Saturday, January 10, 2009

ബുഷിന്റെ ദൈവം രക്തദാഹിയോ

ബുഷിന്റെ ദൈവം രക്തദാഹിയോ

"ഓപ്പറേഷന്‍ കാസ്റ്റ് ലീസ്'' എന്ന് പേരിട്ട ഇസ്രയേലിന്റെ പലസ്തീന്‍ ആക്രമണം ഗാസയില്‍ മരണം വിതയ്ക്കുകയാണ്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആദ്യ വ്യോമാക്രമണത്തില്‍ 24 മണിക്കുറിനകം 300 ഓളം പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭ പതിവ് മട്ടില്‍ ഔപചാരികമായി വിലക്കിയിട്ടുണ്ടെങ്കിലും നിരപരാധികളും നിസ്സഹായരുമായ സിവിലിയന്‍ന്മാര്‍ ഇസ്രയേലിന്റെ കനത്ത ബോംബിങ്ങില്‍ കൊല്ലപ്പെടുന്നു. ആയിരങ്ങള്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റുവാങ്ങുന്നു. ഡിസംബര്‍ 28ന് ഗാസാ സിറ്റിയില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ സ്ത്രീകളും ഐക്യരാഷ്ട്രസഭ നടത്തുന്ന ഒരു സ്കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി കുഞ്ഞുങ്ങളും പെടും. ആക്രമണത്തിന്റെ ആറാംനാളില്‍ കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ഹമാസ് നേതാവ് നിസാര്‍ റയ്യാനും ഉള്‍പ്പെടുന്നു. പള്ളികളും ഔഷധസംഭരണശാലയും ഹമാസ് ടെലിവിഷന്‍ നിലയവും ഉള്‍പ്പെടെ 2500ഓളം കേന്ദ്രങ്ങളില്‍ നടത്തിയ ബോംബാക്രമണത്തിന് പുറമെ ഗാസയില്‍ ഒരു കരയുദ്ധത്തിന് ഇസ്രയേല്‍ സജ്ജമാവുകയാണ്.
ഗാസയില്‍നിന്നും ഫത്താഭരണപ്രദേശമായ വെസ്റ്റ്ബാങ്കിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിച്ചുകഴിഞ്ഞു. വെസ്റ്റ്ബാങ്കില്‍ സിയോണിസ്റ്റ് സൈന്യത്തെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിനു നേരെ നിഷ്ഠുരമായ വെടിവെപ്പുകളാണുണ്ടായത്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ടണ്‍കണക്കിന് അത്യുഗ്രശേഷിയുള്ള ബോംബുകള്‍വര്‍ഷിച്ചു. ഹമാസിന്റെ പൊലീസ് മേധാവി അല്‍ജാബ്രിയും ഉപമേധാവി അബുഅഹമ്മദും ഈ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അധിനിവേശത്തിന് തയാറെടുത്തുകൊണ്ട് ഗാസ അതിര്‍ത്തിയില്‍ നിരവധി ടാങ്കുകളും കവചിതവാഹനങ്ങളും അണിനിരന്നുകഴിഞ്ഞു. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു എന്‍ രക്ഷാസമിതി ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് ഇസ്രയേല്‍ അമേരിക്കന്‍ സമ്മതത്തോടെ നിഷ്ഠുരമായൊരു അധിനിവേശയുദ്ധത്തിന് തയ്യാറെടുക്കുന്നത്.
