Friday, March 27, 2009

വിദേശനയം അട്ടിമറിച്ചതെന്തിന്?

വിദേശനയം അട്ടിമറിച്ചതെന്തിന്?


പിണറായി വിജയന്


‍തെരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന വാഗ്ദാനങ്ങള്‍ പിന്നീട് അവഗണിക്കാറുള്ള കോഗ്രസ്, യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിന് ആധാരമായ പൊതുമിനിമം പരിപാടിയെയും അതേമട്ടിലാണ് കണ്ടത്. വിദേശനയത്തില്‍ വെള്ളംചേര്‍ത്തത് പൊതുമിനിമം പരിപാടിയെ നിരാകരിച്ചുകൊണ്ടാണ്. "നമ്മുടെ പഴയകാല പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ച് യുപിഎ സര്‍ക്കാര്‍ ഒരു സ്വതന്ത്ര വിദേശനയം പിന്തുടരും. ഈ നയം ഏകലോകത്തിനായുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കും. ഇത് ലോകബന്ധങ്ങളില്‍ ബഹുധ്രുവത്വം ശക്തിപ്പെടുത്താന്‍വേണ്ടി നിലകൊള്ളും''-ഇതാണ് പൊതുമിനിമം പരിപാടിയില്‍ എഴുതിവച്ചിട്ടുള്ളത്. പ്രവൃത്തിയില്‍ ഇതിനു നേരെ വിപരീതദിശയിലാണ് യുപിഎ നേതൃത്വം നീങ്ങിയത്. ഏറ്റവും മിതമായി പറഞ്ഞാല്‍, അമേരിക്കയുടെ വാലായി ഇന്ത്യയെ അധഃപതിപ്പിക്കാനുള്ള നീക്കം. അതിന്റെ ആവേശത്തില്‍ ചരിത്രം മറന്നു; നെഹ്റുവിനെ മറന്നു; ഇറാഖിലും അഫ്ഗാനിസ്ഥാനിലും പലസ്തീനിലും നടമാടുന്ന സാമ്രാജ്യത്വക്രൂരതകളെ മറന്നു. ഇന്ത്യയുടെ വിദേശനയം ലോകത്തിന്റെ അംഗീകാരം പിടിച്ചുപറ്റിയതായിരുന്നു. ചേരിചേരാരാഷ്ട്രങ്ങളുടെ നായകസ്ഥാനത്തുനിന്നാണ് നമ്മുടെ നാടിനെ അമേരിക്കയുടെ സാമന്തപദവിയിലേക്ക് വലിച്ചുതാഴ്ത്തിയത്. പലസ്തീന്‍പ്രശ്നത്തില്‍ കോഗ്രസ് സ്വീകരിക്കുന്ന ആക്ഷേപകരമായ നിലപാടിനെക്കുറിച്ച് ഇന്നലെ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയതാണ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തോട് കാണിച്ച നിസ്സംഗത അതിനേക്കാള്‍ നിന്ദ്യമാണ്. ലോകത്തിന്റെ നാനാകോണില്‍നിന്നും എതിര്‍പ്പുയര്‍ന്നിട്ടും അമേരിക്ക ഇറാഖിനെ അക്ഷരാര്‍ഥത്തില്‍ ചുട്ടുകരിക്കുകയായിരുന്നു. ഒടുവില്‍ അവിടത്തെ ഭരണാധികാരിയായ സദ്ദാംഹൂസൈനെ തൂക്കിക്കൊന്നു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പ്രാഥമിക പാഠങ്ങള്‍പോലും മറന്നുകൊണ്ടുള്ള ആ പൈശാചികതയെ അപലപിക്കാനല്ല, ലജ്ജാശൂന്യമായി പിന്തുണയ്ക്കാനാണ് കോഗ്രസ് തയ്യാറായത്. സദ്ദാം വധത്തിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിച്ചപ്പോള്‍, കോഗ്രസ് വക്താവ് പറഞ്ഞത് സദ്ദാമിന്റെ വധശിക്ഷ അമേരിക്കയുടെ ആഭ്യന്തരകാര്യമാണെന്നാണ്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തില്‍ കടന്നുകയറി അവിടത്തെ ജനങ്ങളെ കൊന്നൊടുക്കുന്നത് എങ്ങനെ അമേരിക്കയുടെ ആഭ്യന്തര കാര്യമാകുമെന്ന് കോഗ്രസ് ഇന്നുവരെ വിശദീകരിച്ചുകണ്ടിട്ടില്ല. കോഗ്രസിന്റെ ഈ നയങ്ങളെ കണ്ണുമടച്ച് പിന്തുണച്ച് വിദേശവകുപ്പിലെ സഹമന്ത്രിപദത്തിലിരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ പ്രതിനിധിയും അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന നിലപാട് തിരുത്തി, ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ ഇറാനെതിരായി ഇന്ത്യ വോട്ട് ചെയ്തത് അമേരിക്കന്‍ വിധേയത്വത്തിന്റെ മറ്റൊരനുഭവമാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) യോഗത്തില്‍ ഇറാന്റെ അണുശക്തിപരിപാടിയെ നിശിതമായി വിമര്‍ശിച്ച് അമേരിക്കന്‍ താല്‍പ്പര്യാര്‍ഥം അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ പിന്തുണച്ചത്. ഇറാനില്‍നിന്നുള്ള വാതകപൈപ്പ് ലൈന്‍ പദ്ധതി അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഉപേക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് അമേരിക്കയുടെ ലോകപൊലീസ് നയത്തില്‍ ഇന്ത്യയെ ജൂനിയര്‍ പാര്‍ട്ണറായി തളച്ചിടാനുള്ള നീക്കങ്ങള്‍. ലോകത്തെവിടെ അമേരിക്ക സൈനിക അതിക്രമം നടത്തിയാലും അതില്‍ ഇന്ത്യന്‍ സൈന്യത്തെയും അയക്കേണ്ടിവരും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമെല്ലാം കൊല്ലാനും കൊല്ലപ്പെടാനും അമേരിക്കന്‍ പട്ടാളത്തോടൊപ്പം നമ്മുടെ സൈനികരും പോകേണ്ടിവരുന്ന ദൌര്‍ഭാഗ്യകരമായ അവസ്ഥയാണുണ്ടാവുക എന്നര്‍ഥം. അതിലേക്കുള്ള പടിപടിയായ നീക്കങ്ങളാണ് യുപിഎ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. എന്‍ഡിഎ ഗവമെന്റ്് 2001 ല്‍ ഒപ്പുവച്ച അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്തി പ്രതിരോധ ബന്ധത്തിനായുള്ള പുത്തന്‍ ചട്ടക്കൂട് 2005ല്‍ യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചു. അതിന്റെ തുടര്‍ച്ചയായി സൈനികമേഖലയില്‍ അമേരിക്കന്‍ പങ്കാളിത്തം തിരക്കിട്ട് നടപ്പാക്കിത്തുടങ്ങി സംയുക്ത സൈനികാഭ്യാസങ്ങളും സംയുക്ത ആസൂത്രണവും മറ്റു രാജ്യങ്ങളില്‍ കൂട്ടായ ഇടപെടലും പ്രതിരോധ ആയുധ സംഭരണവും എന്നിങ്ങനെയുള്ള അമേരിക്കന്‍ നിബന്ധനകള്‍ക്ക് ഇന്ത്യ വഴങ്ങി. രാജ്യത്തിന്റെ പരമാധികാരംതന്നെ അമേരിക്കയുടെ കൈവശം ഏല്‍പ്പിക്കുന്നതും ആയുധ ഇടപാടുകളിലൂടെ രാജ്യത്തിന്റെ അനേകലക്ഷം കോടി രൂപ അമേരിക്കയിലേക്ക് ഒഴുക്കുന്നതുമാണ് ഈ നടപടി. ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ പാതതന്നെയാണ്, വിദേശ നയത്തില്‍ യുപിഎ പിന്തുടര്‍ന്നത്. അക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും സമാനസ്വഭാവമാണ്. അതില്‍നിന്ന് വ്യത്യസ്തമാണ് ഇടതുപക്ഷത്തിന്റെ സമീപനം. അമേരിക്കയ്ക്ക് ദാസ്യവേലചെയ്യുന്നതും മനുഷ്യരാശിക്കുതന്നെ വിപല്‍ക്കരമായ സാമ്രാജ്യ-സിയോണിസ്റ്റ് അജന്‍ഡകളെ പിന്തുണയ്ക്കുന്നതുമായ വിദേശനയം അപ്പാടെ മാറ്റിയെഴുതണമെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. സാമ്രാജ്യ സമ്മര്‍ദങ്ങളെ ചെറുക്കുന്നതും ചേരിചേരായ്മയില്‍ അധിഷ്ഠിതവുമായ സ്വതന്ത്ര വിദേശനയമാണ് സിപിഐ എം പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കന്‍ സൈനിക ഇടപെടലുകളെ എതിര്‍ക്കുന്നതും അമേരിക്ക സ്പോസര്‍ചെയ്യുന്ന 'ഭീകരതക്കെതിരായ' യുദ്ധത്തില്‍നിന്നും അതിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങളില്‍ നിന്നും അകലം പാലിക്കുന്നതുമാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിതനയം. സാര്‍ക് സഹകരണത്തിന്റെ പ്രോത്സാഹനം, ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കല്‍, ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കല്‍ എന്നിങ്ങനെയുള്ള മൂര്‍ത്തമായ നടപടികള്‍ ഈ തെരഞ്ഞെടുപ്പില്‍ സിപിഐ എം ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കുന്നു. ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന; നമ്മുടെ രാജ്യം ആരുടെയും അടിമയല്ലെന്ന് പ്രഖ്യാപിക്കുന്ന; മനുഷ്യരെ കൊന്നൊടുക്കുന്നതും രാഷ്ട്രങ്ങളെ തച്ചൊതുക്കുന്നതുമായ അധിനിവേശ-യുദ്ധഭ്രാന്തന്‍ നയങ്ങളെ നെഞ്ചുവിരിച്ചെതിര്‍ക്കുന്ന നയം ഇടതുപക്ഷത്തിന്റേതുമാത്രമാണ്. ആ നയത്തിന് അനുകൂലമായാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ചിന്തിക്കുന്നത്. യുപിഎ, എന്‍ഡിഎ മുന്നണികള്‍ അനുദിനം അപ്രസക്തമാകുന്നതും കോഗ്രസും ബിജെപിയും ദയനീയമായി ഒറ്റപ്പെടുന്നതുമായ കാഴ്ചയാണ് ഇന്ന് രാജ്യത്തുള്ളത്. ഇടതുപക്ഷത്തിന് മുന്‍കൈയുള്ള മൂന്നാംശക്തികള്‍ യോജിച്ച് അപ്രതിരോധ്യമായ സഖ്യത്തിന്റെ രൂപമാര്‍ജിക്കുകയാണ്. മൂന്നാം ശക്തിയെ അധികാരത്തിലേറ്റുന്നതിന് യുപിഎ സര്‍ക്കാരിന്റെ വികല വിദേശനയം സുപ്രധാന കാരണമായി ജനങ്ങള്‍ കാണുമെന്നതില്‍ സംശയമില്ല.

Tuesday, March 17, 2009

ബദല്‍ നയങ്ങളുടെ പ്രഖ്യാപനം

ബദല്‍ നയങ്ങളുടെ പ്രഖ്യാപനം .


