Tuesday, May 19, 2009

കരുത്തായി നായനാര്‍ സ്മരണ

കരുത്തായി നായനാര്‍ സ്മരണ

സ. ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ചുവര്‍ഷം തികയുന്നു. ജനമനസ്സുകളില്‍ എല്ലാ പരിഗണനയ്ക്കും അതീതമായി ഇടംനേടിയ മഹാനായ ആ നേതാവിന്റെ സ്മരണ ഒരിക്കലും അണയാത്തതാണ്. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്കു വന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനികകേരളത്തിന്റെ ചരിത്രഗതിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി ഇരിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ് രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി സ. നായനാര്‍ ഉയര്‍ന്നു. ലാളിത്യത്തിന്റെ നിറകുടമായിരുന്ന ആ ജീവിതം മാതൃകാപരമായിരുന്നു. പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവമായി ഇടപെട്ട നായനാര്‍ ജനകീയപ്രശ്നങ്ങളോടു പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും നായനാരുടെ വ്യക്തിമുദ്ര പതിഞ്ഞു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി എടുത്തുപറയേണ്ടതാണ്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായി നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടുവന്നത്. ആദ്യം കോഗ്രസ്, പിന്നീട് കോഗ്രസ് സോഷ്യലിസ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ് പാര്‍ടി എന്നിങ്ങനെ കാലത്തിനനുസരിച്ച് വളരുന്ന വിപ്ളവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയനിലപാട് വികസിച്ചത്. കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലതു പ്രവണതകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ളവപന്ഥാവിലൂടെ മുന്നോട്ടു നയിക്കുന്നതിലും സഖാവ് കാണിച്ച ആശയവ്യക്തത എടുത്തുപറയേണ്ടതാണ്. അവതരണത്തിന്റെ ശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ അവരോടൊപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്ക്ൊള്ളാനും കഴിയുന്ന വിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു. പാര്‍ടി ഏല്‍പ്പിച്ച വിവിധങ്ങളായ ചുമതല ഭംഗിയായി നിര്‍വഹിക്കുന്നതിനും സഖാവിനു കഴിഞ്ഞു. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ സഖാവ് ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷപ്രശ്നവും ഹൃദിസ്ഥമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടല്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം. പാര്‍ടി പല തരത്തിലുള്ള വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലെല്ലാം നായനാരുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ഓര്‍ത്തുപോകാറുണ്ട്. കേരളത്തില്‍ ഏറ്റവും അധികംകാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് നായനാരാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലിസ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെയെല്ലാം അമരക്കാരനായി നായനാര്‍ ഉണ്ടായിരുന്നു. 1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. തന്റെ അഭിപ്രായങ്ങള്‍ ശക്തമായി പാര്‍ടിക്കകത്ത് അവതരിപ്പിക്കുമ്പോഴും പാര്‍ടി ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാ ശൈലി എക്കാലത്തും സഖാവ് ഉയര്‍ത്തിപ്പിടിച്ചു. പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഘട്ടത്തിലാണ് സഖാവ് നായനാര്‍ അന്തരിച്ചത്. രാജ്യത്തിനുമേല്‍ വര്‍ഗീയതയുടെ ഭീഷണി സര്‍വശക്തിയുമാര്‍ജിച്ച് നില്‍ക്കുന്ന ഘട്ടം കൂടിയായിരുന്നു അത്. എന്‍ഡിഎ ഭരണത്തിന്റെ കെടുതികള്‍ ആവര്‍ത്തിക്കാതിരിക്കാനും വര്‍ഗീയശക്തികളെ ഭരണത്തില്‍നിന്ന് പുറന്തള്ളാനും ഇടതുപക്ഷം മുന്‍നിന്ന് പ്രവര്‍ത്തിച്ചു. അതിന്റെ പരിണതിയാണ് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യുപിഎ സംവിധാനത്തിന് ഇടതുപക്ഷം നല്‍കിയ പിന്തുണയും അതിന്റെ ഫലമായി രൂപീകരിക്കപ്പെട്ട സര്‍ക്കാരും. പൊതുമിനിമം പരിപാടിയില്‍നിന്ന് വ്യതിചലിച്ച് ആഗോളവല്‍ക്കരണനയങ്ങളുടെയും സാമ്രാജ്യസേവയുടെയും പാതയില്‍ പോകാനാണ് യുപിഎക്ക് നേതൃത്വം നല്‍കിയ കോഗ്രസ് എല്ലാ അവസരത്തിലും