൊണ്ടുതന്നെ അങ്ങനെയൊരു തീരുമാനമെടുക്കല്‍ ഗവര്‍ണര്‍ക്ക് അസാധ്യമാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് യുഡിഎഫില്‍ നിന്നുണ്ടായിക്കൊണ്ടിരുന്നത്. ഇത് നിയമത്തെ അതിന്റെ സ്വാഭാവികമായ വഴിക്കു പോകാന്‍ അനുവദിക്കാതിരിക്കലായിരുന്നു; തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനനുസരിച്ചു വഴി തിരിച്ചുവിടാന്‍ ശ്രമിക്കലായിരുന്നു. നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഭരണാഘടനാ വിരുദ്ധവുമായിരുന്നു പ്രതിപക്ഷത്തിന്റെ ഈ ഇടപെടല്‍. നിയമപരമായ നില പരിശോധിച്ചു തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രാപ്തിയുണ്ട് എന്നു ഭരണഘടന കരുതുന്ന സ്ഥാപനമാണ് ഗവര്‍ണറുടേത്. ഗവര്‍ണറുടെ ആ പ്രാപ്തിയില്‍ അവിശ്വാസം രേഖപ്പെടുത്തുക കൂടിയായിരുന്നു ഇത്തരം ഇടപെടലുകളിലൂടെ പ്രതിപക്ഷം ചെയ്തത്. ആ ഭരണഘടനാസ്ഥാനത്തിന്റെ അന്തസ്സിടിക്കല്‍ കൂടിയായിരുന്നു അത്. ഈ നിലയ്ക്ക് ഇതു ജനാധിപത്യവിരുദ്ധമായിരുന്നു. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് ഗവര്‍ണറുടേത്. ഭരണഘടനതന്നെ സംശയാതീതമായി ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെയല്ല, ജനങ്ങളാല്‍ നിരാകരിക്കപ്പെട്ട തങ്ങളുടെ അഭിപ്രായപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന സന്ദേശം നല്‍കുകയാണ് ഇത്തരം ചെയ്തികളിലൂടെ പ്രതിപക്ഷം ചെയ്തത്. ഈ നിലയ്ക്ക് ഇതു ഭരണഘടനാവിരുദ്ധമായിരുന്നു. ഔദ്യോഗികസ്ഥാനത്തിരുന്നുകൊണ്ട് ചെയ്യുന്നതും നീതിയുക്തമെന്നു സ്വയം ബോധ്യമുള്ളതുമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഒരാളെയും അനാവശ്യമായ വ്യവഹാരങ്ങളില്‍ കുടുക്കി വലച്ചുകൂടാ എന്നതാണ് നിയമവ്യവസ്ഥയുടെ നില. അതുകൊണ്ടാണ് അത്തരം സ്ഥാപനങ്ങളിലിരുന്നു ചെയ്യുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രോസിക്യൂഷന്‍ നടത്തണമെങ്കില്‍ അതിന് അനുമതി വേണമെന്നു വ്യവസ്ഥചെയ്തിട്ടുള്ളത്. ആ വ്യവസ്ഥ ഇല്ലായിരുന്നെങ്കില്‍ മന്ത്രിമാര്‍ക്കും മന്ത്രിസ്ഥാനത്ത് ഇരുന്നിട്ടുള്ളവര്‍ക്കും കോടതിവരാന്തകളില്‍ നിന്നിറങ്ങാനേ സമയമുണ്ടാവില്ല. അത്രയേറെയാവും ശത്രുതാപരമായ ശല്യവ്യവഹാരങ്ങള്‍. വൈരനിര്യാതനത്തിനായുള്ള അത്തരം വ്യവഹാരങ്ങളില്‍നിന്നുള്ള പരിരക്ഷ നിയമപരമായി വ്യവസ്ഥചെയ്യപ്പെട്ടിട്ടുള്ളതാണ്. ആ പരിരക്ഷ നിഷേധിക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അതുകൊണ്ടുതന്നെ ഈ ഇടപെടല്‍ നിയമവിരുദ്ധമായിരുന്നു. പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെകണ്ട് അറിയിച്ചത്് എതിര്‍വാദങ്ങളാണ്. എന്നാല്‍, അനുകൂലമായ വാദങ്ങള്‍ ഗവര്‍ണര്‍ക്കു മുമ്പാകെ ചെന്നു നിരത്തി സ്വയം ന്യായീകരിക്കാന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് അവസരമില്ല. ആ ഭാഗത്തിനു സ്വയം ന്യായീകരിക്കാന്‍ ഒരു സന്ദര്‍ഭവുമില്ല എന്നിരിക്കെ എതിര്‍വാദങ്ങള്‍മാത്രം അറിയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത് പ്രതിചേര്‍ക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം സാമാന്യനീതിയുടെ നിഷേധമായി. ഗവര്‍ണര്‍ ഈ പ്രശ്നം മന്ത്രിസഭയുടെ ഉപദേശത്തിനു വിട്ടത് താന്‍ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട സ്ഥാനത്താണിരിക്കുന്നത് എന്ന ബോധ്യംകൊണ്ടാണ്. അതല്ലെങ്കില്‍ ഗവര്‍ണര്‍ പ്രശ്നം മന്ത്രിസഭയ്ക്കു വിടുമായിരുന്നില്ലല്ലോ. മന്ത്രിസഭയാകട്ടെ, സ്വയം തീരുമാനമെടുക്കുകയല്ല, മറിച്ച് ഭരണഘടനാസ്ഥാനമായ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടി അതിന്റെ അടിസ്ഥാനത്തില്‍ നിലപാടെടുക്കുകയാണ് ചെയ്തത്. അതാണു നിയമത്തിന്റെ വഴി. എന്നിട്ടും ആ വഴിയെ തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. തള്ളാനാണെങ്കില്‍ പിന്നെ മന്ത്രിസഭ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടേണ്ടതില്ലല്ലോ. നിയമപ്രക്രിയ അതിന്റെ സ്വാഭാവിക വഴിക്കു പോകുന്നതു കാത്തിരിക്കാന്‍ കൂട്ടാക്കാത്ത രാഷ്ട്രീയ അസഹിഷ്ണുതയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്്. സമാനമായ ഒരു സാഹചര്യത്തിലും ഏതെങ്കിലും രാഷ്ട്രീയനേതാക്കള്‍ നിയമപ്രക്രിയ നടക്കുന്നതിനിടയ്ക്ക് അതിനെ അട്ടിമറിക്കാന്‍ ഇങ്ങനെ ഹര്‍ത്താലും സമരങ്ങളുമായി നടന്ന ചരിത്രമില്ല. നിയമപ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതിന്റെ ക്ളാസിക് ഉദാഹരണമായി അത്. ഈ സമ്മര്‍ദത്തിന്റെ ശക്തികൊണ്ടാണ് യുഡിഎഫ് ഭരണകാലത്തെ വിജിലന്‍സുതന്നെയും പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം ഗവര്‍ണര്‍ ശ്രദ്ധിക്കാതിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം തിരക്കിട്ട് പ്രശ്നം സിബിഐക്കു വിട്ടതിലെ രാഷ്ട്രീയതാല്‍പ്പര്യം കാണാതെ പോയത്. പിണറായി വിജയന്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയതായി സിബിഐക്കുപോലും അതിന്റെ റിപ്പോര്‍ട്ടില്‍ പറയാന്‍ കഴിയാതിരുന്ന കാര്യം ശ്രദ്ധിക്കാന്‍ കഴിയാതെ പോയത്. ഈ വിധത്തില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി ഗവര്‍ണര്‍ക്കു തീരുമാനം എടുക്കേണ്ടിവന്നത് എന്തു കൊണ്ടാണ്? ഗവര്‍ണര്‍ കേന്ദ്രഭരണകക്ഷിയുടെ നോമിനിയായതുകൊണ്ട്. ഞങ്ങളുടെ പാര്‍ടിയാണ് നിങ്ങളെ ഗവര്‍ണറാക്കിയത് എന്നതായിരുന്നു പ്രതിപക്ഷം എടുത്ത സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാനം. ഇങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്കുമേലെ നോമിനേറ്റു ചെയ്യപ്പെട്ട ഒരു ഗവര്‍ണര്‍ വേണോ? ഇനി ഇതാണ് രാജ്യം ചര്‍ച്ച ചെയ്യേണ്ട വിഷയം.

fm deshabhimani

Tuesday, May 19, 2009

കരുത്തായി നായനാര്‍ സ്മരണ

കരുത്തായി നായനാര്‍ സ്മരണ


സ. ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ചുവര്‍ഷം തികയുന്നു. ജനമനസ്സുകളില്‍ എല്ലാ പരിഗണനയ്ക്കും അതീതമായി ഇടംനേടിയ മഹാനായ ആ നേതാവിന്റെ സ്മരണ ഒരിക്കലും അണയാത്തതാണ്. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്കു വന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനികകേരളത്തിന്റെ ചരിത്രഗതിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി ഇരിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ് രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി സ. നായനാര്‍ ഉയര്‍ന്നു. ലാളിത്യത്തിന്റെ നിറകുടമായിരുന്ന ആ ജീവിതം മാതൃകാപരമായിരുന്നു. പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവമായി ഇടപെട്ട നായനാര്‍ ജനകീയപ്രശ്നങ്ങളോടു പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും നായനാരുടെ വ്യക്തിമുദ്ര പതിഞ്ഞു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി എടുത്തുപറയേണ്ടതാണ്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായി നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടുവന്നത്. ആദ്യം കോഗ്രസ്, പിന്നീട് കോഗ്രസ് സോഷ്യലിസ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ് പാര്‍ടി എന്നിങ്ങനെ കാലത്തിനനുസരിച്ച് വളരുന്ന വിപ്ളവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയനിലപാട് വികസിച്ചത്. കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലതു പ്രവണതകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ളവപന്ഥാവിലൂടെ മുന്നോട്ടു നയിക്കുന്നതിലും സഖാവ് കാണിച്ച ആശയവ്യക്തത എടുത്തുപറയേണ്ടതാണ്. അവതരണത്തിന്റെ ശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ അവരോടൊപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്ക്ൊള്ളാനും കഴിയുന്ന വിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു. പാര്‍ടി ഏല്‍പ്പിച്ച വിവിധങ്ങളായ ചുമതല ഭംഗിയായി നിര്‍വഹിക്കുന്നതിനും സഖാവിനു കഴിഞ്ഞു. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ സഖാവ് ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷപ്രശ്നവും ഹൃദിസ്ഥമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടല്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം. പാര്‍ടി പല തരത്തിലുള്ള വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലെല്ലാം നായനാരുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ഓര്‍ത്തുപോകാറുണ്ട്. കേരളത്തില്‍ ഏറ്റവും അധികംകാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് നായനാരാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലിസ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെയെല്ലാം അമരക്കാരനായി നായനാര്‍ ഉണ്ടായിരുന്നു. 1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. തന്റെ അഭിപ്രായങ്ങള്‍ ശക്തമായി പാര്‍ടിക്കകത്ത് അവതരിപ്പിക്കുമ്പോഴും പാര്‍ടി ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാ ശൈലി എക്കാലത്തും സഖാവ് ഉയര്‍ത്തിപ്പിടിച്ചു. പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഘട്ടത്തിലാണ് സഖാവ് നായനാര്‍ അന്തരിച്ചത്. രാജ്യത്തിനുമേല്‍ വര്‍ഗീയതയുടെ ഭീഷണി സര്‍വശക്തിയുമാര്‍ജിച്ച് നില്‍ക്കുന്ന ഘട്ടം കൂടിയായിരുന്നു അത്. എന്‍ഡിഎ ഭരണത്തിന്റെ കെടുതികള്‍ ആവര്‍ത്തിക്കാതിരിക്കാനും വര്‍ഗീയശക്തികളെ ഭരണത്തില്‍നിന്ന് പുറന്തള്ളാനും ഇടതുപക്ഷം മുന്‍നിന്ന് പ്രവര്‍ത്തിച്ചു. അതിന്റെ പരിണതിയാണ് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യുപിഎ സംവിധാനത്തിന് ഇടതുപക്ഷം നല്‍കിയ പിന്തുണയും അതിന്റെ ഫലമായി രൂപീകരിക്കപ്പെട്ട സര്‍ക്കാരും. പൊതുമിനിമം പരിപാടിയില്‍നിന്ന് വ്യതിചലിച്ച് ആഗോളവല്‍ക്കരണനയങ്ങളുടെയും സാമ്രാജ്യസേവയുടെയും പാതയില്‍ പോകാനാണ് യുപിഎക്ക് നേതൃത്വം നല്‍കിയ കോഗ്രസ് എല്ലാ അവസരത്തിലും ശ്രമിച്ചത്. ഇടതുപക്ഷത്തിന്റെ ഇടപെടല്‍കൊണ്ടുമാത്രമാണ്, പൊതുമേഖല വിറ്റുതുലയ്ക്കുന്നതടക്കമുള്ള വിദ്രോഹനടപടി നടപ്പാക്കാനാകാതെ വന്നത്. ദേശീയ തൊഴിലുറപ്പുപദ്ധതിപോലുള്ള നടപടി ജനോപകാരപ്രദമായി നടപ്പാക്കിക്കുന്നതിനുള്ള മുന്‍കൈയും ഇടതുപക്ഷത്തിന്റേതാണ്. വര്‍ഗീയതയും വര്‍ഗീയകലാപങ്ങളും വംശഹത്യയും പരിപാടിയാക്കിയ സംഘപരിവാറിനെതിരെ കോഗ്രസിന്റേത് മൃദുസമീപനമായിരുന്നെങ്കില്‍, ഇടതുപക്ഷം അതിശക്തമായ പ്രതിരോധത്തിന്റെ ശബ്ദമാണുയര്‍ത്തിയത്. എന്നാല്‍, അമേരിക്കയുമായുള്ള ആണവ സഹകരണകരാര്‍ ഒപ്പുവയ്ക്കാന്‍ ഇടതുപക്ഷത്തെ തള്ളിപ്പറയാന്‍ യുപിഎക്കു മടിയുണ്ടായില്ല. സാമ്രാജ്യത്വത്തിന് രാജ്യത്തിന്റെ പരമാധികാരംതന്നെ അടിയറവയ്ക്കുന്ന സമീപനം കണ്ടുനില്‍ക്കാനാകാതെ ഇടതുപക്ഷത്തിന് പിന്തുണ പിന്‍വലിക്കേണ്ടിവന്നു. രാജ്യത്തെ നാണംകെടുത്തിയ കുതിരക്കച്ചവടത്തിലൂടെ ഭരണം നിലനിര്‍ത്തിയാണ് യുപിഎ തെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎക്ക് മുന്‍തൂക്കംനല്‍കുന്ന ജനവിധിയാണുണ്ടായത്. ഇടതുപക്ഷത്തിന്റെ ഇടപെടല്‍ശേഷി അവസാനിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കവും ഈ തെരഞ്ഞെടുപ്പിലുണ്ടായി. അമേരിക്കന്‍ അംബാസഡര്‍ പരസ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ഇടതുപക്ഷവിരുദ്ധ നിലപാടുമായി ലോബിയിങ് നടത്തുന്ന കാഴ്ചയ്ക്കും ഇക്കഴിഞ്ഞ നാളുകളില്‍ രാജ്യം സാക്ഷിയായി. ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും എല്ലാ പ്രതിലോമശക്തികളെയും അണിനിരത്തി തെരഞ്ഞെടുപ്പിനിറങ്ങിയ കോഗ്രസിന്, അതില്‍ ഒരുപരിധിവരെ വിജയം കാണാനായി എന്നാണ് തെരഞ്ഞെടുപ്പുഫലത്തില്‍ തെളിയുന്നത്. കേരളത്തില്‍ 2004ല്‍ 18 സീറ്റില്‍ വിജയിച്ച എല്‍ഡിഎഫ് ഇത്തവണ നാലിടത്തുമാത്രമാണ് വിജയിച്ചത്. 2004ല്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് 69,46,126 ആണ്. ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 67,17,488 വോട്ടും. 2,28,638 വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ഇത് കാണിക്കുന്നത് ചെറിയൊരു ശതമാനം വോട്ടിന്റെ കുറവുമാത്രമേ വന്നിട്ടുള്ളൂ എന്നാണ്. സീറ്റുകണക്കില്‍ ഇടിവുവന്നെങ്കിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറയില്‍ ഒരു പോറലുമുണ്ടായിട്ടില്ല. എന്നാല്‍, കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പോരായ്മ വന്നിട്ടുണ്ട്. മുമ്പ് ലഭിച്ചുകൊണ്ടിരുന്ന കുറച്ചുവോട്ട് നഷ്ടപ്പെട്ടിട്ടുമുണ്ട്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സീറ്റ് കുറയാനിടയാക്കിയ കാരണങ്ങള്‍ സിപിഐ എം എന്ന നിലയിലും മുന്നണി എന്ന നിലയിലും പരിശോധിക്കപ്പെടാനിരിക്കുകയാണ്. പോരായ്മകള്‍ കണ്ടെത്തി കൂട്ടായി പരിഹരിക്കും. എല്‍ഡിഎഫിന്റെ നയസമീപനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഫലപ്രദമായ ഇടപെടലും ശത്രുക്കളുടെ കുപ്രചാരണങ്ങളെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാനുള്ള സമീപനവും രൂപപ്പെടുത്തും. ഈ പരാജയത്തിന്റെ പാഠം ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന വിജയത്തിന് ഊര്‍ജം ആര്‍ജിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കേരളത്തിലെ സിപിഐ എം വരുംനാളുകളില്‍ മുഴുകുക. അതിന് സഖാവ് നായനാരുടെ ഓര്‍മ നമുക്ക് കരുത്തുപകരും. ജീവിതത്തിന്റെ അവസാനശ്വാസംവരെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സഖാവായിരുന്നു നായനാര്‍. കേരളത്തിലെ ജന്മിത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും നായനാര്‍ ഉണ്ടായിരുന്നു. സാര്‍വദേശീയ- ദേശീയ തലത്തിലെ അമേരിക്കന്‍ ഇടപെടലുകളെ പ്രതിരോധിക്കുന്ന പോരാട്ടം നടത്തുന്നതോടൊപ്പം ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും നമുക്ക് ഏറ്റെടുക്കാനുണ്ട്. ഇത്തരം പോരാട്ടങ്ങള്‍ക്ക് എന്നും ആവേശമായിരുന്ന നായനാരുടെ സ്മരണ വഴികാട്ടിയായി നമ്മെ നയിക്കുന്നു.

