Sunday, October 26, 2008

എല്ലാ സുഹൃത്തുക്കള്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ

എല്ലാ സുഹൃത്തുക്കള്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസകള്‍......!!!!

Sunday, October 19, 2008

ആദ്യം വേണ്ടത് ഭരണ-പ്രതിപക്ഷ യോജിപ്പ്

ആദ്യം വേണ്ടത് ഭരണ-പ്രതിപക്ഷ യോജിപ്പ്

കേ രളത്തിന്റെ വ്യവസായവികസനം പൂര്‍ണാര്‍ഥ ത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍ വികസനകാര്യത്തില്‍ ഭരണ-പ്രതിപക്ഷപാര്‍ടികള്‍ തമ്മില്‍ സമവായവും യോജിപ്പും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. ഓരോ അഞ്ചുവര്‍ഷവും സര്‍ക്കാര്‍ മാറിവരുന്ന സാഹചര്യത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വികസനകാര്യത്തില്‍ യോജിച്ചില്ലെങ്കില്‍ ആഗ്രഹങ്ങള്‍ ജലരേഖയാകും. സര്‍ക്കാരിന്റെ ചുമതല വ്യവസായം നടത്തലല്ല, നടത്തിക്കലാണ്. സംരംഭകരെ പ്രോത്സാഹിപ്പിക്കാനും കാലതാമസം ഒഴിവാക്കാനും നിക്ഷേപകരെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാനും കഴിഞ്ഞാല്‍ കൈവിട്ടുപോയതൊക്കെ തിരിച്ചുപിടിക്കാന്‍ നാം വൈകിയിട്ടില്ല. കേരളത്തില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ലെന്ന ആശങ്ക അല്ലെങ്കില്‍ വിശ്വാസം നിക്ഷേപകരില്‍ നിലനില്‍ക്കുന്നതാണ് വ്യവസായവല്‍ക്കരണത്തിനുള്ള മുഖ്യ തടസ്സം. മിന്നല്‍പണിമുടക്ക്, ബന്ദ്, വ്യവസായമേഖലകളിലുണ്ടാകുന്ന അക്രമം എന്നിവ ഒഴിവാക്കാതെ കേരളത്തിന്റെ വ്യവസായവല്‍ക്കരണം യാഥാര്‍ഥ്യമാവില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടണം. ട്രേഡ് യൂണിയന്‍ അവകാശവും സംഘടനാ സ്വാതന്ത്യ്രവും നിലനിര്‍ത്തിതന്നെ മിന്നല്‍പണിമുടക്കും ബന്ദും ഒഴിവാക്കാന്‍ കഴിയണം. വ്യവസായത്തിന് ഭൂമി ലഭ്യമാക്കാന്‍ പ്രായോഗിക വൈഷമ്യങ്ങളുണ്ട്. ജനങ്ങളുടെ പൂര്‍ണമായ സഹകരണത്തോടെ, മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ സൌകര്യം ചെയ്തുകൊടുത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാം. പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയാണ് കേരളത്തിന്റെ ഏറ്റവും വലിയ പരാജയം. ഉല്‍പ്പാദന വൈവിധ്യവല്‍ക്കരണം, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള നിര്‍മാണരീതി എന്നിവയില്‍ ചൈനയെ മാതൃകയാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ കയറും കൈത്തറിയും കരകയറും. പരിസ്ഥിതിമലിനീകരണത്തിന്റെ പേരില്‍ വ്യവസായ അന്തരീക്ഷം തകര്‍ക്കുന്ന നിഷേധാത്മക സമീപനങ്ങളെ നേരിട്ടേ മതിയാകൂ. സംരംഭകനെ നിരുത്സാഹപ്പെടുത്തുന്ന നടപടിക്രമങ്ങളിലെ നൂലാമാലകള്‍ക്ക് ഇന്നും പരിഹാരമായിട്ടില്ല. ഏകജാലകം പ്രയോഗികമാക്കാന്‍ ക്യാബിനറ്റ് തലത്തിലുള്ള ഉന്നതാധികാരസമിതി ഉണ്ടാകണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് നാണ്യവിള സംസ്കരിക്കാനും മെച്ചപ്പെട്ട വിപണന സംവിധാനമുണ്ടാക്കാനുമുള്ള സാധ്യത പ്രയോജനപ്പെടുത്തണം. നമ്മുടെ തീരദേശ ലോഹമണല്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ കൂടാതെ വ്യവസായ സാധ്യതകളാക്കി മാറ്റാന്‍ വൈകിക്കൂടാ. സെസ് വ്യവസായവല്‍ക്കരണത്തെ ത്വരിതപ്പെടുത്തും എന്നതില്‍ രണ്ടുപക്ഷമില്ല. മറ്റു സംസ്ഥാനങ്ങള്‍ ഈ വഴിക്ക് അതിവേഗം നീങ്ങുമ്പോള്‍ നാം അറച്ചുനില്‍ക്കുന്നത് സാധ്യതകള്‍ നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. പ്രത്യേക സാമ്പത്തികമേഖലയ്ക്ക് ഉപാധിയായി സര്‍ക്കാര്‍ വച്ചിരുന്ന 1000 ഏക്കര്‍ എന്നത് കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ പ്രാവര്‍ത്തികമല്ല. ഇതു പരിഗണിച്ച് വരുത്തിയ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തണം.
പി സി ചാക്കോ

