Tuesday, September 2, 2008

തിരുമേനി, അങ്ങയുടെ കമ്യൂണിസ്റ്റ് വിരോധത്തെ ഒരല്പം മാറ്റിനിറുത്തണം.

തിരുമേനി, അങ്ങയുടെ കമ്യൂണിസ്‌റ്റ് വിരോധത്തെ ഒരല്‌പം മാറ്റിനിറുത്തണം.

മുന്‍പ്‌ മഹര്‍ഷിമാര്‍ കാടുകളിലേക്കു പോയത്‌, മോക്ഷത്തിലേക്കുള്ള പാതകള്‍ തിരക്കിയായിരുന്നു. അന്നവര്‍ സ്വന്തം ജീവിതത്തിനു മുകളിലാണു തീ കോരിയിട്ടത്‌. 'തപസ്‌' സ്വയം തപിച്ച്‌ വിശുദ്ധമായി മാറുന്നതിന്റെ തത്വചിന്തയായിത്തീര്‍ന്നത്‌ അങ്ങനെയാണ്‌. എന്നാലിന്ന്‌ ഒറീസയിലെ കാടുകള്‍ അപ്രഖ്യാപിതമായ അഭയാര്‍ഥി ക്യാമ്പുകളായി മാറുകയാണ്‌. പീഡിതരായ ഒരു ജനത അവിടെനിന്നും ചങ്കുപൊട്ടി കരയുകയാണ്‌. കാടിന്റെ മഹാമൗനങ്ങളൊക്കെയും മുറിച്ച്‌, നിങ്ങളിതൊക്കെയും കാണുന്നില്ലേ മനുഷ്യന്മാരേ എന്നാണവര്‍ ഇടനെഞ്ചു പൊട്ടി ചോദിക്കുന്നത്‌.ആരാലും തിരിഞ്ഞുനോക്കാനില്ലാത്ത ആദിവാസി സമൂഹങ്ങളില്‍, ഒരിത്തിരി സഹായം ചെയ്യാന്‍ ശ്രമിച്ചതാണോ ഞങ്ങള്‍ ചെയ്‌ത തെറ്റെന്നാണവര്‍ ഹൃദയം പൊട്ടി വിളിച്ചു ചോദിക്കുന്നത്‌. നാട്ടുകാര്‍ക്കും, പോലീസ്‌ സ്‌റ്റേഷനുകള്‍ക്കുമിടയില്‍ നീതി കിട്ടാത്തതുകൊണ്ട്‌, ഒരു ജനസമൂഹം കാട്ടില്‍ കഴിഞ്ഞുകൂടേണ്ടിവരുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിനും അഭിമാനകരമല്ല. ഒറീസയിലെ കാടുകള്‍, മനുഷ്യത്വത്തിന്റെ ചോര കിനിയുന്ന ഇതിഹാസമാവാന്‍ പോകുന്നത്‌, 'ചില മനുഷ്യരെക്കാള്‍' വന്യജന്തുക്കള്‍ സംസ്‌കാര സമ്പന്നരായിത്തീരുന്ന ഒറീസയിലെ പുതിയ പശ്‌ചാത്തലത്തിലാണ്‌. മനുഷ്യമാംസം പച്ചയ്‌ക്ക് കടിച്ചുതിന്നുന്ന പുലിയേയും നരിയേയും പേടിക്കാതെ കലാപകാലങ്ങളിലെങ്കിലും മനുഷ്യ ജീവിതത്തിനു സംരക്ഷണം നല്‍കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന 'സര്‍ക്കാര്‍ സ്‌ഥാപന'ങ്ങളെയൊന്നും പരിഗണിക്കാതെ പീഡിതരായ ഒരു ജനത കാട്ടിലേക്ക്‌ ഓരോ ദിവസവും കുതിക്കുമ്പോള്‍, 'ഭരണം' എന്നതിന്‌ എന്തര്‍ഥമെന്ന്‌ ഓരോ പൗരനും ചോദിക്കണം. ലക്ഷ്‌ണാനന്ദ സരസ്വതിയെ വെടിവെച്ചുകൊന്നവരെ പിടിച്ചുകെട്ടി