പിണറായി വിജയന്‍

Thursday, April 9, 2009

പലസ്തീന്‍ ജനതക്കെതിരെ ഇസ്രയേലിന്റെ യുദ്ധഫണ്ടിലേക്ക്

പലസ്തീന്‍ ജനതക്കെതിരെ ഇസ്രയേലിന്റെ യുദ്ധഫണ്ടിലേക്ക് യുപിഎയുടെ സംഭാവന
വി ജയിന്‍
ഇസ്രായേല്‍ ആയുധനിര്‍മ്മാണ കമ്പനിയായ ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസുമായി 10,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചിരിക്കയാണ്. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും ഇസ്രയേലിന്റെ ആക്രമണരാഷ്ട്രീയത്തെ എതിര്‍ക്കുന്നതുമാണ് ഇന്ത്യയുടെ പാരമ്പര്യം. അത് അട്ടിമറിച്ച് ഇസ്രയേലിന്റെ യുദ്ധഫണ്ടിലേക്ക് മുതല്‍ക്കൂട്ടാനായി ആയുധ കരാറില്‍ ഒപ്പുവെച്ച യുപിഎ സര്‍ക്കാരും അതിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസും ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തെയാണ് തകര്‍ത്തുകളഞ്ഞത്. മൂന്ന് പ്രധാന പ്രശ്നങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. എല്ലാം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് എതിരായുള്ളതുമാണ്.
ഒന്ന്: പലസ്തീന്‍ ജനതയെ നിരന്തരമായി പീഡിപ്പിക്കുകയും അവരെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്ന ഇസ്രായേലിനെ സമാധാനപ്രേമികളും പലസ്തീന്‍ ജനതയുടെ സ്വാതന്ത്യ്രസ്വപ്നത്തിനൊപ്പം നില്‍ക്കുന്ന രാജ്യങ്ങളും ജനങ്ങളും ശത്രുവായി കണക്കാക്കുന്നു. ഇസ്രായേലിനെ സാമ്പത്തികമായി സഹായിക്കുന്നതു വഴി പലസ്തീന്‍ ജനതക്കുനേരേയുള്ള ആക്രമണങ്ങളെയും പീഡനങ്ങളെയും പരോക്ഷമായി സഹായിക്കുകയാണ് ഇന്ത്യ. ഇസ്രായേലിന്റെ യുദ്ധഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിന് സമമാണ് ഈ കരാര്‍. സാമ്രാജ്യത്വത്തിനും സിയോണിസത്തിനുമെതിരെ ഇന്ത്യ പരമ്പരാഗതമായി കാത്തുസൂക്ഷിച്ചിരുന്ന വിദേശനയം ഇതുവഴി അട്ടിമറിക്കുകയാണ്. പലസ്തീന്‍ ജനതയുടെ സ്വതന്ത്രരാഷ്ട്രമെന്ന സ്വപ്നത്തോടൊപ്പമാണ് തങ്ങളെന്ന് പ്രകടനപത്രികയില്‍ പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് ഇസ്രയേലിന് ശക്തിപകരുന്ന തീരുമാനമെടുത്തിരിക്കുകയാണ്.
രണ്ട്: ഇന്ത്യയില്‍ ഇതിനകം വികസിപ്പിച്ചതും വിജയകരമായി പരീക്ഷിച്ചതുമായ മിസൈല്‍ സംവിധാനം വാങ്ങാനാണ് ഇസ്രായേലുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മധ്യദൂര ഭൂതല ആകാശ മിസൈല്‍ ഇസ്രായേല്‍ ഇതുവരെയും വിജയകരമായി പരീക്ഷിച്ചിട്ടില്ല. ഇന്ത്യ നേടിയ മിസൈല്‍ സാങ്കേതികവിദ്യ ഇസ്രായേലിന് കൈമാറി അതനുസരിച്ച് മിസൈല്‍ ഘടകങ്ങള്‍ നിര്‍മ്മിച്ചശേഷം ഇന്ത്യയില്‍ കൊണ്ടുവന്ന് കൂട്ടി ഘടിപ്പിച്ച് നല്‍കുന്നതാണ് കരാര്‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന പ്രതിരോധ ഗവേഷണ വികസന സംഘടനയെ (ഡിആര്‍ഡിഒ) നോക്കുകുത്തിയാക്കുകയും അതുവഴി പ്രതിരോധ ഗവേഷണ-ഉല്‍പ്പാദന മേഖലകളില്‍ രാജ്യത്തിന്റെ സ്വാശ്രയത്വം തകര്‍ക്കുകയുമാണ് ഈ കരാര്‍.
മൂന്ന്: വലിയ തോതിലുള്ള അഴിമതിയാണ് ഈ ഇടപാടിലുള്ളത്. 10000 കോടി രൂപയുടെ ആറ് ശതമാനം ബിസിനസ് ചാര്‍ജെന്ന പേരില്‍ കോഴയായി ഇടനിലക്കാര്‍ക്ക് നല്‍കുന്നു. ഈ ഇടനിലക്കാര്‍ കോണ്‍ഗ്രസ് പാര്‍ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ്. കരാര്‍ പ്രകാരം ലഭിക്കുന്ന തുകയുടെ മൂന്നിലൊന്ന് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി ചെലവഴിക്കണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതോ, കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥിന്റെ അടുത്ത ബന്ധുവായ സുധീര്‍ ചൌധരിക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനി. പ്രതിരോധ ഇടപാടില്‍ കരിമ്പട്ടികയില്‍ പെടുന്ന കമ്പനികളെ തുടര്‍ന്നുള്ള ഇടപാടുകളില്‍ നിന്ന് ഒഴിവാക്കുന്നതാണ് രീതി. എന്നാല്‍ അത് മറികടന്ന് ഇസ്രയേലിനു വേണ്ടി ടെണ്ടര്‍ പോലും വിളിക്കാതെ കരാര്‍ നല്‍കിയിരിക്കയാണ്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച് വിജയിച്ച മധ്യദൂര ഭൂതല ആകാശ മിസൈല്‍ ഇന്ത്യയിലെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ നിര്‍മ്മിക്കാന്‍ കഴിയും. ഡിആര്‍ഡിഒ വികസിപ്പിച്ച് പരീക്ഷിച്ച് വിജയിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്‍ണ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറുവശത്തു കൂടി ഇസ്രായേലുമായി കരാറില്‍ ഒപ്പിടാന്‍ പ്രതിരോധ മന്ത്രാലയത്തിലെ തന്നെ ഉന്നതര്‍ കൂട്ടുനിന്നു. മുന്‍ വ്യോമസേനാ മേധാവിയും ഇന്ത്യയില്‍ ഇസ്രായേലിന്റെ താല്‍പര്യങ്ങളുടെ കാവല്‍ക്കാരനുമായ ത്യാഗി ഈ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ അത്യസാധാരണമായ താല്‍പര്യം കാട്ടി.
ഇസ്രയേലില്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന മിസൈലുകളേക്കാള്‍ ശേഷിയുള്ള അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് (എഎഡി) മിസൈലുകളാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. എതിര്‍ദിശയില്‍ നിന്ന് വരുന്ന ശത്രുമിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ശത്രുവിമാനങ്ങളെ മാത്രമേ നേരിടാന്‍ കഴിയുകയുള്ളൂ. 18 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വച്ച് ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്.
ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ഇക്കൊല്ലം മാര്‍ച്ച് ആറിനാണ് ഏറ്റവുമൊടുവില്‍ ഈ പരീക്ഷണം നടത്തി വിജയിപ്പിച്ചത്. ബംഗാള്‍ സമുദ്രത്തിനു മുകളില്‍ വച്ച് ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്ത ഇന്ത്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഡിആര്‍ഡിഒ വികസിപ്പിച്ചതായിരുന്നു. 100 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ നിന്ന് വിട്ടയച്ച 'ധനുഷ്' മിസൈലിനെയാണ് ഒറീസയിലെ വീലര്‍ ദ്വീപില്‍ നിന്ന് വിട്ടയച്ച ബിഎംഡി മിസൈല്‍ ആകാശത്തുവച്ച് തകര്‍ത്തത്. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്‍ത്ത അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ഇന്ത്യ പരീക്ഷിച്ച് വിജയിച്ച ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയിലെത്തി ഇന്ത്യന്‍ മിസൈല്‍ സാങ്കേതികവിദ്യ. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തു. 2006 നവമ്പര്‍ 26നും 2007 ഡിസംബര്‍ ആറിനും സമാനമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു.
10,000 കോടിയുടെ മിസൈല്‍ ഇടപാടില്‍ 900 കോടി രൂപ കോഴയായി നല്‍കി. ബിസിനസ് ചാര്‍ജ് എന്ന ഓമനപ്പേരിലാണ് കോഴ നല്‍കിയത്. 150 കോടി രൂപ ഇടനിലക്കാരനുള്ളതാണ്. ബാക്കി 650 കോടി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ചു. മുസ്ളിങ്ങള്‍ക്കെതിരെ പൊതുവിലും പലസ്തീന്‍ ജനതക്കെതിരെ പ്രത്യേകിച്ചും നീചമായ ആക്രമണങ്ങള്‍ നടത്തുന്ന ഇസ്രയേലിന്റെ യുദ്ധഫണ്ടിലേക്ക് 10,000 കോടി രൂപ നല്‍കിയശേഷം അതിന്റെ കമ്മീഷനായി 650 കോടി രൂപ വാങ്ങിയിരിക്കയാണ് കോണ്‍ഗ്രസ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കൊലയാളി നല്‍കിയ കൈക്കൂലിയാണിത്. ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഇസ്രയേലില്‍ നിന്ന് കൈക്കൂലി വാങ്ങി പോക്കറ്റിലിട്ടു.
പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ബിസിനസ് ചാര്‍ജ് ആദ്യമായാണ്. ടെണ്ടര്‍ വിളിക്കാതെയുള്ള ഇടപാടും കരിമ്പട്ടികയില്‍ പെട്ട കമ്പനിയുമായുള്ള ഇടപാടും പ്രതിരോധ മന്ത്രാലയത്തിന്റെ രീതികള്‍ക്ക് വിരുദ്ധമാണ്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടന്ന ബൊഫോഴ്സ് തോക്കിടപാടിനെത്തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തിയ എച്ച്ഡിഡബ്ളിയു എന്ന ഡച്ച് കമ്പനിയെയും ഡെനല്‍ എന്ന ദക്ഷിണാഫ്രിക്കന്‍ കമ്പനിയേയും പിന്നീട് പ്രതിരോധ ഇടപാടുകളില്‍ പങ്കെടുപ്പിച്ചില്ല. എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ കരിമ്പട്ടികക്കാരായ കമ്പനികളുമായി ഇടപാട് നടക്കുന്നു. സുതാര്യമായാണ് ഇപ്പോള്‍ ഇടപാടുകള്‍ എന്ന് അവകാശപ്പെടുന്ന പ്രതിരോധ മന്ത്രാലയം 10,000 കോടി രൂപയുടെ മിസൈല്‍ ഇടപാടില്‍ വല്ലാത്ത രഹസ്യസ്വഭാവമാണ് കാട്ടിയത്.
2009 ഫെബ്രുവരി 27ന് ഒപ്പിട്ട മിസൈല്‍ കരാര്‍ രഹസ്യമാക്കി സൂക്ഷിക്കണമെന്നും അല്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും ഇസ്രയേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസിനെ (ഐഎഐ) ഭീഷണിപ്പെടുത്തി. കരാര്‍ വിശദാംശങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ ഐഎഐ കരാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും കരാറുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ 'അഴിമതിക്കറ' പുരളാത്ത പ്രതിരോധമന്ത്രി എ കെ ആന്റണി മിണ്ടുന്നില്ല. കരാറില്‍ കുഴപ്പമില്ലെങ്കില്‍ എന്തേ അത് പറയാന്‍ ഇത്ര മടി?
ഇന്ത്യ ആവശ്യപ്പെടുന്ന മിസൈലിന്റെ ഘടകങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുമെന്നാണ് കരാറില്‍ പറയുന്നത്. ഇസ്രയേലിന് ഇതുവരെ ഇതിന്റെ സാങ്കേതികവിദ്യ കൈവശമില്ല. സാങ്കേതികവിദ്യ ഉള്ളത് ഡിആര്‍ഡിഒക്കാണ്. ഡിആര്‍ഡിഒയും നോവ എന്ന സ്വകാര്യ പങ്കാളിത്തമുള്ള കമ്പനിയും സംയുക്തമായാണ് മിസൈല്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുക. പ്രതിരോധ ആവശ്യത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭങ്ങളില്‍ പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലക്ക് പ്രവേശനം നല്‍കുകയാണ്. ഇസ്രയേല്‍ ലോകോത്തര ആയുധ നിര്‍മ്മാതാക്കളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പല കാര്യങ്ങളിലും ഇന്ത്യയുടെയത്ര വികസിച്ചിട്ടില്ല അവരുടെ സാങ്കേതികവിദ്യ; പ്രത്യേകിച്ച് ബഹിരാകാശ ഗവേഷണം, മിസൈല്‍ സാങ്കേതികവിദ്യ എന്നീ കാര്യങ്ങളില്‍. ഇസ്രയേലിനുവേണ്ടി ചാര ഉപഗ്രഹങ്ങള്‍ നിര്‍മ്മിച്ച് വിക്ഷേപിച്ചത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആര്‍ഒ) ആണെന്ന് ഓര്‍ക്കുക. പലസ്തീന്‍ ജനതക്കെതിരെ ആക്രമണം നടത്താന്‍ ഈ ഉപഗ്രഹങ്ങളും ഇസ്രയേലിനെ സഹായിക്കുന്നു. ഇസ്രയേലിനു കൂടി പങ്കാളിത്തമുള്ള കൂട്ടുസംരംഭം ഇന്ത്യയില്‍ വെച്ച് മിസൈല്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നുവെന്ന് പറഞ്ഞാല്‍ ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ ഇസ്രയേലിന് പ്രവേശനം നല്‍കുകയെന്ന് സാരം. രാജ്യത്തിന്റെ സുരക്ഷയെയും രഹസ്യസ്വഭാവമുള്ള പ്രതിരോധ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ കരാര്‍.
രാജ്യത്തിന്റെ സാമ്രാജ്യത്വവിരുദ്ധ വിദേശനയം, സുരക്ഷ, സ്വാശ്രയത്വം, പ്രതിരോധ കരാറുകളിലെ സുതാര്യതയും സത്യസന്ധതയും ഇവയെല്ലാം കാറ്റില്‍പ്പറത്തി ഇസ്രയേലിന്റെ യുദ്ധ ഫണ്ടിലേക്ക് വന്‍ മുതല്‍ക്കൂട്ടാവുന്ന കരാറില്‍ ഒപ്പിട്ട യുപിഎ ഗവണ്‍മെന്റും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ഇസ്രയേലിനും അവരുടെ ആക്രമണ രാഷ്ട്രീയത്തിനും കൂട്ടുനില്‍ക്കുകയും ലോക മുസ്ളിം ജനവികാരത്തെ അവഹേളിക്കുകയുമാണ്.