കോഗ്രസും ബിജെപിയും പിന്തുടരുന്ന നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ബദല്‍ സമീപനമാണ് സിപിഐ എമ്മിന്റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നത്. ദേശാഭിമാനവും രാജ്യസ്നേഹവും വിദേശനയത്തില്‍ പ്രതിഫലിക്കുമ്പോള്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സാമ്പത്തികനയത്തില്‍ തെളിഞ്ഞുകാണുന്നത്. 1991 നുശേഷം രാജ്യത്ത് അധികാരത്തിലിരുന്ന എല്ലാ സര്‍ക്കാരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നവ ഉദാരവല്‍ക്കരണനയങ്ങളാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുകയുമാണ് ആ നയങ്ങള്‍ ചെയ്തത്. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണവും വിദേശമൂലധനത്തിനുള്ള ഇളവുകളും പ്രതികൂലാവസ്ഥയാണ് സൃഷ്ടിച്ചത്. ആഗോളവല്‍ക്കരണം പരാജയപ്പെട്ടതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബദല്‍നയം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് രാജ്യത്തെ ജനങ്ങള്‍ക്കുള്ളത്. സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതിന് സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ പത്തുശതമാനം പദ്ധതിച്ചെലവിനായി നീക്കിവയ്ക്കുമെന്ന പ്രഖ്യാപനം അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഇത് സഹായകരമായിരിക്കും. ധനമേഖലയെ കയറൂരി വിടുന്ന നയത്തില്‍നിന്ന് വ്യത്യസ്തമായി ശക്തമായ നിയന്ത്രണങ്ങളാണ് പ്രകടനപത്രിക വിഭാവനംചെയ്യുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും ലാഭകരമാക്കാന്‍ കഴിയുന്നതുമായ പൊതുമേഖലാസ്ഥാപനങ്ങളൊന്നുംതന്നെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന ധീരമായ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അതോടൊപ്പം ഈ സ്ഥാപനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യയും മൂലധനവും ഉറപ്പുവരുത്തുമെന്നും പറഞ്ഞത് ശ്രദ്ധേയമാണ്. കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ് നല്‍കുന്നതിന് സഹായകരമായ നിര്‍ദേശങ്ങളാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. ഉദാരവല്‍ക്കരണനയങ്ങളുടെ ആഘാതം ഏറ്റവും അധികം അനുഭവിക്കേണ്ടിവന്ന മേഖല ഇതാണ്. കൂടുതല്‍ വിളകളെക്കൂടി കടാശ്വാസത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നതും ന്യായമായ വില ഉറപ്പുവരുത്തുന്നതും ആശ്വാസം നല്‍കും. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം ഇതുവരെയുള്ള നയങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. സമ്പന്നര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന നികുതി ഇളവുകള്‍ പിന്‍വലിക്കുമെന്ന നിലപാട് സിപിഐ എം ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കുന്നതാണ്. സംസ്ഥാനങ്ങളുടെ അധികാരംകൂടി കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാരുകളുടെ പൊതുസമീപനത്തില്‍നിന്ന് കുതറിമാറുന്നതാണ് സിപിഐ എം നിലപാട്. ഫെഡറല്‍ തത്വങ്ങളുടെ പരസ്യലംഘനത്തിനായി ഉപയോഗിച്ച കറുത്ത ചരിത്രമുള്ള 355, 356 അനുച്ഛേദം ഭേദഗതിചെയ്യുമെന്ന നിലപാട് സുവിദിതമായ പാര്‍ടി സമീപനത്തിന്റെ തുടര്‍ച്ചയാണ്. പുതിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ നല്ലൊരു പങ്കും കേന്ദ്രം കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്. ചെലവിന്റെ ഭാരം സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നികുതിവരുമാനത്തിന്റെ പകുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം പ്രസക്തമാകുന്നത്. വര്‍ഗീയതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടും മതനിരപേക്ഷതയോടുള്ള ശക്തമായ പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന പ്രായോഗിക നിര്‍ദേശങ്ങളാണ് പ്രകടനപത്രികയിലുള്ളത്. കോഗ്രസ് അധികാരത്തിലിരുന്ന സന്ദര്‍ഭത്തിലെല്ലാം കുറ്റകരമായ നിശബ്ദതയാണ് വര്‍ഗീയതയോട് സ്വീകരിച്ചിട്ടുള്ളത്. ബിജെപി ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയരൂപമാണ്. ബിജെപിയുടെ വര്‍ഗീയതയെ ചെറുക്കാന്‍ സിപിഐ എം നയിക്കുന്ന മുന്നണിക്കേ കഴിയൂ എന്നു പറയുന്നത് ആ പാര്‍ടി മുറുകെപ്പിടിക്കുന്ന നയങ്ങളെ അടിസ്ഥാനമാക്കിയാണ്. വര്‍ഗീയ കലാപങ്ങളെ നേരിടുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനം മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കലാപങ്ങളുടെ അതിവേഗത്തിലുള്ള വിചാരണ നടക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് നീതി ഉറപ്പുവരുത്തുന്നതിന്റെ അവിഭാജ്യഭാഗമാണ്. ഇതിനോടൊപ്പം ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാരിനു ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ ശരിയായ നിലപാടാണ് പ്രകടനപത്രികയിലുള്ളത്. ഭീകരതയെ കൈകാര്യംചെയ്യുന്നതിലും ധീരമായ നിലപാടാണ് സര്‍ക്കാരിനുണ്ടാകേണ്ടത്. മുംബൈ ആക്രമണം കോഗ്രസ് ഭരണസംവിധാനത്തിന്റെ പിടിപ്പുകേട് പുറത്തുകൊണ്ടുവന്നു. മലേഗാവ് സംഭവം സംഘപരിവാറിന്റെ രാഷ്ട്രീയരൂപത്തിന്റെ ഇരട്ടമുഖം പുറത്തുകൊണ്ടുവന്നു. മതത്തിന്റെയോ വംശത്തിന്റെയോ പരിഗണനകളില്ലാതെ ഭീകരവാദത്തെ എതിര്‍ക്കേണ്ടതുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തേണ്ടതും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതും അടിയന്തര മുന്നുപാധിയാണ്. സിപിഐ എം പരിപാടിയില്‍ ഇതിന് അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. ആണവകരാര്‍ പ്രശ്നത്തിലാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുന്ന ഒരു സര്‍ക്കാരിനെയും പിന്തുണയ്ക്കാന്‍ സിപിഐ എമ്മിനാകില്ല. 123 കരാര്‍ പുനഃപരിശോധിക്കുമെന്ന വാഗ്ദാനം സാമ്രാജ്യത്വ വിരുദ്ധ ശക്തികളില്‍ ആവേശം സൃഷ്ടിക്കുന്നതാണ്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അന്താരാഷ്ട്ര കരാറുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന ആവശ്യം രാജ്യസ്നേഹികളില്‍നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിന്റെ പ്രാഥമിക തത്വങ്ങളുടെ പരസ്യമായ ലംഘനമാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നടക്കുന്നത്. അത് അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് ജനാധിപത്യവാദികളുടെ പിന്തുണ ലഭിക്കുന്നതാണ്. ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിന് ജുഡീഷ്യല്‍ കമീഷന്‍ രൂപികരിക്കുമെന്നതും ഏറെക്കാലമായുള്ള ആവശ്യമാണ്. തൊഴിലാളിവര്‍ഗത്തിന്റെയും ദുരിതമനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങളോട് സിപിഐ എം സ്വീകരിക്കുന്ന അടിസ്ഥാന നയം തന്നെയാണ് ഇതുസംബന്ധിച്ച വാഗ്ദാനങ്ങളിലുള്ളത്. പ്രകൃതിയുടെമേല്‍ മൂലധനത്തിനുള്ള കഴുത്തറുപ്പന്‍ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള നിലപാടാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പട്ടിണിയില്ലാത്ത പരമാധികാര മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കാര്യങ്ങളാല്‍ സമ്പന്നമാണ് പ്രകടനപത്രിക. കോഗ്രസ് ഇല്ലാത്ത ബിജെപി വിരുദ്ധ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് ജനാധിപത്യ ശക്തികളെ ഒന്നിച്ച് അണിനിരത്തുന്നതിന് ആവശ്യമായ ദിശാബോധം നല്‍കാന്‍ ഈ പ്രകടനപത്രികയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
from deshabhimani