ഹമാസിനെ പഴിചാരി ഈ രക്തപങ്കിലമായ അധിനിവേശയുദ്ധത്തെ ന്യായീകരിക്കുന്ന ഇസ്രയേലും അമേരിക്കയിലെ നവയാഥാസ്ഥിതികരും പലസ്തീനികള്‍ക്കെതിരെ നേരത്തെ ചെയ്യേണ്ടിയിരുന്ന വിശുദ്ധകൃത്യമായിട്ടാണ് ഗാസയിലെ ഹീനമായ ആക്രമണങ്ങളെ വിലയിരുത്തുന്നത്. ഇറാഖ് അധിനിവേശംപോലെ ഇപ്പോള്‍ ഗാസയില്‍ നടത്തുന്ന നരഹത്യകളും ദൈവകല്‍പ്പനയനുസരിച്ചുള്ള വിശുദ്ധദൌത്യമായാണ് ബുഷ്ഭരണകൂടത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ഡേവിഡ് ഹോറൊവിറ്റ്സിനെപ്പോലുള്ള നവയാഥാസ്ഥിതിക പണ്ഡിതര്‍ കാണുന്നത്. 2003 ജൂണില്‍ പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനോട് ബുഷ് പറഞ്ഞു: "ദൈവം എന്നോട് പറഞ്ഞത് അല്‍ഖ്വയ്ദയെ തകര്‍ക്കാന്‍. ഞാനത് ചെയ്തുകഴിഞ്ഞു. പിന്നീട് പറഞ്ഞു സദ്ദാം ഹുസൈനെ തകര്‍ക്കാന്‍. അതും ചെയ്തു. ഇപ്പോള്‍ മധ്യപൌരസ്ത്യദേശത്തെ പ്രശ്നം പരിഹരിക്കണമെന്നാണ് എനിക്ക് ലഭിച്ച ദൈവകല്‍പ്പന.''
ഇറാനില്‍നിന്നും പുറത്താക്കപ്പെട്ടവരും അമേരിക്കയിലെ യുദ്ധമോഹികളായ നവയാഥാസ്ഥിതികരും ഇസ്രയേലിലെ സൈനികമേധാവികളും 2003 മെയ് മാസത്തില്‍ വാഷിങ്ടണില്‍ സമ്മേളിച്ചത് ഇറാന്‍ ഭീഷണി ചര്‍ച്ചചെയ്യാനായിരുന്നല്ലോ. ഇറാന്റെ പെട്രോളിയം മാത്രമല്ല പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ മുസ്ളിം രാജ്യങ്ങളില്‍ കണ്ടെത്തിയ എണ്ണ ഇറാന്‍വഴി കടത്തിക്കൊണ്ടുപോകുന്നതും ചര്‍ച്ചാചെയ്തു. ഇറാന്‍ ഒരു സ്വതന്ത്ര റിപ്പബ്ളിക്കായി തുടരുന്ന കാലത്തോളം ഇറാഖിലെയും അഫ്ഘാനിസ്ഥാനിലെയും അധിനിവേശം യാഥാര്‍ഥ്യമാവില്ലെന്നും വാഷിങ്ടണ്‍ സമ്മേളനം വിലയിരുത്തി. അധിനിവേശാനന്തരം ഇറാഖിലെ സ്വാതന്ത്യ്രപ്പോരാട്ടങ്ങളും അഫ്ഘാനിസ്ഥാനിലെ താലിബാന്‍ പുനരുത്ഥാനവും തടയണമെങ്കില്‍ ഇറാനെ തകര്‍ക്കണമെന്നാണ് സെനറ്റര്‍ ബ്രൌണ്‍ബാക്ക് അഭിപ്രായപ്പെട്ടത്. മാത്രമല്ല ഇറാനും ചൈനയും ഉയര്‍ത്തുന്ന അന്താരാഷ്ട്ര വെല്ലുവിളികള്‍ നേരിടാന്‍ അമേരിക്കയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിത്തരാത്ത അറബ് മുസ്ളിം രാഷ്ട്രങ്ങളെയും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളെയും ലക്ഷ്യം വയ്ക്കുന്ന ഒരു വിധ്വംസകസഖ്യം രൂപപ്പെടുത്തണമെന്നും പെന്റഗണിന്റെയും സിഐഎയുടെയും ഉന്നതര്‍ നിര്‍ദേശിച്ചു. പാക് - അഫ്ഘാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലയെ താവളമാക്കിക്കൊണ്ട് ഭീഷണമായിക്കഴിഞ്ഞിരിക്കുന്ന അല്‍ഖ്വയ്ദയെ നേരിടാനെന്ന വ്യാജേന ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നാനാതരത്തിലുള്ള മതവംശീയഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാനാണ് സിഐഎ പദ്ധതി. ഈ മേഖലയെ അസ്ഥിരമാക്കാനുള്ള സാമ്രാജ്യത്വപ്രത്യയശാസ്ത്രങ്ങളെന്ന നിലയ്ക്കാണ് സിയോണിസവും ഹിന്ദുത്വവാദവും പോലുള്ള മതവംശീയ പ്രസ്ഥാനങ്ങളെ സിഐഎ പോറ്റിവളര്‍ത്തുന്നത്.