Wednesday, April 8, 2009

മലപ്പുറത്തിന്റെ വഴിത്തിരിവുകള്‍

മലപ്പുറത്തിന്റെ വഴിത്തിരിവുകള്‍

കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളില്‍ പൊതുവെ മാധ്യമങ്ങളും രാഷ്ട്രീയ കേരളവും വിശകലനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന മണ്ഡലങ്ങളാണ് മലപ്പുറത്തെ ലോക്സഭാ മണ്ഡലങ്ങള്‍. മുസ്ളിം മത ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മലപ്പുറത്തിന്റെ തീരദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊന്നാനി മണ്ഡലം ഇത്തവണ തിരുവനന്തപുരത്ത് മാത്രമല്ല, ഡല്‍ഹിയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍പോലും പരാമര്‍ശിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. വ്യത്യസ്തമായ ഭരണഘടനയും പരിപാടികളും ശാക്തികബലവും ഘടകങ്ങളും വര്‍ഗബഹുജന സംഘടനകളുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചില പൊതു നിലപാടുകളുടെ പേരില്‍ ഒരു മുന്നണിയായി പ്രവര്‍ത്തിക്കുമ്പോള്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ആ അര്‍ഥത്തിലല്ല പൊന്നാനി ചര്‍ച്ചചെയ്യപ്പെട്ടത്. കേരളീയ സമൂഹത്തെ ജാതി സ്പര്‍ധയില്ലാത്തതും മതനിരപേക്ഷവുമായി മാറ്റിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുന്ന സിപിഐഎം അതിന്റെ പ്രഖ്യാപിതമായ നിലപാടുകളോട് വിട്ടുവീഴ്ച ചെയ്തിരിക്കുന്നുവെന്ന രീതിയിലാണ്.
മലപ്പുറത്തിന്റെ രാഷ്ട്രീയം
മലപ്പുറത്തെ പൊന്നാനിയും പഴയ മഞ്ചേരിയും രൂപീകരിക്കപ്പെട്ടത് മുതല്‍ മുസ്ളിംലീഗിനെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളായിരുന്നു. കേരളത്തിലെ മറ്റു പതിനെട്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനും ഇടത് പാര്‍ടികള്‍ക്കുമൊക്കെ ജയപരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ മലപ്പുറം എന്നും ലക്ഷങ്ങളുടെ ഭൂരിപക്ഷം നല്‍കി ലീഗിനെ പാര്‍ലമെന്റിലേക്കയക്കുകയായിരുന്നു പതിവ്. രാഷ്ട്രീയത്തിലെ എല്ലാ ഗണിതങ്ങളെയും അട്ടിമറിച്ചുകൊണ്ട്, കഴിഞ്ഞതവണ ടി കെ ഹംസയിലൂടെയാണ് എല്‍ഡിഎഫ് അത്ഭുതം കാണിച്ചത്. കേരളത്തിലാകെ ആഞ്ഞുവീശിയ ഇടത് തരംഗത്തില്‍ മുസ്ളിംലീഗിന്റെ പരമ്പരാഗത മണ്ഡലവും മറിഞ്ഞുവെന്നതിനപ്പുറം എന്തേ ഇത് ചര്‍ചചെയ്യപ്പെടാന്‍? മലപ്പുറം രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമറിയുന്നവര്‍ക്ക് ഇത് ഒരു മഹാ സംഭവമായിരുന്നുവെന്നതില്‍ തര്‍ക്കമുണ്ടാവില്ല. കേരളത്തിലെ ഇതര മണ്ഡലങ്ങളില്‍നിന്ന് വ്യത്യസ്തമായി മലപ്പുറത്തെ മുസ്ളിം മതന്യൂനപക്ഷം തെരഞ്ഞെടുപ്പില്‍ പരിഗണിച്ചിരുന്നത് മറ്റുപല ഘടകങ്ങളുമായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ലീഗിന്റെ അഖിലേന്ത്യാ ഭാരവാഹികളെ അതത് കാലങ്ങളില്‍ ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭയിലെത്തിക്കുകയെന്നത് രാഷ്ട്രീയമായ കടമയെന്നതിലുപരി ജീവിതദൌത്യമായിട്ട്തന്നെയായിരുന്നു മലപ്പുറത്തെ മതന്യൂനപക്ഷങ്ങള്‍ കരുതിപ്പോന്നത്. അതിനവരെ പ്രേരിപ്പിച്ചത് ഇന്ത്യാരാജ്യത്തെ മതന്യൂനപക്ഷമെന്ന നിലയില്‍ തങ്ങളുടെ വിശ്വാസപരമായ അസ്തിത്വവും അഭിമാനവും പരിരക്ഷിക്കാന്‍ ആദരണീയരായ നേതാക്കന്മാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന അപഞ്ചലമായ വിശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ മലപ്പുറത്തെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് എന്നത് കേവലം ഔപചാരികമായ ഒരു നടപടിക്രമം മാത്രമായിരുന്നു. മലപ്പുറത്തെ മുസ്ളിങ്ങളുടെ വിശ്വാസപരമായ ഈ അന്തര്‍ധാര ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് തന്നെയാണ് പഴയ നേതാക്കളുടെ പരിഭാഷകരായി പൊതുരംഗത്ത് വന്ന ലീഗിന്റെ ഇപ്പോഴത്തെ സാരഥികളുടെ ഉറക്കംകെടുത്തുന്നത്. മലപ്പുറത്തെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം നടക്കുന്ന പ്രചാരണങ്ങളല്ല അവിടുത്തെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍. മുസ്ളിം ജനസാമാന്യത്തിന്റെ രാഷ്ട്രീയ സങ്കല്‍പ്പം വിശ്വാസപരമായ സ്വാതന്ത്യ്രം എന്നതിലപ്പുറം രാഷ്ട്രത്തിന്റെ പരമമായ സ്വാതന്ത്യ്രംകൂടിയായിരുന്നു. അതോടൊപ്പം ലോകത്തെവിടെയുമുള്ള മുസ്ളിങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും അവര്‍ ശ്രമിച്ചു. ചുരുക്കത്തില്‍ സ്വാതന്ത്യ്രവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടന്നവര്‍ തന്നെയാണ്, മലപ്പുറത്തിന്റെ പൂര്‍വികര്‍. അതുകൊണ്ടാണ് ആലിമുസ്ളിയാര്‍ ആത്മീയനേതാവ് എന്നതിലപ്പുറം ഇന്ത്യയുടെ സ്വാതന്ത്യ്രസമരപോരാട്ടങ്ങളില്‍ വീരമൃത്യുവരിച്ച അനശ്വരരായ രക്തസാക്ഷികളുടെ കൂട്ടത്തില്‍ അഭിമാനപൂര്‍വം ഓര്‍മിക്കപ്പെടുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ആത്മസമര്‍പ്പണംചെയപ്പെട്ട വീരയോദ്ധാവ് എന്ന് ചരിത്രം പരിചയപ്പെടുത്തുമ്പോള്‍ മലപ്പുറത്തെ തലമുറകള്‍ക്ക് അദ്ദേഹം അചഞ്ചലമായ 'ഈമാന്‍' പ്രകടിപ്പിച്ച ആത്മീയനേതാവ് കൂടിയായിത്തീര്‍ന്നു. മമ്പുറം സയ്യിദ്മാരും ഒരേസമയം ആത്മീയകാര്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരും രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശിലയായ എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്യ്രത്തിന്വേണ്ടി സമരം ചെയ്തവരുമായിരുന്നുവെന്നത് തര്‍ക്കമറ്റ ചരിത്രമാണ്. ഉദാത്തമായ ആത്മീയതയും ഉന്നതമായ രാഷ്ട്രീയവും പരസ്പര പൂരകങ്ങളായി തീരുന്ന ചരിത്രത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ അപൂര്‍വമല്ല. ചിലപ്പോഴെങ്കിലും അതനിവാര്യമാണ്.
കാലിക പ്രശ്നങ്ങള്‍
നമ്മുടെ രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നു. രാഷ്ട്രം പൊതുവായി നേരിടുന്ന പ്രശ്നങ്ങളോടൊപ്പം ഓരോ ജനവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രത്യേകം ചര്‍ച്ചചെയ്യപ്പെടും. അതിന്റെ ഭാഗമായിട്ട്തന്നെയാണ് വര്‍ത്തമാനകാലത്ത് മുസ്ളിം ജനവിഭാഗത്തെ അസ്വസ്ഥമാക്കുന്ന അന്തര്‍ദേശീയവും ദേശീയവുമായ ഘടകങ്ങള്‍ ഇവിടെ വിചാരണചെയ്യപ്പെടുന്നത്.
അന്തര്‍ദേശീയതലത്തില്‍ മുസ്ളിങ്ങള്‍ ഏറ്റവും ശക്തമായ വെല്ലുവിളി നേരിടുന്നത് സാമ്രാജ്യത്വത്തില്‍നിന്നാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക്ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം ക്യൂബയെപ്പോലെ അവശേഷിച്ച സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ ഉപരോധമടക്കമുള്ള മാര്‍ഗങ്ങളിലൂടെ ആക്രമിക്കുന്നത് തുടരുന്നതോടൊപ്പം അറേബ്യന്‍ സമ്പത്തിനും സംസ്കാരത്തിനും നേര്‍ക്ക് ക്രൂരമായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. ഇറാനും ഇറാഖും അഫ്ഗാനിസ്ഥാനുമൊക്കെ ഇതിനകം തന്നെ കേരളവും വിപുലമായി ചര്‍ച്ചചെയ്തിട്ടുണ്ട്. ഈ കടന്നാക്രമണങ്ങളുടെ ഇരകള്‍ എന്ന നിലയില്‍ ലോകത്തൊട്ടാകെ കമ്യൂണിസ്റ്റുകളും വിശ്വാസികളും ശക്തമായ ഐക്യനിര തീര്‍ക്കുന്നു. ആധുനിക കാലത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയാരെന്ന ചോദ്യത്തിന് മുസ്ളിം ലോകം കണ്ടെത്തുന്ന ഉത്തരങ്ങളിലാദ്യത്തേത് ലാറ്റിനമേരിക്കന്‍ ഇതിഹാസം ഹ്യൂഗോ ഷാവേസിന്റെ പേരാണ്. വെനിസ്വേലയിലെ ഭരണഭേദഗതിക്കുള്ള ജനഹിത പരിശോധനയില്‍ മുസ്ളിങ്ങള്‍ ഒരു നിര്‍ണായകഘടകമായതുകൊണ്ടല്ല ഷാവേസും ലാറ്റിനമേരിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ടികളും മുസ്ളിംലോകം നെഞ്ചേറ്റുന്ന നിലപാടെടുത്തത്. മര്‍ദകനെതിരെ മര്‍ദിതരെ സഹായിക്കുകയെന്ന അടിസ്ഥാനപരമായ വിശ്വാസത്തെ മുന്‍ നിര്‍ത്തിയാണ്.
മുസ്ളിം നാമധേയത്തിലുള്ള പാസ്പോര്‍ടുമായി അമേരിക്കയിലും യൂറോപ്പിലും സുഗമമായി സഞ്ചരിക്കുകപോലും പ്രയാസകരമാക്കിയ ലോകസാഹചര്യം സൃഷ്ടിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന കാര്യത്തില്‍ വിശ്വാസികള്‍ക്കോ കമ്യൂണിസ്റ്റുകള്‍ക്കോ അഭിപ്രായവ്യത്യാസമില്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ നരനായാട്ട് ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന കാര്യത്തിലും തര്‍ക്കമില്ല. അതുകൊണ്ടൊക്കെതന്നെ എല്ലാ ഭീകരതകളുടെയും മാതാവായ സയണിസത്തിന്റെ ജന്മഭൂമിയായ ഇസ്രയേലിനെ 'ചെകുത്താന്‍' എന്ന് വിശേഷിപ്പിച്ച വെനിസ്വേലയിലെ ഷാവേസിനെപോലുള്ള നൂറു ഭരണാധികാരികള്‍ ലോകത്തുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ച പലസ്തീന്‍ ഭരണാധികാരി മുഹമ്മദ് അബ്ബാസിന്റെ പ്രാര്‍ഥനകളോട് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കുന്നവരാണ് ലോകത്തെവിടെയുമുള്ള മുസ്ളിങ്ങളും കമ്യൂണിസ്റ്റുകാരും. ഇത്തരം പൊതു നിലപാടുകളോട് പ്രതിബദ്ധതയുള്ള ഒരിന്ത്യന്‍ ഭരണ സംവിധാനം സൃഷ്ടിക്കപ്പെടണമെന്ന ഉദാത്തമായ താല്പര്യങ്ങളുടെ പേരില്‍ രൂപപ്പെടുന്ന കൂട്ടായ്മകള്‍ ആരെയെങ്കിലും ഭയപ്പെടുത്തുന്നുവെങ്കില്‍ അത് സാമ്രാജ്യത്വ ദാസന്‍മാരെ മാത്രമായിരിക്കുമെന്ന് നമക്കൂഹിക്കാവുന്നതേയുള്ളു.
ബുഷിനെ അഗാധമായി സ്നേഹിച്ച ഒരിന്ത്യന്‍ ഭരണാധികാരി നമുക്കാവശ്യമുണ്ടോ? സ്വതന്ത്ര ഭാരതത്തോളംതന്നെ പഴക്കമുള്ള പരസ്പര സൌഹൃദം നിലനിര്‍ത്തിപ്പോരുന്ന സുഹൃദ്രാജ്യം എല്ലാ യുദ്ധനിയമങ്ങളെയും ലോകത്തിലെ സമാധാന സ്ഥാപനങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ അരുതെന്ന ഒറ്റവരി പ്രമേയംപോലും അവതരിപ്പിക്കാന്‍ കഴിയാത്ത വിദേശമന്ത്രാലയത്തിന്റെ അമരത്ത് ഒരിക്കല്‍കൂടി ഒരു അഹമ്മദ് ഇരിക്കുന്നത് സമുദായത്തിന് അപമാനമാണെന്ന് പ്രഖ്യാപിക്കുന്നത് എങ്ങനെ വിഭാഗീയമാവും? വീരമൃത്യു വരിക്കുന്നതിന് മുമ്പ് തന്റെ സമീപത്തുള്ള സാമ്രാജ്യത്വ ദാസന്റെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പി പ്രതിഷേധിച്ച വാരിയം കുന്നത്തിന്റെ പൈതൃകത്തിലഭിമാനിക്കുന്ന ഒരു ജനതയെ പ്രതിനിധീകരിക്കേണ്ടത് ആ ആഭിജാത്യവും അന്തസ്സും പരിരക്ഷിക്കാന്‍ പ്രാപ്തിയുള്ള ഒരാളാവണമെന്ന് ഒരു സമൂഹം കൂട്ടായി അഭ്യര്‍ഥിക്കുമ്പോള്‍ അതിലെന്താണ് സാമുദായികത. ഇത്തരം കൂട്ടായ അഭ്യര്‍ഥനകളുടെ പ്രതിരൂപങ്ങള്‍ മാത്രമാണ് ടി കെ ഹംസയും ഹുസൈന്‍ രണ്ടത്താണിയും കേരളത്തിലെ മറ്റ് പതിനെട്ട് ഇടത് സ്ഥാനാര്‍ഥികളും. മറിച്ച് അപ്പുറത്ത് കഴിഞ്ഞ യു പി എ ഗവണ്‍മെന്റിന്റെ സാമ്രാജ്യത്വ അനുകൂല നിലപാടുകളെ കുറേക്കൂടി ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ശേഷിയുള്ള വിശ്വസ്തരെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് നിര്‍ത്തിയിരിക്കുന്നത്. പൊന്നാനിയെ അപേക്ഷിച്ച് സുരക്ഷിതമെന്ന് ലീഗ് വിലയിരുത്തിയ മലപ്പുറത്തേക്കുള്ള ഇ അഹമ്മദിന്റെ ചുവട്മാറ്റവും ഇസ്രയേലിന്റെ ഭരണാധികാരിക്ക് ആരുമറിയാതെ കേരളത്തിന്റെ ഉപഹാരം നല്‍കിയ കെ വി തോമസും ദേശീയഗാനമാലപിക്കുമ്പോള്‍പ്പോലും അമേരിക്കയെ അനുകൂലിച്ച് കൈ നെഞ്ചോട്ചേര്‍ത്തുപിിടിക്കണമെന്ന് വാദിച്ച ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വവുമൊക്കെ ഇതിന്റെ സന്ദേശങ്ങളാണ്.
അബ്ദുള്‍നാസര്‍ മഅ്ദനി
ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക്ശേഷം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായ അരക്ഷിതബോധമാണ് മഅ്ദനിയെന്ന നേതാവിനെ സൃഷ്ടിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. സംഘപരിവാറിന്റെ പ്രകോപനങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ വിലമതിക്കാനാവാത്ത നഷ്ടം സഹിച്ച്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് മഅ്ദനിയുടെ അക്കാലത്തെ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. മുസ്ളിം ജനസാമാന്യത്തില്‍നിന്ന് പ്രകോപനപരമായ പ്രസംഗങ്ങളും നിലപാടുകളും ക്ഷണിച്ചുവരുത്തുന്ന സംഘപരിവാര്‍ ലക്ഷ്യമിടുന്നത് വേഗത്തിലുള്ള ഹൈന്ദവ ഏകീകരണമായിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മഅ്ദനിക്കെതിരെ ചാര്‍ജ്ചെയ്യപ്പെട്ട കേസുകള്‍ എല്ലാം പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിലായിരുന്നുവെന്നത് ഓര്‍ക്കാവുന്നതാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍പോയ മഅ്ദനി നിരപരാധിത്വം തെളിയിച്ച് പുറത്തുവന്നത് പുതിയ നിലപാടുകളുമായിട്ടായിരുന്നുവെന്ന് അദ്ദേഹത്തെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കേരളത്തിനറിയാം.
അംഗവൈകല്യമുള്ള മഅ്ദനി പത്തു വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തുവന്നത് 'വിചാരണതടവ്' എന്ന ആശയത്തിന്റെ സാധുതയെതന്നെ സ്വന്തം ജീവിതംകൊണ്ട് ചോദ്യം ചെയ്താണ്. അതിനദ്ദേഹത്തെ സഹായിച്ചത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെപോലുള്ള നിയമപണ്ഡിതന്മാരും വി എസിനെപോലുള്ള രാഷ്ട്രീയ നേതാക്കളും കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളീയ സമൂഹമൊട്ടാകെയുമാണ്. അങ്ങനെയുള്ള മഅ്ദനിയുടെ നിരുപാധികമായ പിന്തുണയാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്നത്.
ഇങ്ങനെയൊരു പിന്തുണ സ്വീകരിക്കുമ്പോള്‍ മുസ്ളിം എന്നാല്‍ ഭീകരന്‍ എന്ന് കൊച്ചുകുട്ടികളെപോലും പഠിപ്പിക്കാന്‍ പെടാപ്പാട്പെടുന്ന, പാശ്ചാത്യ മാധ്യമങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്ന കേരളീയ മാധ്യമങ്ങളും അടങ്ങിയിരിക്കില്ലെന്ന് ഇടതുപക്ഷ പ്രസ്ഥാനം മനസിലാക്കുന്നു. പക്ഷേ കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ലക്ഷക്കണക്കിന് വരുന്ന പാര്‍ടി പ്രവര്‍ത്തകരിലൂടെ കേരളത്തിന്റെ ഹൃദയമിഡിപ്പറിയുന്ന ഒരു സംഘടനയുടെ അമരക്കാരന് മാത്രമേ ഞങ്ങള്‍ക്ക് ഒരു കോര്‍പറേറ്റ് മാധ്യമത്തിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് തലയുയര്‍ത്തി പ്രഖ്യാപിക്കാന്‍ കഴിയൂ.
സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഉപേക്ഷിച്ച് യു ഡി എഫും മുസ്ളിംലീഗും ഒരുക്കുന്ന സാമുദായിക പൊറാട്ടുനാടകങ്ങളില്‍ ചുവടുവെക്കാനായിരുന്നു മഅ്ദനിയും പി ഡി പിയും തീരുമാനിച്ചിരുന്നതെങ്കില്‍ വലതുപക്ഷ മാധ്യമങ്ങളും യു ഡി എഫും മഅ്ദനിവേട്ട നടത്തില്ലായിരുന്നുവെന്ന വസ്തുത വിവാദങ്ങള്‍ക്കിടയിലും രാഷ്ട്രീയ കേരളമൊട്ടാകെ തലകുലുക്കി സമ്മതിക്കും.
അസീസ് തുവ്വൂര്‍


Friday, March 27, 2009

വിദേശനയം അട്ടിമറിച്ചതെന്തിന്?