ശിക്ഷിക്കുന്നതിനുപകരം അതുമായി ഒരുവിധ ബന്ധവുമില്ലാത്ത ഒരു ജനസമൂഹത്തെയാകെ കൊന്നു കുഴിച്ചുമൂടാന്‍ ഓടിനടക്കുന്ന സംഘപരിവാര്‍ ശക്‌തികള്‍ക്കുമുമ്പില്‍ നിയമവ്യവസ്‌ഥ ഈവിധം സ്‌തംഭിച്ചുനിന്നാല്‍, എങ്ങിനെ ഒറീസയില്‍ സ്വസ്‌ഥജീവിതം സാധ്യമാകും? ഓടിയൊളിക്കാന്‍ കാടുകളില്ലായിരുന്നുവെങ്കില്‍ ഏറ്റവും ചുരുങ്ങിയത്‌ ഒറീസയിലെ ഒരു ഗ്രാമമെങ്കിലും മൃതദേഹങ്ങള്‍കൊണ്ട്‌ മൂടപ്പെടുമായിരുന്നു. നീരൊഴുക്ക്‌ വര്‍ധിപ്പിക്കാനെന്നപോലെ കലാപകാലത്ത്‌ 'ചോരയൊഴുക്ക്‌' കുറയ്‌ക്കാനും ഞങ്ങളെക്കൊണ്ടാവുമെന്ന്‌ ഒറീസയിലെ കാടുകള്‍ നാളെ സ്വന്തം ജീവചരിത്രമെഴുതുമ്പോള്‍ സ്വന്തം ജീവിത പുസ്‌തകത്തില്‍ കുറിച്ചിടുമായിരിക്കും. അന്ന്‌, പുലിക്കുട്ടികള്‍ക്കൊപ്പം മാന്‍കുട്ടികളും കളിച്ചുനടന്ന മഹര്‍ഷിമാര്‍ പാര്‍ത്ത പഴയ 'പര്‍ണശാല'കളുടെ അസ്‌ഥികള്‍പോലും ഇതുപോലുള്ള ക്രൂരതകള്‍ക്കെതിരേയുള്ള ആയുധങ്ങളായി മാറുമായിരിക്കും.ഗോമാംസം കഴിക്കാന്‍ പാടില്ല, മതം മാറാന്‍ പാടില്ല, ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ പാടില്ല എന്ന്‌ ആര്‍ത്തുവിളിച്ച്‌ ആടിയും പാടിയും നടക്കാന്‍, അങ്ങിനെ വിശ്വസിക്കുന്നവര്‍ക്കൊക്കെയും അവകാശമുണ്ട്‌. എന്നാല്‍ ആ വിശ്വാസം, അങ്ങിനെ വിശ്വസിക്കാത്തവരുടെമേല്‍ ത്രിശൂലമായി തുളഞ്ഞുകയറുമ്പോള്‍, ബോംബായിവന്നു പൊട്ടുമ്പോള്‍, 'ജനാധിപത്യം' തന്നെയാണ്‌ കൊലചെയ്യപ്പെടുന്നത്‌. മാലാപാഡയിലെ ഗോത്രവര്‍ഗക്കാര്‍ക്കു ഗോമാംസം തിന്നാന്‍, വിശ്വഹിന്ദു പരിഷത്തിന്റേയോ മതപരിവര്‍ത്തന വിരുദ്ധ സമിതിയുടേയോ സമ്മതപത്രം ആവശ്യമില്ല. ഓരോരുത്തരുടേയും 'അടുക്കള' അരിച്ചുപെറുക്കി പരിശോധിക്കാന്‍, ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച്‌ ഒരു പാര്‍ട്ടിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇന്നിന്ന ജന്തുവിനെ തിന്നരുതെന്നല്ല, ഒരു ജന്തുവിന്റെ പേരിലും സ്വയം കൊല്ലരുത്‌ എന്നാണ്‌ ജനാധിപത്യം അനുശാസിക്കുന്നത്‌! എന്നാല്‍ സംഘപരിവാര്‍മാത്രം, പശുവിന്റെ പേരില്‍ ആളെ കൊല്ലുകയാണ്‌. ഒരു ജന്തുവിനെ ആരാധിക്കാനുള്ള ഒരു ജനവിഭാഗത്തിന്റെ അവകാശവും, ഒരു ജന്തുവിനെ ഭക്ഷിക്കാനുള്ള വേറൊരു ജനവിഭാഗത്തിന്റെ അവകാശവും തമ്മില്‍ എന്തിന്‌ ഏറ്റുമുട്ടണം? ഇന്ത്യയില്‍ ഇതുവരെ പൂച്ചയിറച്ചിയുടേയും മുയല്‍ ഇറച്ചിയുടേയും പന്നിയിറച്ചിയുടേയും പേരില്‍ ആരും ഏറ്റുമുട്ടിയതായി അറിയില്ല! ഗോവധ നിരോധന പ്രസ്‌ഥാനംപോലെ, ഒരു 'പന്നിവധ' നിരോധന പ്രസ്‌ഥാനം പിറന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിന്നുന്നവര്‍ക്ക്‌ തിന്നാം. അല്ലാത്തവര്‍ തിന്നണ്ട. എന്നാല്‍ സംഘപരിവാര്‍മാത്രം മതേതര ഇന്ത്യയില്‍ ഇതു സമ്മതിക്കുകയില്ല. അത്തരമൊരു പശ്‌ചാത്തലത്തിലാണ്‌ 'കാളനാവാമെങ്കില്‍ കാളയുമാവാമെന്ന്‌' ഞാനെഴുതിയത്‌. ഭക്ഷണത്തിലെ ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉച്ചത്തില്‍ ആവര്‍ത്തിക്കേണ്ട ഒരു സന്ദര്‍ഭമായിരുന്നു അത്‌. ഗുജറാത്തിലെ വംശഹത്യാനന്തര പശ്‌ചാത്തലത്തില്‍, സൗരാഷ്‌ട്രയിലെ ഒരനുഭവം, ദീര്‍ഘകാലമായി അവിടെ സ്‌ഥിരതാമസമാക്കിയ ഒരാള്‍ പങ്കുവച്ചത്‌ അനുസ്‌മരിച്ചുകൊണ്ട്‌, ''രണ്ടു രൂപയുടെ മത്തി വറുക്കാന്‍ അഞ്ചു രൂപയുടെ ചന്ദനത്തിരി'' കത്തിക്കേണ്ടിവരുന്ന ദുരവസ്‌ഥയുടെ തുടര്‍ച്ചയില്‍നിന്നാണ്‌ 'കാളന്‍/കാള' 'ഇരട്ടകളെ'ക്കുറിച്ചു ഞാന്‍ പരാമര്‍ശിച്ചത്‌. അതുകേട്ടമാത്രയില്‍ സ്‌കാനിങ്ങും എക്‌സ്റേയുമൊന്നും കൂടാതെ തന്നെ പലരുടേയും 'ഉള്ളം' പുറത്തുചാടിയത്‌ എത്ര പെട്ടെന്നായിരുനു. ഇന്നും 'ഓളിയിടല്‍' ഒതുങ്ങിയിട്ടില്ല! പറഞ്ഞുവരുന്നത്‌ ഒറീസയിലെ ഗോത്രവര്‍ഗക്കാര്‍, അവര്‍ക്കിഷ്‌ടമുള്ളത്‌ തിന്നട്ടെ എന്നാണ്‌. അവര്‍ക്ക്‌ ആവശ്യത്തിനു ഭക്ഷണം എത്തിക്കുന്ന കാര്യത്തില്‍ മിഷനറിമാരോട്‌ മത്സരിക്കുന്നതിനു പകരം ആവശ്യത്തിനു ഭക്ഷണം കിട്ടാത്ത അവരോട്‌ ഇത്‌ തിന്നരുത്‌, അത്‌ തിന്നരുത്‌ എന്ന മാഞ്ഞാലം പറയുന്നതിലാണ്‌, സംഘപരിവാര്‍ വ്യാപൃതരായിരിക്കുന്നത്‌!