സമീപനാളുകളില്‍ സിഐഎ ഡയരക്ടര്‍ മൈക്ക് ഹൈഡന്‍ പറഞ്ഞത് അമേരിക്കക്ക് ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണി പാക് - അഫ്ഘാന്‍ അതിര്‍ത്തിയില്‍നിന്നും പലസ്തീന്‍ തീവ്രവാദികളില്‍നിന്നുമാണെന്നാണ്. ഇത് നേരിടാന്‍ അമേരിക്കക്ക് കഴിയണമെങ്കില്‍ ഏഷ്യയില്‍ ഇസ്രയേലിന്റെയും ഇന്ത്യയുടെയും സമ്പൂര്‍ണ പങ്കാളിത്തത്തോടെ ഒരു സൈനിക-സുരക്ഷാസഖ്യം രൂപപ്പെടുത്തണമെന്നാണ്. സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുകയാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ നിരന്തരം തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഇസ്രയേല്‍ പലസ്തീനികള്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. പശ്ചിമേഷ്യയിലെ തങ്ങളുടെ എണ്ണ താല്പര്യങ്ങള്‍ക്കും ലോകാധിപത്യത്തിനുംവേണ്ടിയുള്ള അമേരിക്കയുടെ കുടിലതന്ത്രങ്ങളാണ് പലസ്തീനികളുടെ ദേശീയസ്വത്വത്തെ നിഷേധിച്ചുകൊണ്ടുള്ള ഇസ്രയേല്‍ രാഷ്ട്രരൂപീകരണത്തിലേക്കെത്തിയത്. യൂഹൂദരുടെ ദേശീയ ദൈവം യഹോവയുടെ കല്‍പ്പനകളല്ല അമേരിക്കന്‍ ഫൈനാന്‍സ് മൂലധനത്തിന്റെ ആധിപത്യമോഹങ്ങളാണ് യഥാര്‍ഥത്തില്‍ പലസ്തീനികളുടെ ജന്മഭൂമി വെട്ടിപ്പിടിച്ച് ഒരു ജൂതരാഷ്ട്രം സൃഷ്ടിച്ചത്. ചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ കൂട്ടക്കൊലകളുടെയും ചോരപ്പുഴകളുടെയും അകമ്പടിയോടെയാണ് ഇസ്രയേല്‍ രാഷ്ട്രം അമേരിക്കന്‍ ഭരണകൂടത്തില്‍ പിടിമുറുക്കിയ ജൂതമൂലധനകുത്തകകള്‍ യാഥാര്‍ഥ്യമാക്കിയത്. ഇതിനുവേണ്ടി 1906 ല്‍ രൂപംകൊണ്ട "അമേരിക്കന്‍ ജൂയിഷ് കമ്മിറ്റി'' നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം ചരിത്രത്തില്‍ കുപ്രസിദ്ധങ്ങളാണല്ലോ. അമേരിക്കന്‍ സഹായത്തോടെ പ്രവര്‍ത്തിച്ച സയണിസ്റ്റുകളുടെ രഹസ്യാന്വേഷണവിഭാഗവും രഹസ്യസൈനികവിഭാഗവുമാണ് ഇസ്രയേല്‍ എന്ന രാജ്യം തന്നെ സൃഷ്ടിച്ചത്. പശ്ചിമേഷ്യയുടെയും മധ്യപൂര്‍വദേശങ്ങളുടെയും വിധിയെ ക്രൂരവും രക്തപങ്കിലവുമാക്കിത്തീര്‍ത്തതും സി ഐ എയും മൊസാദുമാണല്ലോ.