വിദേശനയം അട്ടിമറിച്ചതെന്തിന്?


പിണറായി വിജയന്


‍തെരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന വാഗ്ദാനങ്ങള്‍ പിന്നീട് അവഗണിക്കാറുള്ള കോഗ്രസ്, യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിന് ആധാരമായ പൊതുമിനിമം പരിപാടിയെയും അതേമട്ടിലാണ് കണ്ടത്. വിദേശനയത്തില്‍ വെള്ളംചേര്‍ത്തത് പൊതുമിനിമം പരിപാടിയെ നിരാകരിച്ചുകൊണ്ടാണ്. "നമ്മുടെ പഴയകാല പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ച് യുപിഎ സര്‍ക്കാര്‍ ഒരു സ്വതന്ത്ര വിദേശനയം പിന്തുടരും. ഈ നയം ഏകലോകത്തിനായുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കും. ഇത് ലോകബന്ധങ്ങളില്‍ ബഹുധ്രുവത്വം ശക്തിപ്പെടുത്താന്‍വേണ്ടി നിലകൊള്ളും''-ഇതാണ് പൊതുമിനിമം പരിപാടിയില്‍ എഴുതിവച്ചിട്ടുള്ളത്. പ്രവൃത്തിയില്‍ ഇതിനു നേരെ വിപരീതദിശയിലാണ് യുപിഎ നേതൃത്വം നീങ്ങിയത്. ഏറ്റവും മിതമായി പറഞ്ഞാല്‍, അമേരിക്കയുടെ വാലായി ഇന്ത്യയെ അധഃപതിപ്പിക്കാനുള്ള നീക്കം. അതിന്റെ ആവേശത്തില്‍ ചരിത്രം മറന്നു; നെഹ്റുവിനെ മറന്നു; ഇറാഖിലും അഫ്ഗാനിസ്ഥാനിലും പലസ്തീനിലും നടമാടുന്ന സാമ്രാജ്യത്വക്രൂരതകളെ മറന്നു. ഇന്ത്യയുടെ വിദേശനയം ലോകത്തിന്റെ അംഗീകാരം പിടിച്ചുപറ്റിയതായിരുന്നു. ചേരിചേരാരാഷ്ട്രങ്ങളുടെ നായകസ്ഥാനത്തുനിന്നാണ് നമ്മുടെ നാടിനെ അമേരിക്കയുടെ സാമന്തപദവിയിലേക്ക് വലിച്ചുതാഴ്ത്തിയത്. പലസ്തീന്‍പ്രശ്നത്തില്‍ കോഗ്രസ് സ്വീകരിക്കുന്ന ആക്ഷേപകരമായ നിലപാടിനെക്കുറിച്ച് ഇന്നലെ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയതാണ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തോട് കാണിച്ച നിസ്സംഗത അതിനേക്കാള്‍ നിന്ദ്യമാണ്. ലോകത്തിന്റെ നാനാകോണില്‍നിന്നും എതിര്‍പ്പുയര്‍ന്നിട്ടും അമേരിക്ക ഇറാഖിനെ അക്ഷരാര്‍ഥത്തില്‍ ചുട്ടുകരിക്കുകയായിരുന്നു. ഒടുവില്‍ അവിടത്തെ ഭരണാധികാരിയായ സദ്ദാംഹൂസൈനെ തൂക്കിക്കൊന്നു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പ്രാഥമിക പാഠങ്ങള്‍പോലും മറന്നുകൊണ്ടുള്ള ആ പൈശാചികതയെ അപലപിക്കാനല്ല, ലജ്ജാശൂന്യമായി പിന്തുണയ്ക്കാനാണ് കോഗ്രസ് തയ്യാറായത്. സദ്ദാം വധത്തിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിച്ചപ്പോള്‍, കോഗ്രസ് വക്താവ് പറഞ്ഞത് സദ്ദാമിന്റെ വധശിക്ഷ അമേരിക്കയുടെ ആഭ്യന്തരകാര്യമാണെന്നാണ്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തില്‍ കടന്നുകയറി അവിടത്തെ ജനങ്ങളെ കൊന്നൊടുക്കുന്നത് എങ്ങനെ അമേരിക്കയുടെ ആഭ്യന്തര കാര്യമാകുമെന്ന് കോഗ്രസ് ഇന്നുവരെ വിശദീകരിച്ചുകണ്ടിട്ടില്ല. കോഗ്രസിന്റെ ഈ നയങ്ങളെ കണ്ണുമടച്ച് പിന്തുണച്ച് വിദേശവകുപ്പിലെ സഹമന്ത്രിപദത്തിലിരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ പ്രതിനിധിയും അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന നിലപാട് തിരുത്തി, ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ ഇറാനെതിരായി ഇന്ത്യ വോട്ട് ചെയ്തത് അമേരിക്കന്‍ വിധേയത്വത്തിന്റെ മറ്റൊരനുഭവമാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) യോഗത്തില്‍ ഇറാന്റെ അണുശക്തിപരിപാടിയെ നിശിതമായി വിമര്‍ശിച്ച് അമേരിക്കന്‍ താല്‍പ്പര്യാര്‍ഥം അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ പിന്തുണച്ചത്. ഇറാനില്‍നിന്നുള്ള വാതകപൈപ്പ് ലൈന്‍ പദ്ധതി അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഉപേക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് അമേരിക്കയുടെ ലോകപൊലീസ് നയത്തില്‍ ഇന്ത്യയെ ജൂനിയര്‍ പാര്‍ട്ണറായി തളച്ചിടാനുള്ള നീക്കങ്ങള്‍. ലോകത്തെവിടെ അമേരിക്ക സൈനിക അതിക്രമം നടത്തിയാലും അതില്‍ ഇന്ത്യന്‍ സൈന്യത്തെയും അയക്കേണ്ടിവരും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമെല്ലാം കൊല്ലാനും കൊല്ലപ്പെടാനും അമേരിക്കന്‍ പട്ടാളത്തോടൊപ്പം നമ്മുടെ സൈനികരും പോകേണ്ടിവരുന്ന ദൌര്‍ഭാഗ്യകരമായ അവസ്ഥയാണുണ്ടാവുക എന്നര്‍ഥം. അതിലേക്കുള്ള പടിപടിയായ നീക്കങ്ങളാണ് യുപിഎ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. എന്‍ഡിഎ ഗവമെന്റ്് 2001 ല്‍ ഒപ്പുവച്ച അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്തി പ്രതിരോധ ബന്ധത്തിനായുള്ള പുത്തന്‍ ചട്ടക്കൂട് 2005ല്‍ യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചു. അതിന്റെ തുടര്‍ച്ചയായി സൈനികമേഖലയില്‍ അമേരിക്കന്‍ പങ്കാളിത്തം തിരക്കിട്ട് നടപ്പാക്കിത്തുടങ്ങി സംയുക്ത സൈനികാഭ്യാസങ്ങളും സംയുക്ത ആസൂത്രണവും മറ്റു രാജ്യങ്ങളില്‍ കൂട്ടായ ഇടപെടലും പ്രതിരോധ ആയുധ സംഭരണവും എന്നിങ്ങനെയുള്ള അമേരിക്കന്‍ നിബന്ധനകള്‍ക്ക് ഇന്ത്യ വഴങ്ങി. രാജ്യത്തിന്റെ പരമാധികാരംതന്നെ അമേരിക്കയുടെ കൈവശം ഏല്‍പ്പിക്കുന്നതും ആയുധ ഇടപാടുകളിലൂടെ രാജ്യത്തിന്റെ അനേകലക്ഷം കോടി രൂപ അമേരിക്കയിലേക്ക് ഒഴുക്കുന്നതുമാണ് ഈ നടപടി. ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ പാതതന്നെയാണ്, വിദേശ നയത്തില്‍ യുപിഎ പിന്തുടര്‍ന്നത്. അക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും സമാനസ്വഭാവമാണ്. അതില്‍നിന്ന് വ്യത്യസ്തമാണ് ഇടതുപക്ഷത്തിന്റെ സമീപനം. അമേരിക്കയ്ക്ക് ദാസ്യവേലചെയ്യുന്നതും മനുഷ്യരാശിക്കുതന്നെ വിപല്‍ക്കരമായ സാമ്രാജ്യ-സിയോണിസ്റ്റ് അജന്‍ഡകളെ പിന്തുണയ്ക്കുന്നതുമായ വിദേശനയം അപ്പാടെ മാറ്റിയെഴുതണമെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. സാമ്രാജ്യ സമ്മര്‍ദങ്ങളെ ചെറുക്കുന്നതും ചേരിചേരായ്മയില്‍ അധിഷ്ഠിതവുമായ സ്വതന്ത്ര വിദേശനയമാണ് സിപിഐ എം പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കന്‍ സൈനിക ഇടപെടലുകളെ എതിര്‍ക്കുന്നതും അമേരിക്ക സ്പോസര്‍ചെയ്യുന്ന 'ഭീകരതക്കെതിരായ' യുദ്ധത്തില്‍നിന്നും അതിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങളില്‍ നിന്നും അകലം പാലിക്കുന്നതുമാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിതനയം. സാര്‍ക് സഹകരണത്തിന്റെ പ്രോത്സാഹനം, ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കല്‍, ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കല്‍ എന്നിങ്ങനെയുള്ള മൂര്‍ത്തമായ നടപടികള്‍ ഈ തെരഞ്ഞെടുപ്പില്‍ സിപിഐ എം ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കുന്നു. ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന; നമ്മുടെ രാജ്യം ആരുടെയും അടിമയല്ലെന്ന് പ്രഖ്യാപിക്കുന്ന; മനുഷ്യരെ കൊന്നൊടുക്കുന്നതും രാഷ്ട്രങ്ങളെ തച്ചൊതുക്കുന്നതുമായ അധിനിവേശ-യുദ്ധഭ്രാന്തന്‍ നയങ്ങളെ നെഞ്ചുവിരിച്ചെതിര്‍ക്കുന്ന നയം ഇടതുപക്ഷത്തിന്റേതുമാത്രമാണ്. ആ നയത്തിന് അനുകൂലമായാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ചിന്തിക്കുന്നത്. യുപിഎ, എന്‍ഡിഎ മുന്നണികള്‍ അനുദിനം അപ്രസക്തമാകുന്നതും കോഗ്രസും ബിജെപിയും ദയനീയമായി ഒറ്റപ്പെടുന്നതുമായ കാഴ്ചയാണ് ഇന്ന് രാജ്യത്തുള്ളത്. ഇടതുപക്ഷത്തിന് മുന്‍കൈയുള്ള മൂന്നാംശക്തികള്‍ യോജിച്ച് അപ്രതിരോധ്യമായ സഖ്യത്തിന്റെ രൂപമാര്‍ജിക്കുകയാണ്. മൂന്നാം ശക്തിയെ അധികാരത്തിലേറ്റുന്നതിന് യുപിഎ സര്‍ക്കാരിന്റെ വികല വിദേശനയം സുപ്രധാന കാരണമായി ജനങ്ങള്‍ കാണുമെന്നതില്‍ സംശയമില്ല.

Tuesday, March 17, 2009

ബദല്‍ നയങ്ങളുടെ പ്രഖ്യാപനം

ബദല്‍ നയങ്ങളുടെ പ്രഖ്യാപനം .


കോഗ്രസും ബിജെപിയും പിന്തുടരുന്ന നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ബദല്‍ സമീപനമാണ് സിപിഐ എമ്മിന്റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നത്. ദേശാഭിമാനവും രാജ്യസ്നേഹവും വിദേശനയത്തില്‍ പ്രതിഫലിക്കുമ്പോള്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സാമ്പത്തികനയത്തില്‍ തെളിഞ്ഞുകാണുന്നത്. 1991 നുശേഷം രാജ്യത്ത് അധികാരത്തിലിരുന്ന എല്ലാ സര്‍ക്കാരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നവ ഉദാരവല്‍ക്കരണനയങ്ങളാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുകയുമാണ് ആ നയങ്ങള്‍ ചെയ്തത്. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണവും വിദേശമൂലധനത്തിനുള്ള ഇളവുകളും പ്രതികൂലാവസ്ഥയാണ് സൃഷ്ടിച്ചത്. ആഗോളവല്‍ക്കരണം പരാജയപ്പെട്ടതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബദല്‍നയം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് രാജ്യത്തെ ജനങ്ങള്‍ക്കുള്ളത്. സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതിന് സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ പത്തുശതമാനം പദ്ധതിച്ചെലവിനായി നീക്കിവയ്ക്കുമെന്ന പ്രഖ്യാപനം അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഇത് സഹായകരമായിരിക്കും. ധനമേഖലയെ കയറൂരി വിടുന്ന നയത്തില്‍നിന്ന് വ്യത്യസ്തമായി ശക്തമായ നിയന്ത്രണങ്ങളാണ് പ്രകടനപത്രിക വിഭാവനംചെയ്യുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും ലാഭകരമാക്കാന്‍ കഴിയുന്നതുമായ പൊതുമേഖലാസ്ഥാപനങ്ങളൊന്നുംതന്നെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന ധീരമായ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അതോടൊപ്പം ഈ സ്ഥാപനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യയും മൂലധനവും ഉറപ്പുവരുത്തുമെന്നും പറഞ്ഞത് ശ്രദ്ധേയമാണ്. കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ് നല്‍കുന്നതിന് സഹായകരമായ നിര്‍ദേശങ്ങളാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. ഉദാരവല്‍ക്കരണനയങ്ങളുടെ ആഘാതം ഏറ്റവും അധികം അനുഭവിക്കേണ്ടിവന്ന മേഖല ഇതാണ്. കൂടുതല്‍ വിളകളെക്കൂടി കടാശ്വാസത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നതും ന്യായമായ വില ഉറപ്പുവരുത്തുന്നതും ആശ്വാസം നല്‍കും. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം ഇതുവരെയുള്ള നയങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. സമ്പന്നര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന നികുതി ഇളവുകള്‍ പിന്‍വലിക്കുമെന്ന നിലപാട് സിപിഐ എം ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കുന്നതാണ്. സംസ്ഥാനങ്ങളുടെ അധികാരംകൂടി കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാരുകളുടെ പൊതുസമീപനത്തില്‍നിന്ന് കുതറിമാറുന്നതാണ് സിപിഐ എം നിലപാട്. ഫെഡറല്‍ തത്വങ്ങളുടെ പരസ്യലംഘനത്തിനായി ഉപയോഗിച്ച കറുത്ത ചരിത്രമുള്ള 355, 356 അനുച്ഛേദം ഭേദഗതിചെയ്യുമെന്ന നിലപാട് സുവിദിതമായ പാര്‍ടി സമീപനത്തിന്റെ തുടര്‍ച്ചയാണ്. പുതിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ നല്ലൊരു പങ്കും കേന്ദ്രം കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്. ചെലവിന്റെ ഭാരം സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നികുതിവരുമാനത്തിന്റെ പകുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം പ്രസക്തമാകുന്നത്. വര്‍ഗീയതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടും മതനിരപേക്ഷതയോടുള്ള ശക്തമായ പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന പ്രായോഗിക നിര്‍ദേശങ്ങളാണ് പ്രകടനപത്രികയിലുള്ളത്. കോഗ്രസ് അധികാരത്തിലിരുന്ന സന്ദര്‍ഭത്തിലെല്ലാം കുറ്റകരമായ നിശബ്ദതയാണ് വര്‍ഗീയതയോട് സ്വീകരിച്ചിട്ടുള്ളത്. ബിജെപി ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയരൂപമാണ്. ബിജെപിയുടെ വര്‍ഗീയതയെ ചെറുക്കാന്‍ സിപിഐ എം നയിക്കുന്ന മുന്നണിക്കേ കഴിയൂ എന്നു പറയുന്നത് ആ പാര്‍ടി മുറുകെപ്പിടിക്കുന്ന നയങ്ങളെ അടിസ്ഥാനമാക്കിയാണ്. വര്‍ഗീയ കലാപങ്ങളെ നേരിടുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനം മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കലാപങ്ങളുടെ അതിവേഗത്തിലുള്ള വിചാരണ നടക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് നീതി ഉറപ്പുവരുത്തുന്നതിന്റെ അവിഭാജ്യഭാഗമാണ്. ഇതിനോടൊപ്പം ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാരിനു ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ ശരിയായ നിലപാടാണ് പ്രകടനപത്രികയിലുള്ളത്. ഭീകരതയെ കൈകാര്യംചെയ്യുന്നതിലും ധീരമായ നിലപാടാണ് സര്‍ക്കാരിനുണ്ടാകേണ്ടത്. മുംബൈ ആക്രമണം കോഗ്രസ് ഭരണസംവിധാനത്തിന്റെ പിടിപ്പുകേട് പുറത്തുകൊണ്ടുവന്നു. മലേഗാവ് സംഭവം സംഘപരിവാറിന്റെ രാഷ്ട്രീയരൂപത്തിന്റെ ഇരട്ടമുഖം പുറത്തുകൊണ്ടുവന്നു. മതത്തിന്റെയോ വംശത്തിന്റെയോ പരിഗണനകളില്ലാതെ ഭീകരവാദത്തെ എതിര്‍ക്കേണ്ടതുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തേണ്ടതും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതും അടിയന്തര മുന്നുപാധിയാണ്. സിപിഐ എം പരിപാടിയില്‍ ഇതിന് അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. ആണവകരാര്‍ പ്രശ്നത്തിലാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുന്ന ഒരു സര്‍ക്കാരിനെയും പിന്തുണയ്ക്കാന്‍ സിപിഐ എമ്മിനാകില്ല. 123 കരാര്‍ പുനഃപരിശോധിക്കുമെന്ന വാഗ്ദാനം സാമ്രാജ്യത്വ വിരുദ്ധ ശക്തികളില്‍ ആവേശം സൃഷ്ടിക്കുന്നതാണ്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അന്താരാഷ്ട്ര കരാറുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന ആവശ്യം രാജ്യസ്നേഹികളില്‍നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിന്റെ പ്രാഥമിക തത്വങ്ങളുടെ പരസ്യമായ ലംഘനമാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നടക്കുന്നത്. അത് അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് ജനാധിപത്യവാദികളുടെ പിന്തുണ ലഭിക്കുന്നതാണ്. ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിന് ജുഡീഷ്യല്‍ കമീഷന്‍ രൂപികരിക്കുമെന്നതും ഏറെക്കാലമായുള്ള ആവശ്യമാണ്. തൊഴിലാളിവര്‍ഗത്തിന്റെയും ദുരിതമനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങളോട് സിപിഐ എം സ്വീകരിക്കുന്ന അടിസ്ഥാന നയം തന്നെയാണ് ഇതുസംബന്ധിച്ച വാഗ്ദാനങ്ങളിലുള്ളത്. പ്രകൃതിയുടെമേല്‍ മൂലധനത്തിനുള്ള കഴുത്തറുപ്പന്‍ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള നിലപാടാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പട്ടിണിയില്ലാത്ത പരമാധികാര മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കാര്യങ്ങളാല്‍ സമ്പന്നമാണ് പ്രകടനപത്രിക. കോഗ്രസ് ഇല്ലാത്ത ബിജെപി വിരുദ്ധ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് ജനാധിപത്യ ശക്തികളെ ഒന്നിച്ച് അണിനിരത്തുന്നതിന് ആവശ്യമായ ദിശാബോധം നല്‍കാന്‍ ഈ പ്രകടനപത്രികയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
from deshabhimani

