Tuesday, February 10, 2009

നവ കേരള മാര്‍ച്ചിന്റെ പ്രസക്തി

നവ കേരള മാര്‍ച്ചിന്റെ പ്രസക്തി

'സുരക്ഷിത ഇന്ത്യ, ഐശ്വര്യകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവകേരള മാര്‍ച്ച് ഫെബ്രുവരി 2 ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. സാര്‍വദേശീയ-ദേശീയ കേരള രാഷ്ട്രീയത്തില്‍ ഗൌരവകരമായ പല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യം ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന കാലം കൂടിയാണിത്.

മുതലാളിത്തം ബദലില്ലാത്ത വ്യവസ്ഥയാണെന്ന പ്രചരണത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ആഗോള മുതലാളിത്ത പ്രതിസന്ധി വ്യാപകമായിരിക്കുന്നത്. ഇത് മുതലാളിത്തത്തെ സംബന്ധിച്ചുള്ള മാര്‍ക്സിന്റെ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയാണ് എന്നതിന് അടിവരയിടുന്നു. ഇടവിട്ടുള്ള സാമ്പത്തിക കുഴപ്പം മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്. സോഷ്യലിസ്റ് വ്യവസ്ഥയ്ക്കകത്ത് മാത്രമേ ഇതിന് പരിഹാരമുണ്ടാവുകയുള്ളൂ. മാര്‍ക്സിന്റെ ഈ ശാസ്ത്രീയ ചിന്ത ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ വായിക്കപ്പെടുന്ന നില ലോകത്താകമാനം ഉണ്ടായിരിക്കുകയാണ്. ചിലര്‍ പ്രചരിപ്പിച്ചതുപോലെ, മുതലാളിത്തം വികസിക്കുമ്പോള്‍ മാര്‍ക്സിസം കാലഹരണപ്പെടുകയല്ല ഉണ്ടായത്. മറിച്ച്, കൂടുതല്‍ പ്രസക്തമായിത്തീരുകയാണ്. വര്‍ത്തമാനകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇത് ശരിവയ്ക്കുകയാണ്.

സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ സോഷ്യലിസ്റ് വ്യവസ്ഥയെ തകിടം മറിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ശക്തമായി നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രങ്ങളിലും സോവിയറ്റ് റഷ്യയോട് സൌഹൃദം പുലര്‍ത്തുന്ന ഭരണകൂടങ്ങളെ അട്ടിമറിക്കുക എന്ന ലക്ഷ്യം വെച്ച് ലോകത്തെങ്ങും ഭീകരവാദപ്രസ്ഥാനങ്ങളെ സൃഷ്ടിക്കുന്ന നയത്തിലേക്ക് അമേരിക്ക നീങ്ങി. ഇതിന്റെ ഫലമായി സാര്‍വദേശീയമായി ഭീകരവാദപ്രസ്ഥാനങ്ങള്‍ ശക്തിപ്പെടാന്‍ തുടങ്ങി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നേരിട്ട് കടന്നുകയറാനുള്ള പദ്ധതികള്‍ ആയുധശക്തിയും അന്താരാഷ്ട്ര സ്ഥാപനങ്ങളിലുള്ള മേല്‍ക്കൈയും ഉപയോഗിച്ച് അമേരിക്ക നടപ്പിലാക്കി. ഇത് ലോകത്ത് സംഘര്‍ഷങ്ങള്‍ രൂപപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളുമായി സന്ധി ചെയ്ത സംഘപരിവാര്‍ ശക്തികള്‍ നടത്തിയ ഫാസിസ്റ് രീതിയിലുള്ള നയസമീപനങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത തിരിച്ചടിയായി. ബാബറി മസ്ജിദിന്റെ തകര്‍ച്ച ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വമ്പിച്ച അരക്ഷിതാവസ്ഥ രൂപപ്പെടുത്തി. ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെയുള്ള സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ക്രൂരമായി ആക്രമിക്കപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യന്‍ മതേതരത്വത്തെ തുരങ്കം വയ്ക്കുകയും ചെയ്യുന്ന സംഘപരിവാര്‍ നയങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇന്ത്യന്‍ മതേതരത്വത്തെ ശക്തിപ്പെടുത്താനാവൂ. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടേണ്ടതുണ്ട്.