അറബ് നാടുകളിലെ ദേശീയ ഉണര്‍വുകളെയും ജനാധിപത്യ പ്രസ്ഥാനങ്ങളെയും അപകടപ്പെടുത്തുന്ന അജയ്യമായൊരു ശക്തിയായി ഇസ്രയേലിനെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അമേരിക്കന്‍ തന്ത്രം. 1958 ലെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ ഒരു പഠനം വ്യക്തമാക്കുന്നത്; "അവികസിതരാജ്യങ്ങളിലെ മാറ്റങ്ങള്‍ക്ക് നാം എതിരല്ല. അതേസമയം ഏഷ്യയിലെയും ആഫ്രിക്കയിലെയും അനിയന്ത്രിത മാറ്റങ്ങളും അമിത ദേശീയ ആഗ്രഹങ്ങളും ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ല.'' ഇത്തരമൊരു നിരീക്ഷണങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് കിസിജ്ഞറെപ്പോലുള്ളവര്‍ അറബ് ദേശീയതക്കെതിരായ "സ്ട്രാറ്റജിക് അസറ്റ്''(ൃമമേഴശര മലൈ) എന്ന നിലക്ക് ഇസ്രയേലിനെ വളര്‍ത്തുന്നത്. അറബ് രാജ്യങ്ങളിലെ സാമ്രാജ്യത്വവിരുദ്ധ ദേശീയ ഉണര്‍വുകളെ വിഭാഗീയവും തീവ്രവാദപരവുമായ സംഘടനകളില്‍ പരിമിതപ്പെടുത്തി സിയോണിസ്റ്റുകളെ ശക്തിപ്പെടുത്തുക എന്ന തന്ത്രമാണ് പശ്ചിമേഷ്യയില്‍ സിഐഎ പരീക്ഷിച്ചത്. പി എല്‍ ഒയെ ഒറ്റപ്പെടുത്തുക, അറബ് രാജ്യങ്ങളുടെ ഐക്യം ഇല്ലാതാക്കുക, ഓരോ രാജ്യവുമായി ചര്‍ച്ചചെയ്ത് അറബ് ഐക്യത്തില്‍ വിള്ളലുണ്ടാക്കി ഇസ്രയേലുമായി അടുപ്പിക്കുക എന്നതെല്ലാം ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു.
മതാന്ധമായ ഇസ്രയേല്‍ രാഷ്ട്രത്തെ ശക്തിപ്പെടുത്തിയത് അമേരിക്കയുടെ സാമ്പത്തിക-സൈനികസഹായങ്ങളായിരുന്നു 1949 മുതല്‍ 1997 വരെ അമേരിക്ക ഇസ്രയേലിന് നല്‍കിയ സംഭാവന 3,33,000 കോടി രൂപ (74.16 ബില്യണ്‍ ഡോളര്‍)യാണ്. ഓരോ വര്‍ഷവും അമേരിക്ക ഇസ്രയേലിന് നല്‍കുന്നത്. 1.5 ബില്യന്‍ ഡോളര്‍ ദാനത്തിനും, 500 ബില്യണിന്റെ കടപ്പത്രങ്ങള്‍ ഇസ്രയേല്‍ വില്‍ക്കുന്നതിനും നികുതിയിനത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ അമേരിക്കക്ക് നഷ്ടപ്പെടുന്നതായാണ് കണക്ക്. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയെ വിശകലനംചെയ്ത സ്റ്റിഗ്ളിറ്റ്സിനെപ്പോലുള്ളവര്‍ പ്രതിസന്ധിയുടെ കാരണങ്ങളില്‍ ഇസ്രയേലിന് നല്‍കുന്ന ധനസഹായങ്ങളും ഇറാഖ് യുദ്ധത്തില്‍ മൂന്ന് ലക്ഷം കോടി ചെലവിട്ടതടക്കമുള്ള പശ്ചിമേഷ്യന്‍ നയവുമെണ്ടന്ന് വ്യക്തമാക്കുന്നു.