Monday, February 16, 2009

ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു

ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു .


ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിന്നും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശജനകമാണ് . കടുത്ത സാമ്പത്തികമാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങളില്‍ നിന്ന് തിരിച്ച് കേരളത്തിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത് .എന്നാല്‍ മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.
ലോകമെങ്ങും സാമ്പത്തികക്കുഴപ്പത്തില് അകപ്പെട്ടപ്പോള് നമ്മുടെ രാജ്യം പിടിച്ചുനില്‍ക്കുന്നത് പ്രവാസികള് നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള് ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില് കേരളത്തില്‍നിന്നുള്ള പ്രവാസികളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില് വമ്പിച്ച വിദേശനാണയകമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശനാണയത്തിനുവേണ്ടി നമ്മുടെ ഖജനാവ് കരുതല് പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശമാര്‍ക്കറ്റില് ലേലംചെയ്തു വിറ്റിട്ടാണ് വിദേശനാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശനാണയ ശേഖരത്തില് കോടികളാണുള്ളത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴുകളില് വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന് പ്രൊട്ടക്ഷന് ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടിവച്ചാല്‍മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന് സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതുവര്‍ഷത്തെ പലിശകൂടി ചേര്‍ത്താല് ഏകദേശം 20,000 കോടി രൂപയോളംവരും. ഈ പണമാകട്ടെ നല്ലൊരുശതമാനവും കേരളത്തില്‍നിന്നുപോയ പ്രവാസി മലയാളികളുടേതാണ്. ഈ പണത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ഒരു എംപി പാര്‍ലമെന്റില് ചോദിച്ചപ്പോള് കേന്ദ്ര പ്രവാസിമന്ത്രി പറഞ്ഞത് ഫയലുകള് പഠിക്കുകയാണെന്നാണ്. ഈ മന്ത്രിയുടെ പഠനം ഇന്നും കഴിഞ്ഞിട്ടില്ല. ലോകത്തില് ഏറ്റവും കൂടുതല് പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍നിന്നാണ്. അവര്‍ക്കുവേണ്ടി ഏതെങ്കിലുമൊരു ക്ഷേമപദ്ധതി കൊണ്ടുവരാന് ഇതുവരെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള് ഉള്‍പ്പെടെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്രഗവമെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തുനിന്ന് എവിടെയൊക്കെ ആളുകള് പോയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പണിയെടുക്കുന്നുവെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതുവരെ ശേഖരിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യമാണ് നമ്മുടെത് സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതില് പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയിലാദ്യമായി പ്രവാസിക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല് നായനാര് കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു അത്.
നാരായണന്‍ വെളിയംകോട്.

Tuesday, February 10, 2009

നവ കേരള മാര്‍ച്ചിന്റെ പ്രസക്തി

നവ കേരള മാര്‍ച്ചിന്റെ പ്രസക്തി





'സുരക്ഷിത ഇന്ത്യ, ഐശ്വര്യകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവകേരള മാര്‍ച്ച് ഫെബ്രുവരി 2 ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. സാര്‍വദേശീയ-ദേശീയ കേരള രാഷ്ട്രീയത്തില്‍ ഗൌരവകരമായ പല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യം ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന കാലം കൂടിയാണിത്.

മുതലാളിത്തം ബദലില്ലാത്ത വ്യവസ്ഥയാണെന്ന പ്രചരണത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ആഗോള മുതലാളിത്ത പ്രതിസന്ധി വ്യാപകമായിരിക്കുന്നത്. ഇത് മുതലാളിത്തത്തെ സംബന്ധിച്ചുള്ള മാര്‍ക്സിന്റെ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയാണ് എന്നതിന് അടിവരയിടുന്നു. ഇടവിട്ടുള്ള സാമ്പത്തിക കുഴപ്പം മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്. സോഷ്യലിസ്റ് വ്യവസ്ഥയ്ക്കകത്ത് മാത്രമേ ഇതിന് പരിഹാരമുണ്ടാവുകയുള്ളൂ. മാര്‍ക്സിന്റെ ഈ ശാസ്ത്രീയ ചിന്ത ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ വായിക്കപ്പെടുന്ന നില ലോകത്താകമാനം ഉണ്ടായിരിക്കുകയാണ്. ചിലര്‍ പ്രചരിപ്പിച്ചതുപോലെ, മുതലാളിത്തം വികസിക്കുമ്പോള്‍ മാര്‍ക്സിസം കാലഹരണപ്പെടുകയല്ല ഉണ്ടായത്. മറിച്ച്, കൂടുതല്‍ പ്രസക്തമായിത്തീരുകയാണ്. വര്‍ത്തമാനകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇത് ശരിവയ്ക്കുകയാണ്.

സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ സോഷ്യലിസ്റ് വ്യവസ്ഥയെ തകിടം മറിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ശക്തമായി നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രങ്ങളിലും സോവിയറ്റ് റഷ്യയോട് സൌഹൃദം പുലര്‍ത്തുന്ന ഭരണകൂടങ്ങളെ അട്ടിമറിക്കുക എന്ന ലക്ഷ്യം വെച്ച് ലോകത്തെങ്ങും ഭീകരവാദപ്രസ്ഥാനങ്ങളെ സൃഷ്ടിക്കുന്ന നയത്തിലേക്ക് അമേരിക്ക നീങ്ങി. ഇതിന്റെ ഫലമായി സാര്‍വദേശീയമായി ഭീകരവാദപ്രസ്ഥാനങ്ങള്‍ ശക്തിപ്പെടാന്‍ തുടങ്ങി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നേരിട്ട് കടന്നുകയറാനുള്ള പദ്ധതികള്‍ ആയുധശക്തിയും അന്താരാഷ്ട്ര സ്ഥാപനങ്ങളിലുള്ള മേല്‍ക്കൈയും ഉപയോഗിച്ച് അമേരിക്ക നടപ്പിലാക്കി. ഇത് ലോകത്ത് സംഘര്‍ഷങ്ങള്‍ രൂപപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളുമായി സന്ധി ചെയ്ത സംഘപരിവാര്‍ ശക്തികള്‍ നടത്തിയ ഫാസിസ്റ് രീതിയിലുള്ള നയസമീപനങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത തിരിച്ചടിയായി. ബാബറി മസ്ജിദിന്റെ തകര്‍ച്ച ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വമ്പിച്ച അരക്ഷിതാവസ്ഥ രൂപപ്പെടുത്തി. ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെയുള്ള സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ക്രൂരമായി ആക്രമിക്കപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യന്‍ മതേതരത്വത്തെ തുരങ്കം വയ്ക്കുകയും ചെയ്യുന്ന സംഘപരിവാര്‍ നയങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇന്ത്യന്‍ മതേതരത്വത്തെ ശക്തിപ്പെടുത്താനാവൂ. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടേണ്ടതുണ്ട്.

സംഘപരിവാര്‍ നടത്തുന്ന ഫാസിസ്റ് സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ രൂപപ്പെട്ടുവരുന്ന ന്യൂനപക്ഷ വര്‍ഗീയത ഫലത്തില്‍ ഇത്തരം ശക്തികളെ സഹായിക്കുന്നതിനേ ഇടയാവുകയുള്ളൂ. ഫാസിസത്തിനുള്ള മറുപടി ജനാധിപത്യപരമായ സമൂഹത്തെ ശക്തിപ്പെടുത്തിയും മതേതരത്വത്തെ കൂടുതല്‍ വികസിപ്പിച്ചുമാണ് നല്‍കേണ്ടത്. അല്ലാതെയുള്ള നിലപാടുകള്‍ കൊണ്ട് ഈ ഭവിഷ്യത്ത് പരിഹരിക്കാനാവില്ല. ന്യൂനപക്ഷ വര്‍ഗീയത ജനാധിപത്യപരമായ സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. മാത്രമല്ല, ഇരു വര്‍ഗീയതയും പരസ്പര പൂരകമായി വളര്‍ത്തുന്നതിന് ഇടയാക്കുന്നു. ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും ലക്ഷ്യം വയ്ക്കുന്നത് തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളെയാണ് എന്നത് കേരളത്തിന്റെ അനുഭവങ്ങളില്‍ നിന്നും സ്പഷ്ടമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഭീകരവാദികളെന്ന് മുദ്രകുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഭീകരവാദം ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല. മലേഗാവ്, സംഝോധ എക്സ്പ്രസ് തീവെപ്പ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ സംഘപരിവാര്‍ ഭീകരവാദ സംഘം തന്നെയാണെന്ന് വ്യക്തമാക്കി.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭീകരവാദശക്തികളെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നു എന്നതിലെ ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈയിലെ ഭീകരാക്രമണം. മറ്റൊരു രാജ്യത്തെ കേന്ദ്രീകരിച്ച് പൂര്‍ണ്ണമായ തയ്യാറെടുപ്പോടെ ഒരു സംഘം രാജ്യത്ത് എത്തിയിട്ടും അവ കണ്ടെത്തുന്നതില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം പൂര്‍ണ്ണ പരാജയമായിരുന്നു എന്നത് രാജ്യത്തെത്തന്നെ ഞെട്ടിച്ച സംഭവമാണ്. വിവിധ തരത്തിലുള്ള ഭീകരവാദികളുടെ ആക്രമണങ്ങള്‍ക്ക് രാജ്യം വിധേയമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അവ തടയുന്നതില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്.

രാജ്യത്ത് സംഘപരിവാര്‍ മതേതരത്വത്തിന് ഉയര്‍ത്തുന്ന ഭീഷണി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് തികഞ്ഞ പരാജയമാണെന്ന് ബാബറി മസ്ജിദിന്റെ തകര്‍ച്ചയിലൂടെ രാജ്യത്താകമാനം ബോധ്യപ്പെട്ടതാണ്. വര്‍ത്തമാനകാലത്ത് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഭീകരവാദത്തിന്റെ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനും തടയുന്നതിനും യു.പി.എ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് ബോംബെയില്‍ നടന്ന ഭീകരാക്രമണം വ്യക്തമാക്കി. പാകിസ്ഥാനില്‍നിന്ന് സായുധരായി മുന്നോട്ടുവന്ന തീവ്രവാദി സംഘങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇന്ത്യയിലെ സുരക്ഷാ സംവിധാനത്തിന് കഴിഞ്ഞില്ല എന്നത് ഏറെ ഗൌരവകരമായ പ്രശ്നമാണ്. അതോടൊപ്പംതന്നെ സംഘപരിവാറിന്റെ നരഹത്യകളെ പ്രതിരോധിക്കുന്നതിലും തികഞ്ഞ അലംഭാവമാണ് കോണ്‍ഗ്രസ് കാണിച്ചത്. ഗുജറാത്തിലും ഒറീസ്സയിലും പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇവിടങ്ങളിലൊന്നും വംശഹത്യകള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായതുമില്ല.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ക്കൊപ്പിച്ച് നിലപാടുകള്‍ എടുക്കാനാണ് യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ബോംബെയിലെ ഭീകരാക്രമണത്തിന്റെ അന്വേഷണം പോലും അമേരിക്കന്‍ ഏജന്‍സി പറയുന്ന രീതിയിലേക്ക് നടത്തിക്കൊണ്ടുപോകാന്‍ തയ്യാറായ കേന്ദ്രസര്‍ക്കാര്‍ നയം. ഇന്ത്യയെ അമേരിക്കയുടെ ആശ്രിതനായി വളര്‍ത്തുവാനുള്ള നയങ്ങളാണ് സാമ്പത്തിക-വിദേശ നയങ്ങളിലുള്‍പ്പെടെ പ്രകടമാകുന്നത്. ഇന്ത്യയുടെ വിഖ്യാതമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നയങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇന്‍ഷ്വറന്‍സ് മേഖല ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകളില്‍ ഉയര്‍ന്നുവരുന്ന വിദേശനിക്ഷേപത്തിനായുള്ള നിയമങ്ങളും സാമ്രാജ്യത്വ വിധേയത്വത്തിന്റെ ദൃഷ്ടാന്തമാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാനുള്ള വിത്ത് ബില്ലും ഇതിന്റെ തുടര്‍ച്ചയാണ്. ഇറാനെതിരെ ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഇന്ത്യ നടത്തിയ വോട്ട് നഗ്നമായ അമേരിക്കന്‍ പാദസേവയായിരുന്നു. സദ്ദാം ഹുസൈന്‍ വധിക്കപ്പെടുന്ന ജനാധിപത്യവിരുദ്ധവും ദാരുണവുമായ നടപടി അമേരിക്ക നടത്തിയിട്ടും അതിനെതിരെ ശബ്ദിക്കാന്‍ പോലും ഇന്ത്യാഗവണ്‍മെന്റിന് കഴിഞ്ഞില്ല. നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇസ്രയേലുമായി ഒരു തരത്തിലുള്ള നയതന്ത്രബന്ധത്തിനും ഇന്ത്യാഗവണ്‍മെന്റ് ഒരുക്കമായിരുന്നില്ല. എന്നാല്‍ പാലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്തും അവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും പണയംവയ്ക്കുന്ന തരത്തിലാണ് ആണവകരാറില്‍ ഇന്ത്യ ഒപ്പിട്ടിരിക്കുന്നത് എന്ന് കാണാവുന്നതാണ്. അമേരിക്കന്‍ ആശ്രിതത്വത്തിനെതിരായി പാര്‍ലമെന്റില്‍ ആണവകരാര്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ ഔന്നിത്യത്തെയും തകര്‍ക്കുന്ന വിധം പണമൊഴുകിയതും രാജ്യത്തിനാകമാനം അപമാനമുണ്ടാക്കിയ കാര്യമാണ്.

കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഘട്ടത്തില്‍ പൊതുമേഖലയെ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇടതുപക്ഷത്തിന്റെ ഇടപെടലാണ് ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നതില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തിയത്. പെന്‍ഷന്‍ പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കവും പ്രോവിഡന്റ് ഫണ്ടിന്റെ പലിശ വെട്ടിക്കുറയ്ക്കാനുള്ള നടപടിയുമെല്ലാം തടഞ്ഞുനിര്‍ത്തിയതും ഇടതുപക്ഷമാണ്. തൊഴിലുറപ്പ് പദ്ധതി പോലുള്ള സംരംഭങ്ങള്‍ രൂപപ്പെടുത്തിയതും ജനപക്ഷത്തുനിന്നുകൊണ് ഇടതുപക്ഷം സ്വീകരിച്ച നിലപാടുകൊണ്ടാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നയങ്ങളാണ് ഈ പ്രതിസന്ധിക്ക് പരിഹാരമെന്ന രീതിയില്‍ ലോകം നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍പ്പോലും ഇന്‍ഷ്വറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നടപടിയാണ് യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ചത്. കൊണ്ടാലും പഠിക്കില്ലെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് യു.പി.എയുടെ പോക്ക്.

രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറ വയ്ക്കുന്ന നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ബദലായി മൂന്നാമതൊരു രാഷ്ട്രീയശക്തിയെ രൂപപ്പെടുത്തുക എന്നതാണ് ഇന്ത്യാരാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അനിവാര്യമായിട്ടുള്ളത്. രാജ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താതെ വര്‍ഗീയതയ്ക്കെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അമേരിക്കന്‍ ആശ്രിതത്വത്തിനെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിലെ സുപ്രധാനമായ കാര്യമാണ്. വര്‍ഗീയശക്തികളെ പരാജയപ്പെടുത്തുക, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങാതിരിക്കുക, ജനങ്ങളുടെ ഉപജീവനമാര്‍ഗത്തെയും സ്വാശ്രയ വികസനത്തെയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ബദല്‍ സംഘടിപ്പിക്കാന്‍ ജനങ്ങളെ അണിനിരത്തുക എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റെടുക്കാനുള്ള കടമ.

ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ അത് ഉയര്‍ത്തുന്ന പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍ നയം ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പിന്തുടര്‍ന്ന ആഗോളവല്‍ക്കരണ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനം അതുകൊണ്ടുതന്നെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയാണ്. അതിന്റെ ഗുണഫലങ്ങള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ ഇടപെടലിന്റെ ഭാഗമായി കര്‍ഷക ആത്മഹത്യകള്‍ തന്നെ സംസ്ഥാനത്ത് ഇല്ലാതാകുന്ന നിലയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിച്ച് ശക്തിപ്പെടുത്താന്‍ എടുത്ത നടപടികളുടെ ഫലമായി ഈ വര്‍ഷം 80.31 കോടി രൂപ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനും സാധ്യമായി.

ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുന്ന ആഗോളവല്‍ക്കരണ നയത്തിനു ബദലായി അവയെ ശക്തിപ്പെടുത്താനും കൂടുതല്‍ മേഖലയിലേക്ക് അവ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായി. ക്ഷേമ പെന്‍ഷനുകള്‍ 200 രൂപയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. ഷോപ്പ്സ് & എസ്റാബ്ളിഷ്മെന്റ് നിയമം ഇതിന്റെ മറ്റൊരു തെളിവാണ്. കേരളത്തിലെ ഏഴുലക്ഷത്തോളം വീടുകള്‍ പുതുതായി നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കി. 5000 കോടി രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീട് വയ്ക്കാനും സ്ഥലം നല്‍കാനും നീക്കിവച്ചിട്ടുള്ളത്. ഇതോടൊപ്പം ഇ.എം.എസ് ഭവനനിര്‍മ്മാണപദ്ധതി ഒരു ജനകീയ സംരംഭമാക്കി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ഇടപെടലുകള്‍ക്ക് ഈ കാലയളവ് സാക്ഷ്യംവഹിച്ചു. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടംതിരിഞ്ഞിരുന്ന കേരളത്തെ അതില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വിലക്കയറ്റം രൂക്ഷമായപ്പോള്‍ അവ പിടിച്ചുനിര്‍ത്താനുള്ള കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ശരിയായ ദിശയിലേക്ക് നയിക്കാനും സാധ്യമായി.

കേരളത്തിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ മുഴുകി. പാലക്കാട്ടെ കോച്ച് ഫാക്ടറി, വിഴിഞ്ഞം പദ്ധതി, വല്ലാര്‍പ്പാടം പദ്ധതി തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഐ.ടി മേഖലയില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ സ്മാര്‍ട്ട് സിറ്റി പദ്ധതി കരാറില്‍ ഒപ്പുവയ്ക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. മത്സ്യബന്ധന മേഖലയില്‍ വറുതിയുടെ നാളുകളില്‍ നിന്ന് അവരെ മോചിപ്പിക്കാനും കഴിഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് വിമുക്തമായതും ഗുണ്ടാ ആക്രമണങ്ങളില്‍ നിന്ന് നഗരങ്ങളെ സംരക്ഷിക്കാനും ഉതകുന്ന തരത്തില്‍ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തി. ഭീകരവാദികളുടെ അടിത്തറ തന്നെ തകര്‍ക്കുന്ന നയം മുന്നോട്ടുവച്ചു. ടൂറിസം മേഖല ഉള്‍പ്പെടെയുള്ള പുത്തന്‍ വികസന മേഖലയില്‍ കുതിച്ചുചാട്ടം ഈ കാലത്തുണ്ടായി. ഇത്തരത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരായുള്ള പോരാട്ടം സംഘടിപ്പിക്കുമ്പോള്‍ തന്നെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് നവകേരളം സൃഷ്ടിക്കാനുള്ള ഇടപെടലാണ് പാര്‍ടി നടത്തിക്കൊണ്ടിരിക്കുന്നത്.

ആഗോളതലത്തില്‍ മുതലാളിത്തം കടുത്ത പ്രതിസന്ധിയിലാവുകയും മാര്‍ക്സിയന്‍ കാഴ്ചപ്പാടുകളിലേക്ക് ലോകജനത കൂടുതല്‍ കരുത്തോടെ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. രാജ്യത്ത് ജനപക്ഷത്തുനിന്നുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ വമ്പിച്ച ബഹുജന അംഗീകാരം നേടിയെടുത്തിട്ടുമുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ ജനകീയ ബദലുകള്‍ ഉയര്‍ത്തുകയാണ്. വര്‍ഗീയതയ്ക്കെതിരായി പാര്‍ടി നടത്തിയിട്ടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം മതേതര വിശ്വാസികളുടെ മുഴുവന്‍ അംഗീകാരം നേടിയിട്ടുമുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വശക്തികളുടെയും അവരെ പിന്‍പറ്റുന്ന പിന്തിരിപ്പന്മാരുടെയും ആവശ്യമാണ്. ആ നിലയിലുള്ള ഇടപെടലുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

കമ്യൂണിസ്റ് പാര്‍ടി മുകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന പ്രസ്ഥാനമാണ്. അതുകൊണ്ട് നേതൃത്വത്തെയും പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളെയും ദുര്‍ബ്ബലപ്പെടുത്തിയാല്‍ പാര്‍ടിയെ തകര്‍ക്കാമെന്ന് ഇവര്‍ വ്യാമോഹിക്കുന്നു. കമ്യൂണിസ്റ് പാര്‍ടി രൂപീകൃതമായ കാലം തൊട്ടുതന്നെ ഇത്തരത്തിലുള്ള നിരവധി നടപടികള്‍ ഭരണവര്‍ഗം ചെയ്തിട്ടുണ്ട്. മീറത്ത് ഗൂഢാലോചനക്കേസ് മുതല്‍ ആരംഭിക്കുന്ന പരമ്പര ചരിത്രത്തിലുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് പാര്‍ടി വളര്‍ന്നുവന്നത്. എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാന്‍ പാര്‍ടിക്ക് കരുത്തായി നിന്നത് അതിനായി ജീവന്‍ ത്യജിക്കാന്‍പോലും തയ്യാറായ ജനലക്ഷങ്ങളാണ്. പാര്‍ടിക്കെതിരായി നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളെ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാണിച്ചുകൊണ്ട് പാര്‍ടി മുന്നോട്ടുപോകും.

നാടിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചുകൊണ്ടും വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടിക്കൊണ്ടും നടക്കുന്ന ഈ മാര്‍ച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു സംഭവമായിത്തീരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനായി മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
പിണറായി വിജയന്‍

Thursday, February 5, 2009

ലാവലിന്‍ ഗൂഢാലോചന: പ്രതി ആര്‌ ?

ലാവലിന്‍ ഗൂഢാലോചന: പ്രതി ആര്‌ ?
ഡോ. തോമസ്‌ ഐസക്‌

ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍ തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട്‌ നില്‍ക്കുകയാണ്‌. ഇതുതന്നെയാണ്‌ പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്‌. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുത്ത സോണിയാ ഗാന്ധിയുമാണ്‌ പ്രതികള്‍.

സംസ്ഥാനത്തിനു നഷ്‌ടം വരുത്തുന്നതിന്‌ മുന്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ഒരുപറ്റം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന്‌ സി.ബി.ഐ 'കണ്ടുപിടിച്ചി'രിക്കുന്നു. ഇത്‌ മുന്‍കൂട്ടി കൃത്യമായി പ്രവചിച്ചവര്‍ പലരാണ്‌. മാസങ്ങളായി ഈ ദിനത്തിന്‌ നോമ്പുനോറ്റിരുന്ന പാര്‍ട്ടി ശത്രുക്കള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്‌. പാര്‍ട്ടിയെ നന്നാക്കാന്‍ ഒട്ടേറെ സൗജന്യ ഉപദേശവും ഈ മാന്യന്മാര്‍ നിര്‍ലോഭം തരുന്നുണ്ട്‌. എന്തൊക്കെ പുതിയ ഭാഷാപ്രയോഗങ്ങളാണ്‌ അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത്‌. ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട്‌ നില്‍ക്കുകയാണ്‌. ഇതുതന്നെയാണ്‌ പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്‌. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. അതുകൊണ്ട്‌ ചില ലളിത പ്രാഥമിക സങ്കല്‌പങ്ങളില്‍നിന്ന്‌ ആരംഭിക്കേണ്ടിയിരിക്കുന്നു. വിഷയം കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍ (1940), ചെങ്കുളം (1954), പന്നിയാര്‍ (1963) എന്നീ വൈദ്യുതി നിലയങ്ങളുടെ നവീകരണമാണ്‌. 25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ്‌ പൊതുധാരണ. ഇതിന്‌ വലിയ ചെലവുവരും. അതുകൊണ്ട്‌ തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ്‌ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച്‌ പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്‌. പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട്‌ ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്‌. വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത്‌ ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്‌. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച്‌ കരാര്‍ ഉറപ്പിക്കുകയാണ്‌ ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ്‌ വിദേശരാജ്യത്തുനിന്ന്‌ വായ്‌പയായി ലഭിക്കുമെന്നതാണ്‌. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്‌. ഏറ്റവും ചെലവ്‌ കുറച്ച്‌ ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക്‌ കരാര്‍ ഉറപ്പിച്ചുകൊടുക്കാം. പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത്‌ ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത്‌ ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്‌. അതിനവരെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത്‌ വൈദ്യുത നിലയങ്ങള്‍ നവീകരിക്കേണ്ടതിന്റെ പരിഭ്രാന്തി മൂത്തതുമൂലം ധാരണാപത്ര സമ്പ്രദായമാണ്‌ പ്രോത്സാഹിപ്പിക്കപ്പെട്ടത്‌. അങ്ങനെ യു.ഡി.എഫ്‌. സര്‍ക്കാര്‍ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കമ്പനിവഴി നടപ്പാക്കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി. ലാവലിന്‍ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം ആരാണ്‌ ധാരണാപത്ര സമ്പ്രദായാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നവീകരണം തീരുമാനിച്ചത്‌ എന്നതാണ്‌. തങ്ങള്‍ കേവലം കണ്‍സള്‍ട്ടന്‍സിക്കുള്ള കരാറാണ്‌ ലാവലിനുമായി ഉണ്ടാക്കിയത്‌. പിണറായി വിജയനാണ്‌ അത്‌ സാധനങ്ങള്‍ വാങ്ങാനുള്ള കരാറാക്കി മാറ്റിയത്‌ എന്നാണ്‌ യു.ഡി.എഫിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടാണ്‌ കരാറിന്‌ നാനാതരം വിശേഷണം കൊടുത്ത്‌ ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ ഒരു തീര്‍ച്ച മൂര്‍ച്ച വരുത്താം. എന്തിന്‌ സിദ്ധാന്തം പറയണം, കരാര്‍ ഉറപ്പിക്കുന്നതിനുള്ള നടപടിക്രമം, എന്തെന്ന്‌ യു.ഡി.എഫ്‌ നടപ്പാക്കിയ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. ഇതുതന്നെയാണ്‌ വള്ളിപുള്ളി വിടാതെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളിലും സ്വീകരിച്ചത്‌. രണ്ടിടത്തും ലാവലിന്‍ തന്നെ കമ്പനി. കരാര്‍ രേഖകളില്‍ പദ്ധതിയുടെ പേരും തുകയും അതുപോലുള്ള ചില ഇനവും ഒഴികെ ബാക്കി ഒന്നിനും വള്ളിപുള്ളി വ്യത്യാസമില്ല. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിന്‌ മൂന്ന്‌ ഘട്ടമുണ്ട്‌. ആദ്യത്തെത്‌ ധാരണാപത്രം ഒപ്പുവെക്കലാണ്‌. ഇതിലാണ്‌ എന്ത്‌ പ്രോജക്ട്‌? ഏത്‌ കമ്പനി? എത്ര തുക? വായ്‌പയെങ്ങനെയാണ്‌ ലഭിക്കുക? തുടങ്ങി പൊതുവായ കാര്യങ്ങള്‍ സംബന്ധിച്ച്‌ ധാരണയെത്തുക. ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ്‌ രണ്ടാംഘട്ടം. പേര്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ്‌ അടിസ്ഥാനകരാര്‍. കമ്പനി ചെയ്യേണ്ടുന്ന സേവനങ്ങളെക്കുറിച്ചു മാത്രമല്ല ഇതില്‍ വിശദമായി പ്രതിപാദിക്കുന്നത്‌. കമ്പനി വാങ്ങി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ ഓരോന്നിന്റെയും സ്‌പെസിഫിക്കേഷനും വിലയും ഈ കരാറിലുണ്ട്‌. കണ്‍സള്‍ട്ടന്‍സി കരാറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നതാണ്‌ മൂന്നാമത്തെ കരാര്‍. അതുകൊണ്ടാണ്‌ ചിലര്‍ ഇതിനെ സപ്ലെ കരാര്‍ എന്നു വിളിക്കുന്നത്‌. യഥാര്‍ഥത്തില്‍ ഇതൊരു രണ്ടാംഘട്ട കരാറിന്റെ വെറും അനുബന്ധം മാത്രമാണ്‌. മൂന്നാംഘട്ടത്തിലെ അവസാനകരാറിന്റെ പേരുതന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നാണ്‌. കുറ്റിയാടി പദ്ധതിയില്‍ യു.ഡി.എഫ്‌. മന്ത്രിയായിരുന്ന സി.വി. പദ്‌മരാജനാണ്‌ ധാരണപത്രവും അതിനുശേഷം കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചത്‌. അപ്പോഴേക്കും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പിന്നീടു മന്ത്രിയായ ജി. കാര്‍ത്തികേയനാണ്‌ ഇവയുടെ അടിസ്ഥാനത്തിലുള്ള അവസാനകരാര്‍ അല്ലെങ്കില്‍ അനുബന്ധ കരാറില്‍ ഒപ്പുവെച്ചത്‌. 2001-ല്‍ പൂര്‍ത്തിയായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ബ്രഹ്മപുരം പോലെ വലിയൊരു തീവെട്ടിക്കൊള്ളയായിരുന്നു. അതിന്റെ കഥ പിന്നീടൊരവസരത്തില്‍ പറയാം. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന്‌ കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌ ജി. കാര്‍ത്തികേയനാണ്‌. 1996 ഫിബ്രവരി 24-നാണ്‌ കാര്‍ത്തികേയന്‍ ഇത്‌ ഒപ്പുവെച്ചത്‌. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്‌. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്‌. അതുകൊണ്ട്‌ ജി. കാര്‍ത്തികേയന്‌ കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട്‌ അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്‌. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക്‌ കുറ്റിയാടി പദ്ധതിക്ക്‌ സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന്‌ അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്‌. കാനഡയില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിയിട്ട്‌ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചുകഴിഞ്ഞാണ്‌ പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്‌. ഗ്ലോബല്‍ ടെന്‍ഡറിലേക്ക്‌ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കണം. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവലിനുമായി പാരീസ്‌ കോടതിയില്‍ കേസും നടത്തേണ്ടിവരും. നേരിയമംഗലം പവര്‍ പ്രോജക്ടിന്റെ കാര്യത്തില്‍ എ.ബി.ബി. കമ്പനിയുമായി യു.ഡി.എഫ്‌. സര്‍ക്കാര്‍ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചിരുന്നില്ല. അതുകൊണ്ട്‌ കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. എ.ബി.ബി. നാലുവര്‍ഷം കേസ്‌ നടത്തി. യു.ഡി.എഫിന്റെ കാലത്ത്‌ കേസ്‌ നമ്മള്‍ തോല്‍ക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു ദുര്‍ഗതി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുണ്ടാകരുതെന്ന ആഗ്രഹംകൊണ്ടും അന്നത്തെ വൈദ്യുതിക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും അനുബന്ധ കരാറില്‍ ഒപ്പുവെച്ച്‌ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ക്യാബിനറ്റും തീരുമാനിച്ചത്‌. കുറ്റിയാടി പദ്ധതി സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിലെയും കണ്‍സള്‍ട്ടന്‍സി കരാറിലെയും നിബന്ധനകള്‍ അതേപടി അംഗീകരിച്ചാണ്‌ അന്തിമകരാറില്‍ ജി. കാര്‍ത്തികേയന്‍ ഒപ്പിട്ടത്‌. അതല്ല പിണറായി വിജയന്‍ ചെയ്‌തത്‌. കാനഡയില്‍നിന്ന്‌ വാങ്ങുന്ന സാധനസാമഗ്രികളുടെ തുക, അതിനു നല്‍കേണ്ടുന്ന പലിശ, ലാവലിനുള്ള കണ്‍സള്‍ട്ടന്‍സി ഫീസ്‌, മറ്റു ഫീസുകള്‍ തുടങ്ങി കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരുന്ന ഓരോ ഇനത്തിനും മുമ്പ്‌ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം ഉറപ്പുവരുത്തിക്കൊണ്ടാണ്‌ അവസാനകരാറില്‍ ഏര്‍പ്പെട്ടത്‌. ഈ നേട്ടങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിട്ടുണ്ട്‌. ഇത്രയും നേട്ടം കേരളത്തിന്‌ യു.ഡി.എഫിന്റെ കരാറില്‍നിന്ന്‌ അധികമായി നേടിക്കൊടുത്ത പിണറായി വിജയന്‍ സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുള്ള വാദം എത്ര വിരോധാഭാസമാണ്‌. ഇനി വാദത്തിന്‌ ഇതു സമ്മതിച്ചാല്‍ പ്പോലും ആദ്യം പ്രതിയാകേണ്ടത്‌ ജി. കാര്‍ത്തികേയനും യു.ഡി.എഫുമല്ലേ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ വഴി കോടികള്‍ പാഴാക്കി സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്തി എന്നൊക്കെ പറഞ്ഞ്‌ ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ യു.ഡി.എഫ്‌. മനസ്സിലാക്കേണ്ടത്‌ നാലു വിരല്‍ നിങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌ എന്നതാണ്‌. ആരാണ്‌ ഗൂഢാലോചന നടത്തുന്നത്‌? പ്രതിയാര്‌? കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയില്‍ സി.ബി.ഐ. പങ്കാളിയായിരിക്കുന്നു. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുത്ത സോണിയാഗാന്ധിയുമാണ്‌ പ്രതികള്‍.

