Thursday, February 5, 2009

86 കോടി എവിടെപ്പോയി

86 കോടി എവിടെപ്പോയി വികസനപക്ഷം........... ഡോ. തോമസ്‌ ഐസക്‌


കഴിഞ്ഞദിവസം മാതൃഭൂമിയില്‍വന്ന എന്റെ ലേഖനത്തെത്തുടര്‍ന്ന്‌ ഒട്ടനവധി വായനക്കാര്‍ എന്നെ ഫോണ്‍ ചെയ്യുകയുണ്ടായി. അഭിനന്ദനങ്ങളോടൊപ്പം പലര്‍ക്കും ചോദ്യങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതായിരുന്നു: ''സാമൂഹ്യ നന്‍മയ്‌ക്കായുള്ള വിദേശ ധനസഹായം 40 കോടി തരാമെന്നേറ്റത്‌ 98 കോടിയായി പിണറായി വിജയന്‍ ഉയര്‍ത്തി എന്നു പറഞ്ഞല്ലോ. അതില്‍ 12 കോടിയല്ലേ കിട്ടിയുള്ളൂ. ബാക്കി 86 കോടി രൂപ എവിടെപ്പോയി?'' ഉത്തരം ലളിതമാണ്‌. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ കരാറിന്റെ ഭാഗമേയല്ല 98 കോടിയുടെ വിദേശ ധനസഹായംകൊണ്ട്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. കരാര്‍പ്രകാരം ലാവലിന്‍വഴി വാങ്ങുന്ന വിദേശ സാധനസാമഗ്രികളുടെ വില 131 കോടി രൂപയല്ലേ വരൂ. ഇതിനായി 98 കോടി രൂപ സംഭാവന ആരെങ്കിലും തരുമോ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ പരിപാടി സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ വിശദമായ ഉത്തരവില്‍ ഒരിടത്തുപോലും മലബാര്‍ ക്യാന്‍സര്‍ സെന്ററില്ല. കാര്‍ത്തികേയനുണ്ടാക്കിയ എം.ഒ.യുവിലോ അടിസ്ഥാന കരാറിലോ പിണറായി വിജയന്റെ കാലത്ത്‌ ഒപ്പിട്ട അഡന്‍ഡം (അനുബന്ധം) കരാറിലോ ഇതുസംബന്ധിച്ച്‌ പരാമര്‍ശമില്ല. പിന്നെ എവിടെനിന്നാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ചര്‍ച്ച ആരംഭിക്കുന്നത്‌. ഉത്തരം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും. യു.ഡി.എഫിന്റെ കാലത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിത്തുടങ്ങിയ കുറ്റിയാടി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആദ്യമായി കടന്നുവരുന്നത്‌. എന്നെയും വിസ്‌മയിപ്പിച്ച ഒരു അറിവായിരുന്നു ഇത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയുടെ കരാറെല്ലാം യു.ഡി.എഫിന്റെ കാലത്താണ്‌ ഒപ്പുവെച്ചതെങ്കിലും ഇന്ത്യയിലെ കോണ്‍ട്രാക്‌ടര്‍മാരുടെ വീഴ്‌ചകൊണ്ട്‌ പണി മുടങ്ങിക്കിടക്കുകയായിരുന്നു. പിണറായി വിജയന്‍ മന്ത്രിയായപ്പോഴാണ്‌ ഈ പദ്ധതിക്ക്‌ വീണ്ടും ജീവന്‍ വന്നത്‌. 1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശനവേളയില്‍ കുറ്റിയാടി പദ്ധതി സംബന്ധിച്ച അവലോകനയോഗം നടന്നു. കുറ്റിയാടി പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഏതാണ്ട്‌ 36 കോടി രൂപയുടെ മലബാറിലെ വൈദ്യുതി വിതരണശൃംഖല മെച്ചപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക്‌ ഇതിന്‌ അനുബന്‌ധമായി വിദേശസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിനു തുടര്‍ച്ചയായി ലാവലിന്‍ പ്രതിനിധികള്‍ പറഞ്ഞകാര്യം യോഗത്തിന്റെ മിനുട്‌സില്‍ ഉണ്ട്‌. മലബാറില്‍ അത്യന്താധുനിക ക്യാന്‍സര്‍ ആസ്‌പത്രി സ്ഥാപിക്കുന്നതിന്‌ വിദേശ സഹായം ലഭ്യമാക്കുന്നതിന്‌ തങ്ങള്‍ പരിശ്രമിക്കാമെന്ന്‌ ഈ ചര്‍ച്ചാവേളയിലാണ്‌ ആദ്യമായി ലാവലിന്‍ നിര്‍ദേശിക്കുന്നത്‌. ഈയൊരുകാര്യംമതി ക്യാന്‍സര്‍ സെന്റര്‍ നവീകരണ പദ്ധതി കരാറുകളുടെ ഭാഗമല്ലെന്നും കാനഡയില്‍നിന്നുള്ള വിദേശ ധനസഹായ പരിപാടിയുടെ ഭാഗമാണെന്നും മനസ്സിലാക്കാന്‍. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നവീകരണ കരാറിന്റെ ഭാഗമാക്കിയില്ല എന്നുള്ള വിമര്‍ശനം ഇതോടെ അടിസ്ഥാനരഹിതമാണെന്നു വരുന്നു. എന്നാല്‍ അപ്പോഴും മറ്റൊരുചോദ്യം അവശേഷിക്കുന്നു. നവീകരണക്കരാറിന്റെ ഭാഗമായിട്ടല്ലെങ്കിലും ഒരു 'ബൈന്റിങ്‌ എഗ്രിമെന്റ്‌ ' അതായത്‌ നിയമപ്രാബല്യമുള്ള ഒരു കരാര്‍ ഉണ്ടാക്കേണ്ടിയിരുന്നില്ലേ? അതിനുപകരം ധാരണാപത്രംമാത്രം ഒപ്പിട്ടത്‌ ശരിയായോ? ഒപ്പിട്ട ധാരണാപത്രത്തില്‍ പറഞ്ഞിരുന്നത്‌ 180 ദിവസത്തിനുള്ളില്‍ ഔപചാരികമായ കരാറുണ്ടാക്കാമെന്നാണ്‌. എന്നാല്‍ പ്രോജക്‌ടിന്‌ അവസാനരൂപം നല്‍കാന്‍ വൈകി, കരാറും നീണ്ടു. പക്ഷേ, എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒരുകാര്യം ഉറപ്പാക്കി. എല്ലാ 180-ാം ദിവസവും ധാരണാപത്രം പുതുക്കിക്കൊണ്ടിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരു ഔപചാരിക കരാറായി മാറാതിരുന്നതിന്‌ ഒരു കാരണം ലാവലിന്‍ അയച്ചുതന്ന കരാറില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം സമാഹരിച്ചുനല്‍കുന്നതിന്‌ 'എല്ലാ ന്യായമായ പരിശ്രമവും ചെയ്യാമെന്നേ' ഉണ്ടായിരുന്നുള്ളൂ. 'ലഭ്യമാക്കും' എന്നുള്ള തീര്‍ച്ച ഉണ്ടായിരുന്നില്ല. അതുവേണമെന്ന്‌ നമ്മള്‍ ശഠിച്ചു. ഇതിന്‌ ലാവലിന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ ഒരു പതിവില്ല എന്നായിരുന്നു അവരുടെ നിലപാട്‌. യു.ഡി.എഫ്‌ ഭരണകാലത്ത്‌ കരാറുണ്ടായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയില്‍ മലബാറിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള 30 കോടി രൂപയുടെ ഗ്രാന്റുണ്ടായിരുന്നു എന്നായിരുന്നു വെപ്പ്‌. ഈ 30 കോടി രൂപ വൈദ്യുതി ബോര്‍ഡിന്‌ ലഭിച്ചിട്ടില്ല എന്ന്‌ സി എ.ജിയുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശം വന്നതിനെത്തുടര്‍ന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ലാവലിനെഴുതി. ഇതിന്റെ മറുപടി 2005 മാര്‍ച്ച്‌ 15ന്‌ വന്നു. 'ഗ്രാന്റിനുവേണ്ടി ഒരു പ്രത്യേക ധാരണാപത്രം ഇല്ലായിരുന്നു. എല്ലാ ഉഭയകക്ഷി വിദേശ ധനസഹായങ്ങളും നല്‍കുന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള വകുപ്പുമായി ഒരു ധാരണയുണ്ടാക്കിയിട്ടുണ്ട്‌. മുന്‍കാലത്ത്‌ ഇന്ത്യയും കാനഡയുമായി ഉണ്ടാക്കിയ 3.6കോടി കനേഡിയന്‍ ഡോളര്‍ ചെലവാകാതെ ബാക്കിയുള്ള പണം കെ.എസ്‌.ഇ.