പശ്ചിമേഷ്യയില്‍ എണ്ണസമ്പത്ത് കണ്ടുപിടിച്ചശേഷംഅത് കൈയടക്കാനായി ഇസ്രയേലിനെ സൃഷ്ടിച്ചെടുത്തത് ചരിത്രത്തില്‍ സമാനതകളില്ലാത്ത സിയോണിസ്റ്റ് ഭീകരതയെ ഉപയോഗിച്ചുകൊണ്ടായിരുന്നു. ഏറ്റവും മൃദുവായ ജനാധിപത്യരാഷ്ട്രീയ പ്രവര്‍ത്തനങ്ങളെപ്പോലും ഈ മേഖലയില്‍ അനുവദിക്കാതെ അടിച്ചമര്‍ത്തലുകളും കൂട്ടക്കൊലകളുമാണ് അമേരിക്കന്‍ പിന്തുണയോടെ സിയോണിസ്റ്റ് ഭീകരസംഘങ്ങള്‍ നടത്തിയത്. നിയോണിസമെന്ന അക്രമാസക്തമായ വര്‍ഗീയഭീകരതയെ സൈനികസംഘങ്ങളായി സാമ്രാജ്യത്വം രൂപപ്പെടുത്തുകയായിരുന്നു. ഹാഗന, ഇര്‍ഗണ്‍, പാല്‍മാക്ക് തുടങ്ങിയ ജൂത സൈനികവിഭാഗങ്ങളെ അറബ് മുസ്ളിം വിരുദ്ധതതയില്‍ സംഘടിതമാക്കിയത്അമേരിക്കയായിരുന്നു. അറബ് ജനതയുടെ എണ്ണസ മ്പത്തും സാംസ്കാരികസ്വത്വവും അവര്‍ക്ക് അന്യമാക്കിത്തീര്‍ത്ത രക്തപങ്കിലമായ അധിനിവേശമായിരുന്നു ഇസ്രയേല്‍ രാഷ്ട്ര രൂപീകരണം തന്നെ. ഒരു മതാധിഷ്ഠിത രാഷ്ട്രമെന്ന നിലയില്‍ ഇസ്രയേല്‍ രൂപീകരണത്തോടെ പശ്ചിമേഷ്യയില്‍ അമേരിക്കന്‍ താല്പര്യങ്ങളുടെ ഔട്ട്പോസ്റ്റ് സ്ഥാപിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ. ജനാധിപത്യത്തിനും മതേതരത്വത്തിനുംവേണ്ടി നിലകൊണ്ട രാഷ്ട്രങ്ങളും ജനസമൂഹങ്ങളും ഇസ്രയേല്‍ രാഷ്ട്രത്തെ 1949 ല്‍ അംഗീകരിക്കാന്‍ തയാറായില്ല. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു പലസ്തീനികളുടെ ദേശീയ സ്വത്വം നിഷേധിക്കുന്ന സിയോണിസ്റ്റ് കൈയേറ്റമായിട്ടാണ് ഇസ്രയേല്‍ രാജ്യത്തെ വിശേഷിപ്പിച്ചത്. ഇസ്രയേലുമായി നയതന്ത്രബന്ധംപോലും സ്ഥാപിക്കാന്‍, ആ രാജ്യത്തെ അംഗീകരിക്കാന്‍ ഇന്ത്യ തയാറായില്ല. മാത്രമല്ല പലസ്തീനികളുടെ വിമോചനസമരനായകനായ അറഫാത്തിനും പി എല്‍ ഒവിനും നയതന്ത്രപരമായി നാം ഔദ്യോഗികമായി അംഗീകാരം കല്‍പ്പിച്ചു നല്‍കുകയും ചെയ്തു. 1990 ഓടെ തങ്ങളുടെ ലോകാധിപത്യത്തിനുവേണ്ടി അമേരിക്ക ഒരുക്കിയ തന്ത്രപരമായ നയങ്ങളുടെ വിനീതമായ അംഗീകാരത്തിലേക്ക് ഇന്ത്യന്‍ ഭരണകൂടം അധഃപതിക്കുകയായിരുന്നല്ലോ-നെഹറുവിന്റെ ചേരിചേരാനയവും മുതലാളിത്തേതര വികസനപാതയും ഉപേക്ഷിച്ചവര്‍ അമേരിക്കയുടെ ആഗോളതന്ത്രത്തിന്റെയും കമ്പോളസമ്പദ്ഘടനയുടെയും പങ്കാളികളും ആരാധകരുമായി