സി.ബി.ഐ.യെ സ്വതന്ത്രമാക്കണം

സി.ബി.ഐ.യെ സ്വതന്ത്രമാക്കണം.

വര്‍ക്കല രാധാകൃഷ്‌ണന്‍ (എം.പി.)

സി.ബി.ഐ.യുടെ ഘടനയെ സംബന്ധിച്ചും പ്രവര്‍ത്തനശൈലിയെക്കുറിച്ചും ചിലത്‌ പറയേണ്ടതുണ്ട്‌. ഈ അന്വേഷണ ഏജന്‍സി കേന്ദ്രഗവണ്മെന്റിന്റെ ആഭ്യന്തരവകുപ്പിന്റെ പൂര്‍ണമായ നിയന്ത്രണത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡയറക്ടര്‍ ആഭ്യന്തരവകുപ്പു നിയമിക്കുന്ന ആളായിരിക്കും. ആഭ്യന്തരവകുപ്പു മന്ത്രിക്ക്‌ നിയമനകാര്യത്തില്‍ പൂര്‍ണമായ അധികാരമുണ്ട്‌. ഡയറക്ടറുടെ നിയമനം പലപ്പോഴും സുതാര്യമല്ല. ഈ അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്‌ 1946-ല്‍ നിലവില്‍ വന്ന ഡല്‍ഹി സ്‌പെഷല്‍ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ്‌. ഉദ്യോഗസ്ഥരുടെ സേവന, വേതന വ്യവസ്ഥകള്‍ പൂര്‍ണമായി തീരുമാനിക്കുന്നത്‌ ആഭ്യന്തര വകുപ്പാണ്‌ ബ്രിട്ടീഷ്‌ ഭരണകാലത്തുള്ള വ്യവസ്ഥകള്‍തുടര്‍ന്നുവരുന്നുവെന്നര്‍ഥം. ഈ പോലീസ്‌ സംഘടനയ്‌ക്ക്‌ സ്വന്തമായി കേസ്‌ എടുക്കാനോ അന്വേഷണം നടത്താനോ അധികാരമില്ല. കേന്ദ്രഗവണ്മെന്‍േറാ കോടതികളോ നല്‌കുന്നഉത്തരവുകള്‍ വഴി അന്വേഷണച്ചുമതല ഏറ്റെടുക്കുകയാണ്‌ പതിവ്‌. സംസ്ഥാന സര്‍ക്കാറുകളുടെ സമ്മതവും ആവശ്യമാണ്‌. സി.ബി.ഐ.യുടെ ഘടനയെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും വിശദമായ പരിശോധന നടത്തി സമൂര്‍ത്തമായ ചില നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തണമെന്ന്‌ ശുപാര്‍ശചെയ്‌ത്‌ പാര്‍ലമെന്റിന്റെ 'നിയമവും നീതിയും' എന്ന സ്റ്റാന്‍ഡിങ്‌ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. പ്രസ്‌തുത കമ്മിറ്റിയിലെ ഒരംഗമായിരുന്നു ഞാന്‍. സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനു പുറമേ ഡോ. എന്‍.ആര്‍. മാധവമേനോന്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയുടെ 'ദേശീയനയം ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍' എന്ന വിഷയത്തെ സംബന്ധിച്ച്‌ ഒരു റിപ്പോര്‍ട്ടും കഴിഞ്ഞ ജൂലായിയില്‍ അവതരിപ്പിച്ചിരുന്നു. പ്രസ്‌തുത റിപ്പോര്‍ട്ടില്‍ സി.ബി.ഐ.യുടെ പുനഃസംഘടനയെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമായ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. കേന്ദ്ര ഗവണ്മന്റ്‌ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ്‌ മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌. സംയുക്ത പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ ശുപാര്‍ശകളും മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും നടപ്പില്‍ വരുത്താന്‍ യു.പി.എ. സര്‍ക്കാറിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും എടുത്തിട്ടില്ല. സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ നിഗമനങ്ങളിലും മാധവമേനോന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും ഇതിന്റെ ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പൂര്‍ണമായ നിയന്ത്രണത്തില്‍ ആയിരിക്കുന്നതുകൊണ്ട്‌ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയസ്വാധീനം ഉണ്ടാകാനുള്ള സാധ്യത നിലവിലുണ്ട്‌. രാഷ്ട്രീയ ഉന്നതങ്ങളില്‍ ഉള്ള അഴിമതി അന്വേഷണങ്ങള്‍ നിര്‍ഭയമായും നീതിപൂര്‍വമായും നടക്കണമെന്നില്ല. ബോഫോഴ്‌സ്‌ കേസന്വേഷണം അതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്‌. രാഷ്ട്രീയ ഇടപെടല്‍ കൊണ്ട്‌ മാത്രമാണ്‌ ബോഫോഴ്‌സ്‌ കേസന്വേഷണം സി.ബി.ഐ.ക്ക്‌ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തത്‌. സി.ബി.ഐ. രാഷ്ട്രീയ സ്വാധീനത്തില്‍പ്പെട്ട്‌ ബലിയാടായി ഇന്നും അവശേഷിക്കുന്നു. ഗുരുതരമായ പല അഴിമതി ആരോപണങ്ങളിലും നിര്‍ഭയമായും നീതിപൂര്‍വമായും അന്വേഷണം നടക്കാറില്ല. ബോഫോഴ്‌സ്‌ കേസിലെ സ്വാധീനം പോലെത്തന്നെ ലാവലിന്‍ കേസിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്ന ശക്തമായ വിശ്വാസം പുലരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. സി.ബി.ഐ. ഡയറക്ടറുടെ നിഷേധം കൊണ്ടു മാത്രം രാഷ്ട്രീയ ഇടപെടല്‍ ഇല്ല എന്ന്‌ സങ്കല്‌പിക്കാനാകില്ല. അന്വേഷണ ഏജന്‍സി നിര്‍ഭയമായും നിഷ്‌പക്ഷമായും അന്വേഷണച്ചുമതല നിര്‍വഹിക്കുന്നു എന്ന്‌ അവകാശപ്പെട്ടതുകൊണ്ടുമാത്രം പോരാ, അതു ജനങ്ങള്‍ക്ക്‌ ബോധ്യമാകുകകൂടി വേണം. അതുകൊണ്ടു തന്നെയാണ്‌ മാധവമേനോന്‍ കമ്മിറ്റിയും നീതിയും നിര്‍വഹണവും എന്ന സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയും സി.ബി.ഐ. യുടെ ഘടനയിലും ഭാവി പ്രവര്‍ത്തനശൈലിയിലും മാറ്റം വരുത്തുന്നതിനു വ്യക്തമായ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച്‌ എ ഏ്‌മില ്‌ശ ിഹൗഹൃമാ ഖുീറഹരവ നെ നിയമിക്കണമെന്ന്‌ ശുപാര്‍ശ ചെയ്യുന്നു. പ്രസ്‌തുത ബോര്‍ഡ്‌ ഇലക്ഷന്‍ കമ്മീഷന്റെയോ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെയോ മാതൃകയില്‍ സ്റ്റാറ്റിയൂട്ടറി അധികാരമുള്ള സ്ഥാപനമായിരിക്കണം. ഈ ബോര്‍ഡിന്റെ ചുമതലയിലാകണം സി.ബി.ഐ. ഡയറക്ടര്‍മാരുടെയും മറ്റും നിയമന, സേവന, വേതന വ്യവസ്ഥകള്‍. അന്വേഷണ ഏജന്‍സി പരിശീലനം നേടിയ പ്രൊഫഷണല്‍ സംഘടനയാക്കി മാറ്റണം. നിയമനത്തിലും പ്രവര്‍ത്തനത്തിലും സുതാര്യത ഉറപ്പു വരുത്തണം. രാഷ്ട്രീയസ്വാധീനം ചെലുത്താന്‍ കഴിയാത്ത സ്ഥിതി നിയമനിര്‍മാണം വഴി നടപ്പില്‍ വരുത്തണം. നിലവിലുള്ള സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷനു സി.ബി.ഐ.യുടെ മേല്‍ നല്‌കിയിട്ടുള്ള മേല്‍നോട്ടം വളരെ പരിമിതമാണ്‌. രാഷ്ട്രീയ സമ്മര്‍ദത്തിന്‌ അതീതമായി ഇന്നത്തെ സംവിധാനത്തിന്‌ ഉയരാന്‍ കഴിയുന്നില്ല. തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന്‌ വ്യക്തമായ ധാരണ നല്‌കുന്ന നിലയില്‍ സി.ബി.ഐ. റിപ്പോര്‍ട്ട്‌ നല്‌കുന്നതും വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. സി.ബി.ഐ. പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ കേന്ദ്രത്തില്‍ ബഹുകക്ഷി ഭരണവും സംസ്ഥാനങ്ങളില്‍ അതിന്റെ ആവര്‍ത്തനവും സ്വാഭാവികമാണ്‌. കേന്ദ്രത്തില്‍ ഭരണകക്ഷിയും സംസ്ഥാനങ്ങളില്‍ പ്രസ്‌തുത കക്ഷി പ്രതിപക്ഷത്തും ആവാം. പൊതുതിരഞ്ഞെടുപ്പുവേളകളില്‍ സി.ബി.ഐ. പോലുള്ള കുറ്റാന്വേഷണ ഏജന്‍സിയെ കരുവാക്കാന്‍ കേന്ദ്രത്തിലെ ഭരണകക്ഷിക്ക്‌ സ്വാധീനം ചെലുത്താനുള്ള സാധ്യത നിലനി'ുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും. ബഹു കക്ഷി ഭരണസമ്പ്രദായം നിലനി'ുന്ന അവസ്ഥയില്‍ കുറ്റാന്വേഷണം നിഷ്‌പക്ഷവും നിര്‍ഭയവും നീതിപൂര്‍വവുമായിരിക്കണം. അതുകൊണ്ട്‌ പുതുതായി നാഷണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍, സി.ബി.ഐ. തുടങ്ങിയ കേന്ദ്രീയ അന്വേഷണ ഏജന്‍സികളെ സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി ബോഡി ആക്കുന്നതിന്‌ അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ത്തന്നെ വേണ്ട നടപടികള്‍ എടുക്കേണ്ടതാണ്‌. വര്‍ഷങ്ങളായി അന്വേഷണം തുടരുന്ന ലാവലിന്‍ കേസില്‍ ഉടനെ ഒരു താത്‌കാലിക റിപ്പോര്‍ട്ട്‌ നല്‌കുന്നതുവഴി രാഷ്ട്രീയ സ്വാധീനം മൂലമാണെന്നു ധരിക്കാന്‍ ഇട നല്‌കുന്ന നടപടിക്രമങ്ങളാണ്‌ സി.ബി.ഐ.യുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നത്‌. ക്രിമിനല്‍ നടപടി നിയമം 161, 162, 164 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച്‌ അന്വേഷണം തുടരുമ്പോള്‍ അവസാന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഇനിയും സമയമെടുക്കുമെന്നത്‌ വ്യക്തമാണ്‌. ഗൂഢാലോചനക്കുറ്റത്തില്‍ വിദേശപങ്കാളിത്തം കൂടി ഉള്ളതുകൊണ്ട്‌ തെളിവുശേഖരിക്കാന്‍ സമയം വേണ്ടിവരും. ആസന്നമായ പൊതുതിരഞ്ഞെടുപ്പിന്റെ കേളികൊട്ട്‌ ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനി'ുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്‌. ഒരു പ്രമുഖ ദേശീയ രാഷ്ട്രീയ കക്ഷിയുടെ അത്യുന്നതനായ നേതാവിനെ അടിസ്ഥാനമില്ലാതെ പ്രതിസ്ഥാനത്തു ചേര്‍ത്ത്‌ ഇടക്കാല റിപ്പോര്‍ട്ട്‌ നല്‌കുന്നത്‌ രാഷ്ട്രീയഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെടും എന്നത്‌ ഉറപ്പാണ്‌. നിയമാനുസൃതം അവസാന റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ആദ്യ റിപ്പോര്‍ട്ടില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ളവരെ തെളിവിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുകയോ കൂടുതല്‍പ്പേരെ ചേര്‍ക്കുകയോ ചെയ്യാവുന്നതാണ്‌. പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞു തെളിവുകള്‍ പൂര്‍ണമായി ശേഖരിച്ച്‌ അവസാന റിപ്പോര്‍ട്ട്‌ നല്‌കാവുന്നതാണല്ലോ. ക്രമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിനു പകരം തിരഞ്ഞെടുപ്പിനു മുമ്പായി അടിസ്ഥാനമില്ലാതെ രാഷ്ട്രീയനേതാവിനെ പ്രതിസ്ഥാനത്തു ചേര്‍ത്താല്‍ ഭരണകക്ഷിക്കു ലഭിക്കുന്ന നേട്ടം തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള റിപ്പോര്‍ട്ട്‌ സമര്‍പ്പണത്തില്‍ ഉണ്ടാവുകയില്ല എന്ന വസ്‌തുത ഏവര്‍ക്കും അറിവുള്ളതാണ്‌. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന്‌ വിശ്വസിക്കാന്‍ ഇടനല്‌കുന്നു. സി.ബി.ഐ. ഭരണകക്ഷിയുടെ ഉപകരണമായി അധഃപതിക്കുന്നു എന്ന ശക്തമായ വിമര്‍ശനവും ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐ. എന്ന അന്വേഷണ ഏജന്‍സി ഒരു സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി സ്ഥാപനമായി മാറണം. അതിനുള്ള സത്വര നടപടികളാണ്‌ വേണ്ടത്‌. നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കുറ്റാന്വേഷണസംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ അടിയന്തര നിയമനിര്‍മാണം ആവശ്യമാണ്‌.