ശ്രമിച്ചത്. ഇടതുപക്ഷത്തിന്റെ ഇടപെടല്‍കൊണ്ടുമാത്രമാണ്, പൊതുമേഖല വിറ്റുതുലയ്ക്കുന്നതടക്കമുള്ള വിദ്രോഹനടപടി നടപ്പാക്കാനാകാതെ വന്നത്. ദേശീയ തൊഴിലുറപ്പുപദ്ധതിപോലുള്ള നടപടി ജനോപകാരപ്രദമായി നടപ്പാക്കിക്കുന്നതിനുള്ള മുന്‍കൈയും ഇടതുപക്ഷത്തിന്റേതാണ്. വര്‍ഗീയതയും വര്‍ഗീയകലാപങ്ങളും വംശഹത്യയും പരിപാടിയാക്കിയ സംഘപരിവാറിനെതിരെ കോഗ്രസിന്റേത് മൃദുസമീപനമായിരുന്നെങ്കില്‍, ഇടതുപക്ഷം അതിശക്തമായ പ്രതിരോധത്തിന്റെ ശബ്ദമാണുയര്‍ത്തിയത്. എന്നാല്‍, അമേരിക്കയുമായുള്ള ആണവ സഹകരണകരാര്‍ ഒപ്പുവയ്ക്കാന്‍ ഇടതുപക്ഷത്തെ തള്ളിപ്പറയാന്‍ യുപിഎക്കു മടിയുണ്ടായില്ല. സാമ്രാജ്യത്വത്തിന് രാജ്യത്തിന്റെ പരമാധികാരംതന്നെ അടിയറവയ്ക്കുന്ന സമീപനം കണ്ടുനില്‍ക്കാനാകാതെ ഇടതുപക്ഷത്തിന് പിന്തുണ പിന്‍വലിക്കേണ്ടിവന്നു. രാജ്യത്തെ നാണംകെടുത്തിയ കുതിരക്കച്ചവടത്തിലൂടെ ഭരണം നിലനിര്‍ത്തിയാണ് യുപിഎ തെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎക്ക് മുന്‍തൂക്കംനല്‍കുന്ന ജനവിധിയാണുണ്ടായത്. ഇടതുപക്ഷത്തിന്റെ ഇടപെടല്‍ശേഷി അവസാനിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കവും ഈ തെരഞ്ഞെടുപ്പിലുണ്ടായി. അമേരിക്കന്‍ അംബാസഡര്‍ പരസ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ഇടതുപക്ഷവിരുദ്ധ നിലപാടുമായി ലോബിയിങ് നടത്തുന്ന കാഴ്ചയ്ക്കും ഇക്കഴിഞ്ഞ നാളുകളില്‍ രാജ്യം സാക്ഷിയായി. ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും എല്ലാ പ്രതിലോമശക്തികളെയും അണിനിരത്തി തെരഞ്ഞെടുപ്പിനിറങ്ങിയ കോഗ്രസിന്, അതില്‍ ഒരുപരിധിവരെ വിജയം കാണാനായി എന്നാണ് തെരഞ്ഞെടുപ്പുഫലത്തില്‍ തെളിയുന്നത്. കേരളത്തില്‍ 2004ല്‍ 18 സീറ്റില്‍ വിജയിച്ച എല്‍ഡിഎഫ് ഇത്തവണ നാലിടത്തുമാത്രമാണ് വിജയിച്ചത്. 2004ല്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് 69,46,126 ആണ്. ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 67,17,488 വോട്ടും. 2,28,638 വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ഇത് കാണിക്കുന്നത് ചെറിയൊരു ശതമാനം വോട്ടിന്റെ കുറവുമാത്രമേ വന്നിട്ടുള്ളൂ എന്നാണ്. സീറ്റുകണക്കില്‍ ഇടിവുവന്നെങ്കിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറയില്‍ ഒരു പോറലുമുണ്ടായിട്ടില്ല. എന്നാല്‍, കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പോരായ്മ വന്നിട്ടുണ്ട്. മുമ്പ് ലഭിച്ചുകൊണ്ടിരുന്ന കുറച്ചുവോട്ട് നഷ്ടപ്പെട്ടിട്ടുമുണ്ട്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സീറ്റ് കുറയാനിടയാക്കിയ കാരണങ്ങള്‍ സിപിഐ എം എന്ന നിലയിലും മുന്നണി എന്ന നിലയിലും പരിശോധിക്കപ്പെടാനിരിക്കുകയാണ്. പോരായ്മകള്‍ കണ്ടെത്തി കൂട്ടായി പരിഹരിക്കും. എല്‍ഡിഎഫിന്റെ നയസമീപനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഫലപ്രദമായ ഇടപെടലും ശത്രുക്കളുടെ കുപ്രചാരണങ്ങളെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാനുള്ള സമീപനവും രൂപപ്പെടുത്തും. ഈ പരാജയത്തിന്റെ പാഠം ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന വിജയത്തിന് ഊര്‍ജം ആര്‍ജിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കേരളത്തിലെ സിപിഐ എം വരുംനാളുകളില്‍ മുഴുകുക. അതിന് സഖാവ് നായനാരുടെ ഓര്‍മ നമുക്ക് കരുത്തുപകരും. ജീവിതത്തിന്റെ അവസാനശ്വാസംവരെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സഖാവായിരുന്നു നായനാര്‍. കേരളത്തിലെ ജന്മിത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും നായനാര്‍ ഉണ്ടായിരുന്നു. സാര്‍വദേശീയ- ദേശീയ തലത്തിലെ അമേരിക്കന്‍ ഇടപെടലുകളെ പ്രതിരോധിക്കുന്ന പോരാട്ടം നടത്തുന്നതോടൊപ്പം ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും നമുക്ക് ഏറ്റെടുക്കാനുണ്ട്. ഇത്തരം പോരാട്ടങ്ങള്‍ക്ക് എന്നും ആവേശമായിരുന്ന നായനാരുടെ സ്മരണ വഴികാട്ടിയായി നമ്മെ നയിക്കുന്നു.

പിണറായി വിജയന്‍

2 comments:

ജനമൊഴി said...

പോരാളി said...

നായനാരുടെ ജ്വലിക്കുന്ന സ്മരണകള്‍ പോരാട്ട വീഥിയില്‍ കരുത്തേകട്ടെ. അഭിവാദ്യങ്ങളോടെ