Saturday, November 15, 2008

കടല്‍ കടലിന്റെ മക്കള്‍ക്ക്

കടല്‍ കടലിന്റെ മക്കള്‍ക്ക്


ആലപ്പുഴ: പ്രതിബന്ധങ്ങളില്‍ തളരാതെ കടലിന്റെ ആഴങ്ങളില്‍നിന്ന് മീനും മുത്തും കോരുന്ന തൊഴിലാളികള്‍ തന്നെയാണ് കടലിന്റെ നേരവകാശികളെന്ന അവകാശപ്രഖ്യാപനത്തോടെ മല്‍സ്യത്തൊഴിലാളികളുടെ മഹാസംഗമം. സമരേതിഹാസങ്ങളുടെ ചരിത്രഭൂമിയായ ആലപ്പുഴയില്‍ ശനിയാഴ്ച ചേര്‍ന്ന സംഗമം മറ്റൊരു സമരമുന്നേറ്റമായി. മുന്‍പെങ്ങും ഇല്ലാത്ത ഉണര്‍വും ഉത്സാഹവും മത്സ്യത്തൊഴിലാളി മേഖലയില്‍ കൊണ്ടുവന്ന, മത്സ്യത്തൊഴിലാളിയുടെ പണിയിടം അവന്റേതെന്ന് പ്രഖ്യാപിക്കാന്‍ നിയമം തയ്യാറാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനു സംഗമം പിന്തുണ പ്രഖ്യാപിച്ചു. അതോടൊപ്പം,കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്കു മുന്തിയ പരിഗണന നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പങ്കാളിത്തമുള്ള ആഴക്കടല്‍ മത്സ്യബന്ധനം നടപ്പാക്കണമെന്നും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മത്സ്യമേഖലയില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ ആവശ്യപ്പെട്ടു.വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കരുത്, കാലാവധി പൂര്‍ത്തിയാക്കിയവയുടെ ലൈസന്‍സ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ചുങ്കം കുറച്ചും അളവു നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞും മത്സ്യം ഇറക്കുമതി ചെയ്യാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സാമൂഹിക പിന്നോക്കാവസ്ഥ കണക്കിലെടുത്ത് മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ബിപിഎല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മഹാസംഗമം അംഗീകരിച്ച അവകാശ പ്രഖ്യാപന രേഖ ആവശ്യപ്പെട്ടു. ദാരിദ്യ്രത്തിന്റെ തുരുത്തുകളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തിലെ 11 ലക്ഷം മത്സ്യത്തൊഴിലാളികളെ പൊതുസമൂഹത്തിന്റെ ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പടപ്പുറപ്പാടിനു നാന്ദികുറിച്ച് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംഘടിപ്പിച്ച മഹാസംഗമം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. നമ്മുടെ സമ്പദ് വ്യവസ്ഥയെ ആഗോള മൂലധനത്തിന്റെ ചൂതാട്ടത്തിന് എറിഞ്ഞ് കൊടുക്കുകയും സമ്പന്നര്‍ക്ക് സബ്സിഡി നല്‍കി അതിന്റെ ഭാരം പാവപ്പെട്ടവന്റെ ചുമലില്‍വയ്ക്കുകയും ചെയ്യുന്ന മന്‍മോഹന്‍സിങ്ങിന്റെ നയത്തിനെതിരെ തൊഴിലാളികള്‍ ദേശവ്യാപകമായ പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ധനമന്ത്രി ഡോ. ടി എം തോമസ്ഐസക്, ഫിഷറീസ് മന്ത്രി എസ് ശര്‍മ, സഹകരണ മന്ത്രി ജി സുധാകരന്‍, എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് എം എം ലോറന്‍സ്, പുന്നപ്ര-വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദന്‍ തുടങ്ങിയവരും മറ്റു നേതാക്കളും അണിനിരന്ന വേദിയില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വി വി ശശീന്ദ്രന്‍ അവതരിപ്പിച്ച അവകാശരേഖ ആവേശത്തോടെ മത്സ്യത്തൊഴിലാളി സമൂഹം ഹൃദയത്തിലേറ്റി. ഡോ. കെ എസ് മനോജ് എം പി സ്വാഗതവും പി പി ചിത്തരഞ്ജന്‍ നന്ദിയും പറഞ്ഞു. രാജ്യത്തെ മത്സ്യക്കയറ്റുമതിയുടെ അഞ്ചിലൊന്ന് സംഭാവന ചെയ്യുമ്പോഴും വീടും സ്ഥലവും വള്ളവും വലയും സ്വന്തമായില്ലാതെ രോഗാതുരരായി കഴിയേണ്ടിവരുന്നവര്‍ വികസനത്തിലെ അര്‍ഹമായ ഓഹരി ചോദിക്കാന്‍ കരുത്തു നേടിയെന്ന് മഹാസംഗമം തെളിയിച്ചു. മത്സ്യത്തൊഴിലാളികളുടെ കടാശ്വാസം, ജീവിത സുരക്ഷ, തീരഗ്രാമങ്ങളുടെ അടിസ്ഥാന സൌകര്യവികസനം, മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശം, സ്ത്രീശാക്തീകരണം, ആഴക്കടല്‍ മത്സ്യബന്ധന നയം, ഉള്‍നാടന്‍ മത്സ്യകൃഷി, ഭവനനിര്‍മാണം, കായല്‍ മലിനീകരണം, വിദ്യാഭ്യാസാനുകൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന 31 ഇന അവകാശപത്രിക മഹാസംഗമം അംഗീകരിച്ചു. ഇവ നേടാനുള്ള കര്‍മ പരിപാടിക്കും സംഗമം രൂപം നല്‍കി. ഒന്‍പത് കടലോര ജില്ലകളില്‍ നിന്നും ഉള്‍നാടന്‍ മത്സ്യമേഖലയില്‍ നിന്നുമായി ഒരുലക്ഷത്തിലേറെ പേര്‍ കടല്‍ത്തീരത്ത് അണിനിരന്നു.
എം എന്‍ ഉണ്ണികൃഷ്ണന്‍
deshabhimani

1 comment:

ജനമൊഴി said...

കടല്‍ കടലിന്റെ മക്കള്‍ക്ക്
എം എന്‍ ഉണ്ണികൃഷ്ണന്‍
ആലപ്പുഴ: പ്രതിബന്ധങ്ങളില്‍ തളരാതെ കടലിന്റെ ആഴങ്ങളില്‍നിന്ന് മീനും മുത്തും കോരുന്ന തൊഴിലാളികള്‍ തന്നെയാണ് കടലിന്റെ നേരവകാശികളെന്ന അവകാശപ്രഖ്യാപനത്തോടെ മല്‍സ്യത്തൊഴിലാളികളുടെ മഹാസംഗമം. സമരേതിഹാസങ്ങളുടെ ചരിത്രഭൂമിയായ ആലപ്പുഴയില്‍ ശനിയാഴ്ച ചേര്‍ന്ന സംഗമം മറ്റൊരു സമരമുന്നേറ്റമായി. മുന്‍പെങ്ങും ഇല്ലാത്ത ഉണര്‍വും ഉത്സാഹവും മത്സ്യത്തൊഴിലാളി മേഖലയില്‍ കൊണ്ടുവന്ന, മത്സ്യത്തൊഴിലാളിയുടെ പണിയിടം അവന്റേതെന്ന് പ്രഖ്യാപിക്കാന്‍ നിയമം തയ്യാറാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനു സംഗമം പിന്തുണ പ്രഖ്യാപിച്ചു.