പരിണയിക്കുകയായിരുന്നല്ലോ. പശ്ചിമേഷ്യയും മധ്യേഷ്യയും വടക്കന്‍ ആഫ്രിക്കന്‍മേഖലയും ഉള്‍ക്കൊള്ളുന്ന മധ്യപൂര്‍വദേശത്തെ രാഷ്ട്രീയവും സൈനികവുമായ ആധിപത്യം ലക്ഷ്യംവച്ചാണ് ഇസ്രയേലിനെക്കൊണ്ട് പലസ്തീനും ലെബനണുമൊക്കെ എതിരായി നിരന്തരമായി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. പെന്റഗണ്‍ പദ്ധതിയനുസരിച്ച് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ മുന്നുപാധിയാണ് മധ്യപൂര്‍വദേശത്തെ അധിനിവേശം. ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളുടെ സ്വതന്ത്രവും ശക്തവുമായ സൈനിക രാഷ്ട്രീയ സാന്നിധ്യം ഈ മേഖലയിലെ അമേരിക്കന്‍ അധിനിവേശത്തിന് ഭീഷണിയാണെന്നാണ് സി ഐ എയും പെന്റഗണും നേരത്തെതന്നെ നിരീക്ഷിച്ചിട്ടുണ്ട്. ചൈനക്കെതിരെ ഇന്ത്യയെ മെരുക്കാനും ഏഷ്യന്‍ മേഖലയിലെ തങ്ങളുടെ വിശ്വസ്തസഖ്യശക്തിയായ ഇസ്രയേലുമായി ഇന്ത്യയെ അടുപ്പിക്കാനുമുള്ള തന്ത്രമാണ് സിഐഎ കുറേക്കാലമായി പരീക്ഷിക്കുന്നത്. എന്‍ ഡി എ ഭരണകാലത്തെ അനുകൂലസാഹചര്യം ഉപയോഗപ്പെടുത്തി ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം ഇന്നിപ്പോള്‍ വിധ്വംസകമായ മാറ്റങ്ങളിലേക്ക് വികസിച്ചുകഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ സൈനിക-സുരക്ഷാകാര്യങ്ങളിലെ ഇസ്രയേല്‍ സ്വാധീനം അപകടകരമായ തലങ്ങളിലേക്ക് വളര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗാസയിലെ കൂട്ടക്കൊലകളുടെയും കടന്നാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇസ്രയേലുമായുള്ള സൈനിക-സുരക്ഷാബന്ധം അവസാനിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശവും ആക്രമണവും തുടരുമ്പോഴും സിയോണിസ്റ്റ് രാഷ്ട്രവുമായി ഇന്ത്യ തുടരുന്ന സൈനിക-സുരക്ഷാബന്ധം അപമാനകരവും കുറ്റകരവുമാണെന്നുമാണ് പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ ലജ്ജാകരമായ ഇസ്രയേല്‍ ബാന്ധവം പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിഛായ ഇടിക്കുന്നതും ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് ഹാനികരവുമാണെന്ന കാര്യം അമേരിക്കന്‍ താല്പര്യങ്ങളുടെ വൈതാളികരായ മന്‍മോഹന്‍സിങ്ങും കൂട്ടരും വിസ്മരിക്കുന്നു.
ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയില്‍ ഇസ്രയേല്‍ സഹകരണം നേരത്തെതന്നെ വിവാദമാണല്ലോ. ഇന്ത്യ വിക്ഷേപിച്ച ചാര ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് പലസ്തീന്‍ ജനവാസമേഖലകളില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിക്കുന്നത്. ഇസ്രയേല്‍ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച സോളാരിസ് എന്ന ചാരപേടകമാണ് ഗാസയിലെ ലക്ഷ്യം ഭേദിക്കാന്‍ ഇസ്രയേല്‍ വ്യോമസേനയെ സഹായിക്കുന്നത്! നമ്മുടെ ദേശീയമായ ശാസ്ത്രനേട്ടങ്ങളുടെ മഹത്വത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ന് അപരാധപൂര്‍ണമായൊരു ക്രൂരകൃത്യമാക്കി മാറ്റിയത് കേന്ദ്രസര്‍ക്കാറിന്റെ യു എസ് - ഇസ്രയേല്‍ ബാന്ധവമാണ്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ് ബി ഐയെപ്പോലെത്തന്നെ ലോകത്തിലെ ഏറ്റവും വംശീയഭീകരവാദ സ്വഭാവമുള്ള മൊസാദിനും ഡല്‍ഹിയില്‍ ഓഫീസ് തുറക്കാന്‍ നേരത്തെതന്നെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. കാശ്മീര്‍ പ്രശ്നമടക്കം ഈ മേഖലയിലെ ഭീകരവാദത്തെ നേരിടുന്നതില്‍ മന്ത്രിതലത്തില്‍തന്നെ ഇരുരാജ്യങ്ങളും ഒരു സംയുക്തകമീഷന്‍ രൂപീകരിച്ചിട്ടുണ്ട്. വളരെ നിഗൂഢസ്വഭാവമുള്ള ബന്ധങ്ങള്‍ പലതലങ്ങളിലും ഇസ്രയേലുമായി രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ടുണ്ടായിരുന്നു. 2000 ജൂണില്‍ അന്നത്തെ ഉപപ്രധാനമന്ത്രി അദ്വാനിയുടെ ഇസ്രയേല്‍ സന്ദര്‍ശനവേളയില്‍ മൊസാദിന്റെയും ഷബാക്കിന്റെയും ഉന്നതരുമായി നടന്ന ചര്‍ച്ചകള്‍ ഇന്ത്യയുടെ സുരക്ഷാകാര്യങ്ങളില്‍ വരെ ഇസ്രായേല്‍ സ്വാധീനവും ബന്ധവും രൂപപ്പെടുത്തുകയെന്ന അജന്‍ഡയുടെ ഭാഗമായിരുന്നു.
2003 മെയ് എട്ടിന് അമേരിക്കന്‍ ജൂതന്മാരുടെ കമ്മിറ്റിയെ അഭിസംബോധനചെയ്തുകൊണ്ട് അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര പറഞ്ഞത്:
"ഇന്ത്യക്കും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും അടിസ്ഥാനപരമായി ചില സമാനതകളുണ്ട്. നാമെല്ലാം ജനാധിപത്യരാജ്യങ്ങളാണ്. ബഹുവിധവിശ്വാസങ്ങളെ നിലനിര്‍ത്തുന്നതിലും സഹിഷ്ണുതയിലും അവസരസമത്വത്തിലും കാര്യങ്ങളില്‍ പൊതുവീക്ഷണമുണ്ട്.... അമേരിക്കയും ഇന്ത്യയും ഇസ്രയേലും ഭീകരവാദത്തിന്റെ മുഖ്യആക്രമണ ലക്ഷ്യങ്ങളാണ്. ആധുനിക ഭീകരവാദത്തിന്റെ ദുര്‍മുഖത്തെ ഈ രാജ്യങ്ങള്‍ യോജിച്ചു നേരിടേണ്ടിയിരിക്കുന്നു... അന്തര്‍ദേശീയ ഭീകരവാദത്തിന്റെ മുഖ്യ ആക്രമണ ലക്ഷ്യങ്ങളെന്ന നിലയില്‍, ജനാധിപത്യരാജ്യങ്ങളില്‍ ഭീകരവാദത്തിനെതിരെ പ്രയോഗക്ഷമമായ ഒരു സഖ്യത്തിന് രൂപം നല്‍കേണ്ടതുണ്ട്.'' ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ ഏറ്റവും പ്രകടമായ രീതിയില്‍ ന്യായീകരിച്ച ബ്രിജേഷ് മിശ്രയുടെ നിലപാട് ബി ജെ പി ഭരണത്തിന്റെ മാത്രം പ്രതിഫലനമായിരുന്നോ. അല്ലെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ വെളിവാക്കിയത്.