Friday, October 17, 2008

സഹസ്രാബ്ദ സുന്ദരസ്വപ്‌നവും ദശാബ്ദ പേടിസ്വപ്‌നവും

സഹസ്രാബ്ദ സുന്ദരസ്വപ്‌നവും ദശാബ്ദ പേടിസ്വപ്‌നവും

സഹസ്രാബ്ദ സുന്ദരസ്വപ്‌നവും ദശാബ്ദ പേടിസ്വപ്‌നവും ആഗോളീകരണവാദി നയങ്ങളുടെയും അവയുടെ അനിവാര്യ ഘടകങ്ങളായ യുദ്ധങ്ങളുടെയും നയത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയുടെ ചിത്രമാണ്‌ പുതുസഹസ്രാബ്ദത്തിന്റെ പ്രഥമദശകം തന്നെ കാഴ്‌ചവെക്കുന്നത്‌ - ഒരു പേടിസ്വപ്‌നം പോലെ.

ക്രിസ്‌തുവര്‍ഷ ഗണനപ്രകാരം 2001-ാം ആണ്ടോടെ മൂന്നാം സഹസ്രാബ്ദം ആരംഭിച്ചു. ഈ കാലഗണനയ്‌ക്ക്‌ യുക്തിയുക്തമായ പ്രാധാന്യം ഒന്നുമില്ലെങ്കിലും ഇംഗ്ലീഷില്‍ 'മില്ലേനിയം' എന്നു വിശേഷിപ്പിക്കപ്പെടുന്ന സഹസ്രാബ്ദം പുതിയ സുന്ദരസ്വപ്‌നങ്ങള്‍ നെയ്‌തെടുക്കാനും പൂര്‍വകാലങ്ങളേക്കാള്‍ സ്വാതന്ത്ര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പുത്തന്‍ സുവര്‍ണയുഗം പടുത്തുയര്‍ത്താനും ഉള്ള സന്ദര്‍ഭമായിട്ടാണ്‌ കരുതപ്പെട്ടുപോരുന്നത്‌. ഈ വിശ്വാസപ്രകാരം ഇന്നത്തെ ലോകത്തെ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും മറ്റ്‌ ആധിവ്യാധികളും ഇല്ലാത്ത ഒരു സഹസ്രാബ്ദം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞ 2000-ത്തില്‍ ഐക്യരാഷ്ട്രസഭ കൈക്കൊള്ളുകയുണ്ടായി. ഈ ലക്ഷ്യത്തിന്റെ പേര്‍ 'മില്ലേനിയം ഡെവലപ്‌മെന്റ്‌ ഗോള്‍ (എം.ഡി.ജി.) അഥവാ സഹസ്രാബ്ദ വികസനലക്ഷ്യം' എന്നായിരുന്നു. 2015-ല്‍ ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കണമെന്നും തീരുമാനിച്ചിരുന്നു. ഇതിനു മുന്‍കൈ എടുക്കേണ്ടതും ചെലവു ചെയ്യേണ്ടതും പ്രധാനമായി അതിസമ്പന്ന രാഷ്ട്രങ്ങളായ വികസിത മുതലാളിത്ത രാഷ്ട്രങ്ങളാണ്‌ എന്നും തീരുമാനിക്കപ്പെട്ടു. ഇവരുടെ ഗുണഭോക്താക്കള്‍ ആണ്‌ ലോകജനസംഖ്യയില്‍ ഭൂരിപക്ഷത്തെ ഉള്‍ക്കൊള്ളുന്നതും ശാസ്‌ത്രസാങ്കേതിക വിദ്യകളുടെയും വ്യാവസായിക, കാര്‍ഷിക വികസനങ്ങളുടെയും ഗുണഫലങ്ങള്‍ ലഭിക്കാതെ ഇപ്പോഴും ദുരിതാനുഭവങ്ങളിലേക്ക്‌ വീണുകൊണ്ടിരിക്കുന്നതുമായ മൂന്നാം ലോകരാഷ്ട്രങ്ങള്‍. ഈ രാഷ്ട്രങ്ങളുടെ അധോഗതിക്ക്‌ കാരണം അവയുടെ മേല്‍ സാമ്പത്തികവും സാംസ്‌കാരികവുമായി മേല്‍ക്കോയ്‌മ തുടരുന്ന പടിഞ്ഞാറന്‍ (ഏഷ്യയില്‍ സ്ഥിതിചെയ്യുന്ന ജപ്പാനും പെടും) രാഷ്ട്രങ്ങളുടെ ദുര്‍നയങ്ങളാണ്‌ എന്നത്‌ ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്‌. ഇതിനായി ഈ സമ്പന്ന രാഷ്ട്രങ്ങളും മറ്റു രാഷ്ട്രങ്ങളും മൊത്തം ദേശീയോത്‌പാദനത്തിന്റെ 0.01 ശതമാനം നീക്കിവെക്കണമെന്നും തീരുമാനിച്ചു. കടുത്ത തൊഴിലില്ലായ്‌മ, പരമദാരിദ്ര്യം എന്നിവ ഇല്ലാതാക്കുകയും സാര്‍വത്രിക വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഏറ്റവും ചുരുങ്ങിയ ഭവനസൗകര്യം എന്നിവ 2015-നകം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിക്കണം എന്നായിരുന്നു പദ്ധതി. അതിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ അര്‍ധകാലയോഗം ചേരാനും തീരുമാനിച്ചിരുന്നു. അര്‍ധകാല വിലയിരുത്തല്‍ ഇക്കഴിഞ്ഞ സപ്‌തംബര്‍ 25-ന്‌ ന്യൂയോര്‍ക്കില്‍ ചേര്‍ന്നപ്പോള്‍ കണ്ടെത്തിയ വസ്‌തുതകള്‍ അമ്പരപ്പിക്കുന്നു. ഒരു കാര്യവും ഇക്കാലത്ത്‌ നടന്നിട്ടില്ല എന്നു പറയുന്നത്‌ അതിശയോക്തിയായിരിക്കും. 140 ലക്ഷം കുട്ടികള്‍ കൂടുതലായി വിദ്യാലയങ്ങളില്‍ പോയിത്തുടങ്ങിയിട്ടുണ്ടെന്നും പരമദാരിദ്ര്യത്തിന്റെ കടുംപിടിയില്‍നിന്ന്‌ ഏതാനും ലക്ഷം ആളുകള്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും ക്ഷയരോഗവും അഞ്ചാംപനിയും പോലുള്ള രോഗങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌ എന്നും എയ്‌ഡ്‌സിന്റെ മരണനിരക്കിലും കുറവു കാണുന്നു എന്നും അര്‍ധകാലവിലയിരുത്തലുകള്‍ സമ്മതിക്കുന്നു. എം.ഡി.ജി.