സംഘപരിവാര്‍ നടത്തുന്ന ഫാസിസ്റ് സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ രൂപപ്പെട്ടുവരുന്ന ന്യൂനപക്ഷ വര്‍ഗീയത ഫലത്തില്‍ ഇത്തരം ശക്തികളെ സഹായിക്കുന്നതിനേ ഇടയാവുകയുള്ളൂ. ഫാസിസത്തിനുള്ള മറുപടി ജനാധിപത്യപരമായ സമൂഹത്തെ ശക്തിപ്പെടുത്തിയും മതേതരത്വത്തെ കൂടുതല്‍ വികസിപ്പിച്ചുമാണ് നല്‍കേണ്ടത്. അല്ലാതെയുള്ള നിലപാടുകള്‍ കൊണ്ട് ഈ ഭവിഷ്യത്ത് പരിഹരിക്കാനാവില്ല. ന്യൂനപക്ഷ വര്‍ഗീയത ജനാധിപത്യപരമായ സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. മാത്രമല്ല, ഇരു വര്‍ഗീയതയും പരസ്പര പൂരകമായി വളര്‍ത്തുന്നതിന് ഇടയാക്കുന്നു. ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും ലക്ഷ്യം വയ്ക്കുന്നത് തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളെയാണ് എന്നത് കേരളത്തിന്റെ അനുഭവങ്ങളില്‍ നിന്നും സ്പഷ്ടമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഭീകരവാദികളെന്ന് മുദ്രകുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഭീകരവാദം ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല. മലേഗാവ്, സംഝോധ എക്സ്പ്രസ് തീവെപ്പ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ സംഘപരിവാര്‍ ഭീകരവാദ സംഘം തന്നെയാണെന്ന് വ്യക്തമാക്കി.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭീകരവാദശക്തികളെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നു എന്നതിലെ ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈയിലെ ഭീകരാക്രമണം. മറ്റൊരു രാജ്യത്തെ കേന്ദ്രീകരിച്ച് പൂര്‍ണ്ണമായ തയ്യാറെടുപ്പോടെ ഒരു സംഘം രാജ്യത്ത് എത്തിയിട്ടും അവ കണ്ടെത്തുന്നതില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം പൂര്‍ണ്ണ പരാജയമായിരുന്നു എന്നത് രാജ്യത്തെത്തന്നെ ഞെട്ടിച്ച സംഭവമാണ്. വിവിധ തരത്തിലുള്ള ഭീകരവാദികളുടെ ആക്രമണങ്ങള്‍ക്ക് രാജ്യം വിധേയമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അവ തടയുന്നതില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്.