2004 മെയ് മാസത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതോടെ ഈ ബന്ധം സൈനിക- രഹസ്യാന്വേഷണ രംഗങ്ങളിലേക്ക് കൂടുതല്‍ പ്രയോഗക്ഷമമായ മാനം കൈവരിച്ചു. മന്‍മോഹന്‍സിങ് അധികാരമേറ്റെയുടന്‍ കരസേനയുടെ മേധാവികളും ഉപമേധാവികളും ഇസ്രയേല്‍ സന്ദര്‍ശിച്ചു. സൈനിക സഹകരണ ധാരണകള്‍ രൂപപ്പെടുത്തി. മൂവായിരത്തോളം ഇന്ത്യന്‍ കമോന്‍ഡോകള്‍ക്ക് നഗരയുദ്ധത്തിലും കലാപകാരികളെ നേരിടുന്ന സ്പെഷല്‍ ഫോഴ്സിന്റെ നാല് ബറ്റാലിയനുകള്‍ക്കും പരിശീലനം നല്‍കണമെന്ന് ഇസ്രയേലിനോട് ഇന്ത്യയുടെ സുരക്ഷാകാര്യങ്ങള്‍ക്കുവേണ്ടിയുള്ള ക്യാബിനറ്റ് കമ്മിറ്റി അഭ്യര്‍ഥിക്കുകയുണ്ടായി. ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാസേനക്ക് ഇസ്രയേലില്‍ പരിശീലനം നല്‍കണമെന്നുപോലും തീരുമാനമുണ്ടായി. "പലസ്തീന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ കാക്കുന്നതില്‍ ദീര്‍ഘകാല അനുഭവമുള്ളവരാണ് ഇസ്രയേല്‍കാര്‍'' എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണുപോലും ഈ തീരുമാനം! പലസ്തീന്‍ അതിര്‍ത്തി കാക്കുന്നതിന്റെ പേരില്‍ സിയോണിസ്റ്റ് സൈന്യം നടത്തുന്ന അനീതികരവും ക്രൂരവുമായ ആക്രമണ വാര്‍ത്തകളാണ് ഇപ്പോള്‍ ഗാസയില്‍നിന്നും വന്നുകൊണ്ടിരിക്കുന്നത്.
യു പി എ ഭരണത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ 1200 കോടിയുടെ ആയുധങ്ങളാണ് ഇസ്രയേലില്‍ നിന്നും ഇന്ത്യ വാങ്ങിയത്. ഇസ്രയേലുമായുള്ള ആയുധകച്ചവടവും ആയുധനിര്‍മാണ സഹകരണവും ശക്തമായി. ഇതിനായി നിരവധി കരാറുകള്‍ ഒപ്പിട്ടുകഴിഞ്ഞു. വാഷിങ്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേല്‍ ലോബികളും ഇന്ത്യന്‍ ഭരണവര്‍ഗനേതാക്കളും അഭിലഷിക്കുന്ന രീതിയല്‍ ഇന്ത്യയും ഇസ്രയേലും യു എസ് കാര്‍മികത്വത്തില്‍ രൂപപ്പെട്ടുവരുന്ന വിധ്വംസകസഖ്യം ഇന്ത്യയുടെയും ഏഷ്യാമേഖലയുടെയും താല്പര്യങ്ങളെ ഹനിക്കുന്നതും സാമ്രാജ്യത്വത്തിന്റെ അധിനിവേശതന്ത്രങ്ങളെ മാത്രം സഹായിക്കുന്നതുമാണ്.

കെ ടി കുഞ്ഞിക്കണ്ണന്‍
deshabhimani.weeklyl