യുടെ മുഖ്യപ്രചാരകനും നടത്തിപ്പിന്റെ ആസൂത്രകനുമായ സലില്‍ ഷെട്ടി 2000-ത്തില്‍ നല്‌കിയ വാഗ്‌ദാനപ്രകാരം പണം നല്‌കാന്‍ സ്വന്തം സാമ്പത്തികനില അനുവദിക്കുന്നില്ലെന്ന വന്‍ രാഷ്ട്രങ്ങളുടെ മുടന്തന്‍ന്യായത്തെ അതിശക്തമായി എതിര്‍ക്കുന്നു. ലോകത്തിലെ കൂറ്റന്‍ കുത്തകകളായ ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന്‌ രക്ഷിക്കാന്‍ 70000 കോടി ഡോളര്‍ കണ്ടെത്താന്‍ അമേരിക്കയ്‌ക്ക്‌ വിഷമമില്ല. മറ്റു രാജ്യങ്ങളുടെ മേല്‍ മരണവും നാശവും വിതച്ച്‌ യുദ്ധം ചെയ്യാന്‍ നൂറുകോടി ഡോളര്‍ കണ്ടെത്തുകയും അവര്‍ക്ക്‌ ഒരു പ്രശ്‌നമല്ല. കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന രാഷ്ട്രങ്ങളുടെ സമ്പത്ത്‌ 250 കോടി ഡോളറാണ്‌. അവ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കോടിക്കണക്കിനു കുട്ടികളുടെയും സ്‌ത്രീകളുടെയും പട്ടിണിയും രോഗവും നിവാരണം ചെയ്യാന്‍ ആവശ്യമായ ഒരു കോടി 80 ലക്ഷം ഡോളര്‍ കണ്ടെത്താന്‍ കഴിവില്ലെന്ന്‌ കൈമലര്‍ത്തുന്ന വന്‍കിടക്കാരെ സലില്‍ ഷെട്ടി ധര്‍മരോഷത്തോടെ ശകാരിക്കുന്നു. (ദി ഹിന്ദു, ഒക്ടോബര്‍ 8.) ഇതിനിടയിലാണ്‌ കൂനിന്മേല്‍ കുരു എന്ന പോലെ ഒരു സാമ്പത്തിക ഭൂകമ്പം അമേരിക്കന്‍ ഐക്യനാടിനെയും അവരോടു സഖ്യം ചെയ്‌തും അവരുടെ ആശ്രിതരായും കഴിയുന്ന രാജ്യങ്ങളെയും കീഴ്‌മേല്‍ മറിച്ചിരിക്കുന്നത്‌. ഈ തകര്‍ച്ച ആകസ്‌മികമല്ല. മുന്‍ ലോകബാങ്ക്‌ മേധാവിയും ആഗോളീകരണ നയങ്ങളില്‍, സമ്പന്ന പക്ഷപാതനയങ്ങളില്‍ പ്രതിഷേധിച്ച്‌ രാജിവെച്ചൊഴിയുകയും സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടുകയും ചെയ്‌ത ജോസഫ്‌ ടിഗ്ലിറ്റ്‌സിനെപ്പോലുള്ളവര്‍ ഈ വന്‍ തകര്‍ച്ചയെക്കുറിച്ച്‌ മുന്നറിയിപ്പു നല്‌കിയിരുന്നു. പ്രധാനകാരണം വിപണിയെ സര്‍വതന്ത്രസ്വതന്ത്രമായി തുറന്നുവിട്ടതും സാമ്പത്തിക പുരോഗതിയുടെയും സാമൂഹിക സുരക്ഷയുടെയും രംഗങ്ങളില്‍നിന്ന്‌ സര്‍ക്കാറിനെ കൂടുതല്‍ക്കൂടുതലായി ഒഴിച്ചുനിര്‍ത്തി അവയെല്ലാം സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുക്കുകയും ചെയ്യുന്ന നയമാണ്‌. ഏറ്റവും രൂക്ഷമായ മുതലാളിത്ത സാമ്പത്തിക കുഴപ്പം 1929-31 ലാണല്ലോ നടന്നത്‌. അതിന്റെ ഉപോത്‌പന്നങ്ങളായിരുന്നു നാസിസവും രണ്ടാം ലോകമഹായുദ്ധവുമെല്ലാം. ഇക്കഴിഞ്ഞ സപ്‌തംബര്‍ ഏഴിന്‌ അമേരിക്കയില്‍ ആരംഭിച്ച്‌ ഒരു മാസമായിട്ടും ശമനത്തിന്റെ ലക്ഷണമൊന്നും കാണാതെ മുതലാളിത്ത ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്ന മുതലാളിത്ത സാമ്പത്തികത്തകര്‍ച്ച, ആഗോളതലത്തില്‍ സൃഷ്‌ടിക്കാന്‍ പോകുന്ന രാഷ്ട്രീയമാറ്റങ്ങള്‍ ഏതൊക്കെ വിധമായിരിക്കും എന്നു പ്രവചിക്കാന്‍ ആവുകയില്ല. എങ്കിലും രണ്ടു വഴികള്‍ മുമ്പില്‍ തുറന്നുകിടക്കുന്നു. സാമ്പത്തികത്തകര്‍ച്ചമൂലം തകര്‍ന്ന വ്യവസായങ്ങളില്‍നിന്നും നശിച്ച കാര്‍ഷിക മേഖലയില്‍നിന്നും പുറംതള്ളപ്പെട്ട്‌ തൊഴിലില്ലാതായവരെ സങ്കുചിത ദേശീയവികാര ഭ്രാന്ത്‌ ഇളക്കി നാസിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക്‌ നയിക്കുകയും അവരെ പട്ടാളത്തിലും യുദ്ധവ്യവസായങ്ങളിലും ഏര്‍പ്പെടുത്തി മഹായുദ്ധങ്ങള്‍ക്ക്‌ വഴിവെക്കുകയും ചെയ്യുക. 1933-ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടുത്തതും 1939-ല്‍ രണ്ടാം ലോകമഹായുദ്ധത്തിനു വഴിമരുന്നിട്ടതും അങ്ങനെയാണ്‌. എന്നാല്‍ രണ്ടാമത്തെ മാര്‍ഗത്തിനു രണ്ട്‌ ഉള്‍പ്പിരിവുകള്‍ ഉണ്ടായിരുന്നു. സോഷ്യലിസം, ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ്‌ ഒരുള്‍പ്പിരിവ്‌. 1930-കളില്‍ ലോകമെമ്പാടും അത്തരമൊരു മുന്നേറ്റം ഉയര്‍ന്നുവന്നു. രണ്ടാമത്തെ ഉള്‍പ്പിരിവ്‌ ക്ഷേമരാഷ്ട്രസിദ്ധാന്തം ഉള്‍ക്കൊള്ളുന്ന മിശ്രസമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കമാണ്‌. ഫ്രാന്‍സിലും സ്‌പെയിനിലും ബ്രിട്ടനിലും ചൈനയിലും മറ്റും സോഷ്യലിസ്റ്റ്‌ ശക്തികള്‍ മുന്നേറിയപ്പോള്‍ അമേരിക്കന്‍ ഐക്യനാട്ടില്‍ പ്രസിഡന്റ്‌ ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ ന്യൂ ഡീല്‍ എന്ന ക്ഷേമരാഷ്ട്രസിദ്ധാന്തത്തിന്റെ പ്രയോഗമാണ്‌ വന്നത്‌. പൊതുമേഖലയ്‌ക്ക്‌ പ്രാധാന്യം നല്‌കുകയും സാമൂഹിക സുരക്ഷാനടപടികള്‍ ഊര്‍ജിതപ്പെടുത്തുകയും സാമ്പത്തിക രംഗത്ത്‌ പൊതുവെ സര്‍ക്കാറിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും മറ്റും ചെയ്യുന്ന ജോണ്‍ മെയ്‌നാര്‍ഡ്‌ കെയിന്‍സിന്റെ ശുപാര്‍ശകളുമാണ്‌ മിശ്ര സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ രീതിശാസ്‌ത്രം നല്‌കിയത്‌. റൂസ്‌വെല്‍റ്റിന്റെ ന്യൂ ഡീല്‍ വമ്പിച്ച വിജയമായിരുന്നു. കഴിഞ്ഞ സപ്‌തംബര്‍ ഏഴിന്‌ പൊട്ടിപ്പുറപ്പെട്ട അമേരിക്കന്‍ സാമ്പത്തികത്തകര്‍ച്ചയെ പ്രസിഡന്റ്‌ ബുഷും മറ്റും നേരിടുന്നത്‌ റൂസ്‌വെല്‍റ്റിന്റെ വഴിക്കല്ല. സാമൂഹിക സുരക്ഷയും ദാരിദ്ര്യനിര്‍മാര്‍ജനവും മറ്റും ബുഷിന്റെയും റിപ്പബ്ലിക്കന്മാരുടെയും അജന്‍ഡയില്‍പ്പെടുന്നില്ല. തൊഴിലില്ലായ്‌മാപരിഹാരം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വാര്‍ധക്യകാലപെന്‍ഷന്‍ മുതലായവ പുനരാരംഭിക്കാനല്ല അതിനു പകരം നികുതിദായകരുടെ പണം, പൊളിയുന്ന കുത്തക ബാങ്കുകള്‍ക്കു കൊടുത്ത്‌ രാഷ്ട്രത്തെ ദാരിദ്ര്യത്തിലേക്കും ഒരുപിടി കുത്തകകളെ ധനസമൃദ്ധിയിലേക്കും നയിക്കുകയാണ്‌ ബുഷിന്റെ പരിപാടി. ഒരു മാസത്തിനകം നടക്കാനിരിക്കുന്ന 'അമേരിക്കന്‍ പ്രസിഡന്റ്‌' തിരഞ്ഞെടുപ്പില്‍ ഈ റിപ്പബ്ലിക്കന്‍ പക്ഷപാതം ആത്മഹത്യാപരമായിരിക്കും. ഏറ്റവും ഒടുവിലത്തെ അഭിപ്രായവോട്ടെടുപ്പുകള്‍ പ്രകാരം ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ബരാക്‌ ഒബാമയുടെ ജനപ്രീതി വര്‍ധിച്ചിരിക്കുകയാണെന്നത്‌ ശ്രദ്ധേയമാണ്‌. അങ്ങനെ അമേരിക്കന്‍ ഏകാധിപത്യത്തിനു കീഴില്‍ സുവര്‍ണയുഗത്തിന്റെ സുന്ദരമായ വാഗ്‌ദാനവുമായി അധികാരത്തിലെത്തിയ പ്രസിഡന്റ്‌ ബുഷ്‌ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ്‌ തന്നെ സ്വന്തം രാജ്യത്തെയും അതിന്റെ സാമന്തരാജ്യങ്ങളെയും അധോഗതിയിലേക്ക്‌ തള്ളിവിട്ടിരിക്കയാണ്‌. ആഗോളീകരണവാദി നയങ്ങളുടെയും അവയുടെ അനിവാര്യ ഘടകങ്ങളായ യുദ്ധങ്ങളുടെയും നയത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയുടെ ചിത്രമാണ്‌ പുതുസഹസ്രാബ്ദത്തിന്റെ പ്രഥമദശകം തന്നെ കാഴ്‌ചവെക്കുന്നത്‌- ഒരു പേടിസ്വപ്‌നം പോലെ.
പി.ഗോവിന്ദപ്പിള്ള