ബിയുടെ വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഗ്രാന്റായി ഉപയോഗിക്കാം... സിഡ (കനേഡിയന്‍ വിദേശ സഹായ ഏജന്‍സി)യുടെ ഗ്രാന്റുകളെല്ലാം സേവനങ്ങളോ ഉപകരണങ്ങളോ ആയിട്ടാണ്‌ നല്‍കുക. ഒരിക്കലും കാശായി നല്‍കാറില്ല. നടപ്പാക്കുന്ന ഏജന്‍സിവഴി ചാനലൈസ്‌ ചെയ്യുകയാണ്‌ പതിവ്‌. വൈദ്യുതിബോര്‍ഡിന്‌ നേരിട്ട്‌ പണം കൈമാറുന്നതിന്‌ ഒരു ധാരണയോ കരാറോ ഇല്ല.' ഇതായിരുന്നു ലാവലിന്റെ നിലപാട്‌. തങ്ങളുടെ വാണിജ്യ താത്‌പര്യം പൊതുവായി പ്രോഹത്സഹിപ്പിക്കുന്നതിന്‌ കാനഡ അന്യഥാ നല്‍കിവരുന്ന വിദേശ സഹായ സൗജന്യത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റിന്റെ കാര്യത്തില്‍ തര്‍ക്കംമൂലം ധാരണാപത്രം എഗ്രിമെന്റായി മാറിയില്ല. യു.ഡി.എഫ്‌ സര്‍ക്കാരാകട്ടെ എം.ഒ.യുതന്നെ ലാപ്‌സാകാന്‍ അനുവദിക്കുകയും ചെയ്‌തു. എങ്കിലും എഗ്രിമെന്റ്‌ ഇല്ലാതെതന്നെ ലാവലിന്‍ 12 കോടി രൂപയുടെ ആസ്‌പത്രി നിര്‍മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു. ഇതില്‍ യു.ഡി.എഫിന്റെ കാലത്ത്‌ നിര്‍മാണം പൂര്‍ത്തിയായത്‌ ഒരു ബ്ലഡ്‌ ബാങ്കിന്‍േറതു മാത്രമാണ്‌. ധാരണാപത്രം ലാപ്‌സായെങ്കിലും ധാരണയനുസരിച്ച്‌ ക്യാന്‍സര്‍ ആസ്‌പത്രിക്ക്‌ വിദേശ സഹായം സമാഹരിച്ച്‌ ലഭ്യമാക്കാമെന്ന്‌ അവര്‍ യു.ഡി.എഫ്‌. സര്‍ക്കാരിനെ ഔപചാരികമായി അറിയിച്ചു. പക്ഷേ, ഒരുകാര്യം അവര്‍ ആവശ്യപ്പെട്ടു. ചെയ്‌തിടത്തോളം കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ ഒരു കത്ത്‌ അയച്ചുകൊടുക്കണം എന്നവര്‍ മുഖ്യമന്ത്രിക്കുതന്നെ എഴുതി. ആസ്‌പത്രി സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ പണം സമാഹരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതുകൊണ്ടാണ്‌ അവരിതാവശ്യപ്പെട്ടത്‌. എം.ഒ.യു. ലാപ്‌സാക്കി എന്നു മാത്രമല്ല ചെയ്‌തകാര്യത്തിന്റെ സര്‍ട്ടിഫിക്കറ്റ്‌കൂടി നല്‍കുന്നതിന്‌ തയ്യാറാകാതെ നിരുത്തരവാദപരമായ നിലപാടാണ്‌ യു.ഡി.എഫ്‌ . സര്‍ക്കാര്‍ കൈക്കൊണ്ടത്‌. ആര്യാടന്‍ മന്ത്രിയായപ്പോഴാണ്‌ ഗ്രാന്റ്‌ വാങ്ങുന്നതിന്‌ ഊര്‍ജിതമായ നടപടികള്‍ വീണ്ടും സ്വീകരിക്കാന്‍ തുടങ്ങിയത്‌. അപ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള വിദേശസഹായ ഉഭയകക്ഷി കരാര്‍ ഇന്ത്യ ഉപേക്ഷിച്ചു. ഇന്ത്യ ഇന്ന്‌ ചില പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും വിദേശ സ്ഥാപനങ്ങളില്‍നിന്നും മാത്രമേ സഹായം സ്വീകരിക്കുന്നുള്ളൂ. അതുകൊണ്ട്‌ ഇനി സഹായം നല്‍കാന്‍ കഴിയില്ല എന്ന്‌ ഹൈക്കമ്മീഷണര്‍തന്നെ കേരള സര്‍ക്കാരിനെ അറിയിച്ചു. കരാറുണ്ടായിരുന്നില്ലെങ്കിലും ആസ്‌പത്രിയുടെ ആദ്യഘട്ട പ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോയ ലാവലിന്‍ പിന്നീട്‌ എന്തുകൊണ്ട്‌ ഉത്സാഹം കാണിച്ചില്ല എന്നൊരു ചോദ്യമുണ്ട്‌. എന്റെ അഭിപ്രായം പറയാം. ഒരു കാരണം പൊക്രാന്‍ അണുബോംബ്‌ പരീക്ഷണത്തെത്തുടര്‍ന്ന്‌ കാനഡ ഇന്ത്യയ്‌ക്കുള്ള വിദേശ സഹായം നിര്‍ത്തിവെച്ചതാണ്‌. ഇതിനേക്കാള്‍ പ്രധാനപ്പെട്ട രണ്ടാമതൊരു കാര്യമുണ്ട്‌. യു.