മതപരിവര്‍ത്തനം സൂക്ഷ്‌മാര്‍ഥത്തില്‍, 'മതപ്രശ്‌ന'മെന്നതിലധികം ഒരു പൗരാവകാശ പ്രശ്‌നമാണ്‌. ആര്‍ക്കും സ്വന്തം മതം സ്വീകരിക്കാനെന്നപോലെ തള്ളിക്കളയാനും അവകാശമുണ്ട്‌. 'ഇത്രയാള്‍ ഞങ്ങള്‍ക്കു കൂടി, ഇത്രയാള്‍ ഞങ്ങള്‍ക്കു കുറഞ്ഞു' എന്നമട്ടില്‍ മതപരിവര്‍ത്തനത്തെ ചുരുക്കുന്നവര്‍, വ്യക്‌തിയുടെ മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ്‌ പരിഹസിക്കുന്നത്‌. സംഘപരിവാര്‍ ജന്മംനല്‍കിയ 'മതപരിവര്‍ത്തന വിരുദ്ധവേദി' മതപ്പേടിയുടേയും പൗരാവകാശപ്പേടിയുടേയും സംയുക്‌തമാണ്‌. പുറത്താക്കാനല്ലാതെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സവര്‍ണ പ്രത്യയശാസ്‌ത്രത്തിന്റെ സങ്കുചിതത്വത്തെ ആദര്‍ശവല്‍ക്കരിക്കാനുള്ള സാഹസിക ശ്രമം കിഴിച്ചാല്‍ അതില്‍ പിന്നെ ബാക്കിയുള്ളത്‌, അക്രമാസക്‌തമായ അസഹിഷ്‌ണുതയാണ്‌.സംഘപരിവാര്‍ സൃഷ്‌ടിച്ച ഭീകരതകള്‍ക്കിടയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഒറീസയിലെ പീഡിതരായ മനുഷ്യര്‍, കണ്ണീരിനിടയിലും കാതോര്‍ക്കുന്നത്‌, മനുഷ്യത്വത്തിന്റെ കാലൊച്ചയാണ്‌. സര്‍വ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറം എന്തുവന്നാലും ഞങ്ങള്‍ മനുഷ്യത്വത്തിനു കാവല്‍ നില്‍ക്കുമെന്നു പ്രഖ്യാപിക്കുന്ന ഒരു 'ചലോ ഒറീസ'പ്രസ്‌ഥാനമാണ്‌ ഇപ്പോള്‍ ഇന്ത്യയില്‍ അനിവാര്യമാകുന്നത്‌. കത്തിച്ചാരമായവരുടേയും ഇപ്പോഴും മുറിവേറ്റു പിടയുന്നവരുടേയും ഇടയില്‍നിന്ന്‌ 'പ്രത്യക്ഷ ആക്രമണമാണോ പരോക്ഷ ആക്രമണമാണോ' കൂടുതല്‍ ഭീകരമെന്ന്‌ തര്‍ക്കിക്കാതിരിക്കാനുള്ള വിവേകമെങ്കിലും നമുക്കുയര്‍ത്തിപിടിക്കാന്‍ കഴിയണം. സര്‍വമതത്തിലുംപെട്ട ഈശ്വരവിശ്വാസികളും ഒരു മതത്തിലുംപെടാത്ത ഈശ്വരവിശ്വാസമില്ലാത്തവരും ഒന്നിച്ചു ചേര്‍ന്ന്‌ മനുഷ്യത്വത്തിന്റെ കുഴിമാടങ്ങളില്‍ ഒരുതുള്ളി കണ്ണീര്‍ വീഴ്‌ത്തുന്ന നേരങ്ങളിലെങ്കിലും, പ്രിയപ്പെട്ട പൗവത്തില്‍ തിരുമേനി, അങ്ങ്‌ പ്രശസ്‌തമായ അങ്ങയുടെ കമ്യൂണിസ്‌റ്റ് വിരോധത്തെ ഒരല്‌പം പുറകിലേക്ക്‌ മാറ്റിനിറുത്തണം.
k e n

1 comment:

ജനമൊഴി said...