86 കോടി എവിടെപ്പോയി

86 കോടി എവിടെപ്പോയി വികസനപക്ഷം........... ഡോ. തോമസ്‌ ഐസക്‌


കഴിഞ്ഞദിവസം മാതൃഭൂമിയില്‍വന്ന എന്റെ ലേഖനത്തെത്തുടര്‍ന്ന്‌ ഒട്ടനവധി വായനക്കാര്‍ എന്നെ ഫോണ്‍ ചെയ്യുകയുണ്ടായി. അഭിനന്ദനങ്ങളോടൊപ്പം പലര്‍ക്കും ചോദ്യങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതായിരുന്നു: ''സാമൂഹ്യ നന്‍മയ്‌ക്കായുള്ള വിദേശ ധനസഹായം 40 കോടി തരാമെന്നേറ്റത്‌ 98 കോടിയായി പിണറായി വിജയന്‍ ഉയര്‍ത്തി എന്നു പറഞ്ഞല്ലോ. അതില്‍ 12 കോടിയല്ലേ കിട്ടിയുള്ളൂ. ബാക്കി 86 കോടി രൂപ എവിടെപ്പോയി?'' ഉത്തരം ലളിതമാണ്‌. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ കരാറിന്റെ ഭാഗമേയല്ല 98 കോടിയുടെ വിദേശ ധനസഹായംകൊണ്ട്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. കരാര്‍പ്രകാരം ലാവലിന്‍വഴി വാങ്ങുന്ന വിദേശ സാധനസാമഗ്രികളുടെ വില 131 കോടി രൂപയല്ലേ വരൂ. ഇതിനായി 98 കോടി രൂപ സംഭാവന ആരെങ്കിലും തരുമോ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ പരിപാടി സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ വിശദമായ ഉത്തരവില്‍ ഒരിടത്തുപോലും മലബാര്‍ ക്യാന്‍സര്‍ സെന്ററില്ല. കാര്‍ത്തികേയനുണ്ടാക്കിയ എം.ഒ.യുവിലോ അടിസ്ഥാന കരാറിലോ പിണറായി വിജയന്റെ കാലത്ത്‌ ഒപ്പിട്ട അഡന്‍ഡം (അനുബന്ധം) കരാറിലോ ഇതുസംബന്ധിച്ച്‌ പരാമര്‍ശമില്ല. പിന്നെ എവിടെനിന്നാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ചര്‍ച്ച ആരംഭിക്കുന്നത്‌. ഉത്തരം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും. യു.ഡി.എഫിന്റെ കാലത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിത്തുടങ്ങിയ കുറ്റിയാടി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആദ്യമായി കടന്നുവരുന്നത്‌. എന്നെയും വിസ്‌മയിപ്പിച്ച ഒരു അറിവായിരുന്നു ഇത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയുടെ കരാറെല്ലാം യു.ഡി.എഫിന്റെ കാലത്താണ്‌ ഒപ്പുവെച്ചതെങ്കിലും ഇന്ത്യയിലെ കോണ്‍ട്രാക്‌ടര്‍മാരുടെ വീഴ്‌ചകൊണ്ട്‌ പണി മുടങ്ങിക്കിടക്കുകയായിരുന്നു. പിണറായി വിജയന്‍ മന്ത്രിയായപ്പോഴാണ്‌ ഈ പദ്ധതിക്ക്‌ വീണ്ടും ജീവന്‍ വന്നത്‌. 1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശനവേളയില്‍ കുറ്റിയാടി പദ്ധതി സംബന്ധിച്ച അവലോകനയോഗം നടന്നു. കുറ്റിയാടി പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഏതാണ്ട്‌ 36 കോടി രൂപയുടെ മലബാറിലെ വൈദ്യുതി വിതരണശൃംഖല മെച്ചപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക്‌ ഇതിന്‌ അനുബന്‌ധമായി വിദേശസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിനു തുടര്‍ച്ചയായി ലാവലിന്‍ പ്രതിനിധികള്‍ പറഞ്ഞകാര്യം യോഗത്തിന്റെ മിനുട്‌സില്‍ ഉണ്ട്‌. മലബാറില്‍ അത്യന്താധുനിക ക്യാന്‍സര്‍ ആസ്‌പത്രി സ്ഥാപിക്കുന്നതിന്‌ വിദേശ സഹായം ലഭ്യമാക്കുന്നതിന്‌ തങ്ങള്‍ പരിശ്രമിക്കാമെന്ന്‌ ഈ ചര്‍ച്ചാവേളയിലാണ്‌ ആദ്യമായി ലാവലിന്‍ നിര്‍ദേശിക്കുന്നത്‌. ഈയൊരുകാര്യംമതി ക്യാന്‍സര്‍ സെന്റര്‍ നവീകരണ പദ്ധതി കരാറുകളുടെ ഭാഗമല്ലെന്നും കാനഡയില്‍നിന്നുള്ള വിദേശ ധനസഹായ പരിപാടിയുടെ ഭാഗമാണെന്നും മനസ്സിലാക്കാന്‍. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നവീകരണ കരാറിന്റെ ഭാഗമാക്കിയില്ല എന്നുള്ള വിമര്‍ശനം ഇതോടെ അടിസ്ഥാനരഹിതമാണെന്നു വരുന്നു. എന്നാല്‍ അപ്പോഴും മറ്റൊരുചോദ്യം അവശേഷിക്കുന്നു. നവീകരണക്കരാറിന്റെ ഭാഗമായിട്ടല്ലെങ്കിലും ഒരു 'ബൈന്റിങ്‌ എഗ്രിമെന്റ്‌ ' അതായത്‌ നിയമപ്രാബല്യമുള്ള ഒരു കരാര്‍ ഉണ്ടാക്കേണ്ടിയിരുന്നില്ലേ? അതിനുപകരം ധാരണാപത്രംമാത്രം ഒപ്പിട്ടത്‌ ശരിയായോ? ഒപ്പിട്ട ധാരണാപത്രത്തില്‍ പറഞ്ഞിരുന്നത്‌ 180 ദിവസത്തിനുള്ളില്‍ ഔപചാരികമായ കരാറുണ്ടാക്കാമെന്നാണ്‌. എന്നാല്‍ പ്രോജക്‌ടിന്‌ അവസാനരൂപം നല്‍കാന്‍ വൈകി, കരാറും നീണ്ടു. പക്ഷേ, എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒരുകാര്യം ഉറപ്പാക്കി. എല്ലാ 180-ാം ദിവസവും ധാരണാപത്രം പുതുക്കിക്കൊണ്ടിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരു ഔപചാരിക കരാറായി മാറാതിരുന്നതിന്‌ ഒരു കാരണം ലാവലിന്‍ അയച്ചുതന്ന കരാറില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം സമാഹരിച്ചുനല്‍കുന്നതിന്‌ 'എല്ലാ ന്യായമായ പരിശ്രമവും ചെയ്യാമെന്നേ' ഉണ്ടായിരുന്നുള്ളൂ. 'ലഭ്യമാക്കും' എന്നുള്ള തീര്‍ച്ച ഉണ്ടായിരുന്നില്ല. അതുവേണമെന്ന്‌ നമ്മള്‍ ശഠിച്ചു. ഇതിന്‌ ലാവലിന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ ഒരു പതിവില്ല എന്നായിരുന്നു അവരുടെ നിലപാട്‌. യു.ഡി.എഫ്‌ ഭരണകാലത്ത്‌ കരാറുണ്ടായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയില്‍ മലബാറിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള 30 കോടി രൂപയുടെ ഗ്രാന്റുണ്ടായിരുന്നു എന്നായിരുന്നു വെപ്പ്‌. ഈ 30 കോടി രൂപ വൈദ്യുതി ബോര്‍ഡിന്‌ ലഭിച്ചിട്ടില്ല എന്ന്‌ സി എ.ജിയുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശം വന്നതിനെത്തുടര്‍ന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ലാവലിനെഴുതി. ഇതിന്റെ മറുപടി 2005 മാര്‍ച്ച്‌ 15ന്‌ വന്നു. 'ഗ്രാന്റിനുവേണ്ടി ഒരു പ്രത്യേക ധാരണാപത്രം ഇല്ലായിരുന്നു. എല്ലാ ഉഭയകക്ഷി വിദേശ ധനസഹായങ്ങളും നല്‍കുന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള വകുപ്പുമായി ഒരു ധാരണയുണ്ടാക്കിയിട്ടുണ്ട്‌. മുന്‍കാലത്ത്‌ ഇന്ത്യയും കാനഡയുമായി ഉണ്ടാക്കിയ 3.6കോടി കനേഡിയന്‍ ഡോളര്‍ ചെലവാകാതെ ബാക്കിയുള്ള പണം കെ.എസ്‌.ഇ.ബിയുടെ വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഗ്രാന്റായി ഉപയോഗിക്കാം... സിഡ (കനേഡിയന്‍ വിദേശ സഹായ ഏജന്‍സി)യുടെ ഗ്രാന്റുകളെല്ലാം സേവനങ്ങളോ ഉപകരണങ്ങളോ ആയിട്ടാണ്‌ നല്‍കുക. ഒരിക്കലും കാശായി നല്‍കാറില്ല. നടപ്പാക്കുന്ന ഏജന്‍സിവഴി ചാനലൈസ്‌ ചെയ്യുകയാണ്‌ പതിവ്‌. വൈദ്യുതിബോര്‍ഡിന്‌ നേരിട്ട്‌ പണം കൈമാറുന്നതിന്‌ ഒരു ധാരണയോ കരാറോ ഇല്ല.' ഇതായിരുന്നു ലാവലിന്റെ നിലപാട്‌. തങ്ങളുടെ വാണിജ്യ താത്‌പര്യം പൊതുവായി പ്രോഹത്സഹിപ്പിക്കുന്നതിന്‌ കാനഡ അന്യഥാ നല്‍കിവരുന്ന വിദേശ സഹായ സൗജന്യത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റിന്റെ കാര്യത്തില്‍ തര്‍ക്കംമൂലം ധാരണാപത്രം എഗ്രിമെന്റായി മാറിയില്ല. യു.ഡി.എഫ്‌ സര്‍ക്കാരാകട്ടെ എം.ഒ.യുതന്നെ ലാപ്‌സാകാന്‍ അനുവദിക്കുകയും ചെയ്‌തു. എങ്കിലും എഗ്രിമെന്റ്‌ ഇല്ലാതെതന്നെ ലാവലിന്‍ 12 കോടി രൂപയുടെ ആസ്‌പത്രി നിര്‍മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു. ഇതില്‍ യു.ഡി.എഫിന്റെ കാലത്ത്‌ നിര്‍മാണം പൂര്‍ത്തിയായത്‌ ഒരു ബ്ലഡ്‌ ബാങ്കിന്‍േറതു മാത്രമാണ്‌. ധാരണാപത്രം ലാപ്‌സായെങ്കിലും ധാരണയനുസരിച്ച്‌ ക്യാന്‍സര്‍ ആസ്‌പത്രിക്ക്‌ വിദേശ സഹായം സമാഹരിച്ച്‌ ലഭ്യമാക്കാമെന്ന്‌ അവര്‍ യു.ഡി.എഫ്‌. സര്‍ക്കാരിനെ ഔപചാരികമായി അറിയിച്ചു. പക്ഷേ, ഒരുകാര്യം അവര്‍ ആവശ്യപ്പെട്ടു. ചെയ്‌തിടത്തോളം കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ ഒരു കത്ത്‌ അയച്ചുകൊടുക്കണം എന്നവര്‍ മുഖ്യമന്ത്രിക്കുതന്നെ എഴുതി. ആസ്‌പത്രി സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ പണം സമാഹരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതുകൊണ്ടാണ്‌ അവരിതാവശ്യപ്പെട്ടത്‌. എം.ഒ.യു. ലാപ്‌സാക്കി എന്നു മാത്രമല്ല ചെയ്‌തകാര്യത്തിന്റെ സര്‍ട്ടിഫിക്കറ്റ്‌കൂടി നല്‍കുന്നതിന്‌ തയ്യാറാകാതെ നിരുത്തരവാദപരമായ നിലപാടാണ്‌ യു.ഡി.എഫ്‌ . സര്‍ക്കാര്‍ കൈക്കൊണ്ടത്‌. ആര്യാടന്‍ മന്ത്രിയായപ്പോഴാണ്‌ ഗ്രാന്റ്‌ വാങ്ങുന്നതിന്‌ ഊര്‍ജിതമായ നടപടികള്‍ വീണ്ടും സ്വീകരിക്കാന്‍ തുടങ്ങിയത്‌. അപ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള വിദേശസഹായ ഉഭയകക്ഷി കരാര്‍ ഇന്ത്യ ഉപേക്ഷിച്ചു. ഇന്ത്യ ഇന്ന്‌ ചില പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും വിദേശ സ്ഥാപനങ്ങളില്‍നിന്നും മാത്രമേ സഹായം സ്വീകരിക്കുന്നുള്ളൂ. അതുകൊണ്ട്‌ ഇനി സഹായം നല്‍കാന്‍ കഴിയില്ല എന്ന്‌ ഹൈക്കമ്മീഷണര്‍തന്നെ കേരള സര്‍ക്കാരിനെ അറിയിച്ചു. കരാറുണ്ടായിരുന്നില്ലെങ്കിലും ആസ്‌പത്രിയുടെ ആദ്യഘട്ട പ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോയ ലാവലിന്‍ പിന്നീട്‌ എന്തുകൊണ്ട്‌ ഉത്സാഹം കാണിച്ചില്ല എന്നൊരു ചോദ്യമുണ്ട്‌. എന്റെ അഭിപ്രായം പറയാം. ഒരു കാരണം പൊക്രാന്‍ അണുബോംബ്‌ പരീക്ഷണത്തെത്തുടര്‍ന്ന്‌ കാനഡ ഇന്ത്യയ്‌ക്കുള്ള വിദേശ സഹായം നിര്‍ത്തിവെച്ചതാണ്‌. ഇതിനേക്കാള്‍ പ്രധാനപ്പെട്ട രണ്ടാമതൊരു കാര്യമുണ്ട്‌. യു.ഡി.എഫ്‌ തുടങ്ങിവെച്ച നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടി വന്നു. എന്നാല്‍ പുതിയ പദ്ധതികള്‍ എം.ഒ.യു റൂട്ടില്‍ കരാറുണ്ടാക്കില്ല എന്ന നയപരമായ നിലപാടായിരുന്നു എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‍േറത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി എം.ഒ.യു റൂട്ടില്‍ ലാവലിനാണല്ലോ നടപ്പാക്കിയത്‌. എന്നാല്‍ അതിന്റെ അഡീഷണല്‍ എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട്‌ വന്നപ്പോള്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച്‌ പൊതുമേഖലാ സ്ഥാപനമായ ഭെല്ലുമായി കരാറുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. കോഴിക്കോട്‌ ഡീസല്‍ നിലയവും ഭെല്ലിനുതന്നെയാണ്‌ ലഭിച്ചത്‌. എന്നാല്‍ യു.ഡി.എഫ്‌ . ലാവലിനുമായുണ്ടാക്കിയ ധാരണ ഇതല്ലായിരുന്നു. കാര്‍ത്തികേയന്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍നിന്ന്‌ ഇത്‌ വ്യക്തമാണ്‌. ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കുന്നതിന്‌ ലാവലിനുമായി ഒരു സംയുക്ത സംരംഭമാണ്‌ വിഭാവനംചെയ്‌തിരുന്നത്‌. മാത്രമല്ല ഇതിന്റെ ആദ്യബാച്ചായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ ലാവലിനെ ഏല്‍പ്പിക്കുന്നത്‌ എന്ന്‌ വ്യക്തമായി എഴുതിയിരുന്നു. എല്‍.ഡി.എഫ്‌. എം.ഒ.യു റൂട്ട്‌ നയം അവസാനിപ്പിച്ചതോടെ ക്യാന്‍സര്‍ സെന്ററിന്‌ ആദ്യംകാണിച്ച ആവേശം ലാവലിനില്ലാതായി. യു.ഡി.എഫ്‌ സര്‍ക്കാരാകട്ടെ ധാരണാപത്രംപോലും ലാപ്‌സാക്കി. ഒരു അഭിനന്ദന കത്ത്‌ അയയ്‌ക്കുന്നതിനുപോലും തയ്യാറായില്ല എന്നത്‌ ഊരിപ്പോകാന്‍ അവര്‍ക്ക്‌ സൗകര്യവുമായി. 86 കോടി രൂപ നഷ്‌പ്പെടുത്തുവാന്‍ ആര്‌ അവസരം ഒരുക്കിയെന്നതാണ്‌ ചോദ്യം? ഉത്തരം യു.ഡി.എഫ്‌. തന്നെയാണ്‌ പറയേണ്ടത്‌. 12 കോടി രൂപയാണ്‌ തങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്‌ എന്ന്‌ ലാവലിന്‍തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്‌. ആസ്‌പത്രിക്കെന്ന്‌ പറഞ്ഞ്‌ ലാവലിന്‍ കൂടുതല്‍ പണം പിരിച്ചിരുന്നോ? ഇന്ത്യയിലെ അവരുടെ 'എക്‌സിക്യൂട്ടിംഗ്‌ ഏജന്‍സി'ക്ക്‌ കൂടുതല്‍ പണം നല്‍കിയിരുന്നോ? ഇവയുടെയൊക്കെ നിജസ്ഥിതിയെക്കുറിച്ച്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. അത്‌ പിണറായി വിജയന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ട. ലാവലിന്റെ വക്കാലത്ത്‌ പിടിക്കേണ്ട ഒരു കാര്യവും ഇടതുപക്ഷത്തിനില്ല. ദേശീയതലത്തില്‍ ലാവലിനുമായി ഇപ്പോള്‍ ഭീമന്‍ ആണവ സാമഗ്രി കരാറിനു ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന്റെ നയമല്ല എല്‍.ഡി.എഫിന്‍േറത്‌.