ഡി.എഫ്‌ തുടങ്ങിവെച്ച നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടി വന്നു. എന്നാല്‍ പുതിയ പദ്ധതികള്‍ എം.ഒ.യു റൂട്ടില്‍ കരാറുണ്ടാക്കില്ല എന്ന നയപരമായ നിലപാടായിരുന്നു എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‍േറത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി എം.ഒ.യു റൂട്ടില്‍ ലാവലിനാണല്ലോ നടപ്പാക്കിയത്‌. എന്നാല്‍ അതിന്റെ അഡീഷണല്‍ എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട്‌ വന്നപ്പോള്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച്‌ പൊതുമേഖലാ സ്ഥാപനമായ ഭെല്ലുമായി കരാറുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. കോഴിക്കോട്‌ ഡീസല്‍ നിലയവും ഭെല്ലിനുതന്നെയാണ്‌ ലഭിച്ചത്‌. എന്നാല്‍ യു.ഡി.എഫ്‌ . ലാവലിനുമായുണ്ടാക്കിയ ധാരണ ഇതല്ലായിരുന്നു. കാര്‍ത്തികേയന്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍നിന്ന്‌ ഇത്‌ വ്യക്തമാണ്‌. ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കുന്നതിന്‌ ലാവലിനുമായി ഒരു സംയുക്ത സംരംഭമാണ്‌ വിഭാവനംചെയ്‌തിരുന്നത്‌. മാത്രമല്ല ഇതിന്റെ ആദ്യബാച്ചായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ ലാവലിനെ ഏല്‍പ്പിക്കുന്നത്‌ എന്ന്‌ വ്യക്തമായി എഴുതിയിരുന്നു. എല്‍.ഡി.എഫ്‌. എം.ഒ.യു റൂട്ട്‌ നയം അവസാനിപ്പിച്ചതോടെ ക്യാന്‍സര്‍ സെന്ററിന്‌ ആദ്യംകാണിച്ച ആവേശം ലാവലിനില്ലാതായി. യു.ഡി.എഫ്‌ സര്‍ക്കാരാകട്ടെ ധാരണാപത്രംപോലും ലാപ്‌സാക്കി. ഒരു അഭിനന്ദന കത്ത്‌ അയയ്‌ക്കുന്നതിനുപോലും തയ്യാറായില്ല എന്നത്‌ ഊരിപ്പോകാന്‍ അവര്‍ക്ക്‌ സൗകര്യവുമായി. 86 കോടി രൂപ നഷ്‌പ്പെടുത്തുവാന്‍ ആര്‌ അവസരം ഒരുക്കിയെന്നതാണ്‌ ചോദ്യം? ഉത്തരം യു.ഡി.എഫ്‌. തന്നെയാണ്‌ പറയേണ്ടത്‌. 12 കോടി രൂപയാണ്‌ തങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്‌ എന്ന്‌ ലാവലിന്‍തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്‌. ആസ്‌പത്രിക്കെന്ന്‌ പറഞ്ഞ്‌ ലാവലിന്‍ കൂടുതല്‍ പണം പിരിച്ചിരുന്നോ? ഇന്ത്യയിലെ അവരുടെ 'എക്‌സിക്യൂട്ടിംഗ്‌ ഏജന്‍സി'ക്ക്‌ കൂടുതല്‍ പണം നല്‍കിയിരുന്നോ? ഇവയുടെയൊക്കെ നിജസ്ഥിതിയെക്കുറിച്ച്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. അത്‌ പിണറായി വിജയന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ട. ലാവലിന്റെ വക്കാലത്ത്‌ പിടിക്കേണ്ട ഒരു കാര്യവും ഇടതുപക്ഷത്തിനില്ല. ദേശീയതലത്തില്‍ ലാവലിനുമായി ഇപ്പോള്‍ ഭീമന്‍ ആണവ സാമഗ്രി കരാറിനു ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന്റെ നയമല്ല എല്‍.ഡി.എഫിന്‍േറത്‌.

1 comment:

കടവന്‍ said...

its gone to CPMs cancer(no center)pinarayi(center)