രാജ്യത്ത് സംഘപരിവാര്‍ മതേതരത്വത്തിന് ഉയര്‍ത്തുന്ന ഭീഷണി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് തികഞ്ഞ പരാജയമാണെന്ന് ബാബറി മസ്ജിദിന്റെ തകര്‍ച്ചയിലൂടെ രാജ്യത്താകമാനം ബോധ്യപ്പെട്ടതാണ്. വര്‍ത്തമാനകാലത്ത് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഭീകരവാദത്തിന്റെ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനും തടയുന്നതിനും യു.പി.എ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് ബോംബെയില്‍ നടന്ന ഭീകരാക്രമണം വ്യക്തമാക്കി. പാകിസ്ഥാനില്‍നിന്ന് സായുധരായി മുന്നോട്ടുവന്ന തീവ്രവാദി സംഘങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇന്ത്യയിലെ സുരക്ഷാ സംവിധാനത്തിന് കഴിഞ്ഞില്ല എന്നത് ഏറെ ഗൌരവകരമായ പ്രശ്നമാണ്. അതോടൊപ്പംതന്നെ സംഘപരിവാറിന്റെ നരഹത്യകളെ പ്രതിരോധിക്കുന്നതിലും തികഞ്ഞ അലംഭാവമാണ് കോണ്‍ഗ്രസ് കാണിച്ചത്. ഗുജറാത്തിലും ഒറീസ്സയിലും പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇവിടങ്ങളിലൊന്നും വംശഹത്യകള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായതുമില്ല.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ക്കൊപ്പിച്ച് നിലപാടുകള്‍ എടുക്കാനാണ് യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ബോംബെയിലെ ഭീകരാക്രമണത്തിന്റെ അന്വേഷണം പോലും അമേരിക്കന്‍ ഏജന്‍സി പറയുന്ന രീതിയിലേക്ക് നടത്തിക്കൊണ്ടുപോകാന്‍ തയ്യാറായ കേന്ദ്രസര്‍ക്കാര്‍ നയം. ഇന്ത്യയെ അമേരിക്കയുടെ ആശ്രിതനായി വളര്‍ത്തുവാനുള്ള നയങ്ങളാണ് സാമ്പത്തിക-വിദേശ നയങ്ങളിലുള്‍പ്പെടെ പ്രകടമാകുന്നത്. ഇന്ത്യയുടെ വിഖ്യാതമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നയങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇന്‍ഷ്വറന്‍സ് മേഖല ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകളില്‍ ഉയര്‍ന്നുവരുന്ന വിദേശനിക്ഷേപത്തിനായുള്ള നിയമങ്ങളും സാമ്രാജ്യത്വ വിധേയത്വത്തിന്റെ ദൃഷ്ടാന്തമാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാനുള്ള വിത്ത് ബില്ലും ഇതിന്റെ തുടര്‍ച്ചയാണ്. ഇറാനെതിരെ ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഇന്ത്യ നടത്തിയ വോട്ട് നഗ്നമായ അമേരിക്കന്‍ പാദസേവയായിരുന്നു. സദ്ദാം ഹുസൈന്‍ വധിക്കപ്പെടുന്ന ജനാധിപത്യവിരുദ്ധവും ദാരുണവുമായ നടപടി അമേരിക്ക നടത്തിയിട്ടും അതിനെതിരെ ശബ്ദിക്കാന്‍ പോലും ഇന്ത്യാഗവണ്‍മെന്റിന് കഴിഞ്ഞില്ല. നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇസ്രയേലുമായി ഒരു തരത്തിലുള്ള നയതന്ത്രബന്ധത്തിനും ഇന്ത്യാഗവണ്‍മെന്റ് ഒരുക്കമായിരുന്നില്ല. എന്നാല്‍ പാലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്തും അവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും പണയംവയ്ക്കുന്ന തരത്തിലാണ് ആണവകരാറില്‍ ഇന്ത്യ ഒപ്പിട്ടിരിക്കുന്നത് എന്ന് കാണാവുന്നതാണ്. അമേരിക്കന്‍ ആശ്രിതത്വത്തിനെതിരായി പാര്‍ലമെന്റില്‍ ആണവകരാര്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ ഔന്നിത്യത്തെയും തകര്‍ക്കുന്ന വിധം പണമൊഴുകിയതും രാജ്യത്തിനാകമാനം അപമാനമുണ്ടാക്കിയ കാര്യമാണ്.

കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഘട്ടത്തില്‍ പൊതുമേഖലയെ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇടതുപക്ഷത്തിന്റെ ഇടപെടലാണ് ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നതില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തിയത്. പെന്‍ഷന്‍ പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കവും പ്രോവിഡന്റ് ഫണ്ടിന്റെ പലിശ വെട്ടിക്കുറയ്ക്കാനുള്ള നടപടിയുമെല്ലാം തടഞ്ഞുനിര്‍ത്തിയതും ഇടതുപക്ഷമാണ്. തൊഴിലുറപ്പ് പദ്ധതി പോലുള്ള സംരംഭങ്ങള്‍ രൂപപ്പെടുത്തിയതും ജനപക്ഷത്തുനിന്നുകൊണ് ഇടതുപക്ഷം സ്വീകരിച്ച നിലപാടുകൊണ്ടാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നയങ്ങളാണ് ഈ പ്രതിസന്ധിക്ക് പരിഹാരമെന്ന രീതിയില്‍ ലോകം നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍പ്പോലും ഇന്‍ഷ്വറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നടപടിയാണ് യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ചത്. കൊണ്ടാലും പഠിക്കില്ലെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് യു.പി.എയുടെ പോക്ക്.

രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറ വയ്ക്കുന്ന നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ബദലായി മൂന്നാമതൊരു രാഷ്ട്രീയശക്തിയെ രൂപപ്പെടുത്തുക എന്നതാണ് ഇന്ത്യാരാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അനിവാര്യമായിട്ടുള്ളത്. രാജ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താതെ വര്‍ഗീയതയ്ക്കെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അമേരിക്കന്‍ ആശ്രിതത്വത്തിനെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിലെ സുപ്രധാനമായ കാര്യമാണ്. വര്‍ഗീയശക്തികളെ പരാജയപ്പെടുത്തുക, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങാതിരിക്കുക, ജനങ്ങളുടെ ഉപജീവനമാര്‍ഗത്തെയും സ്വാശ്രയ വികസനത്തെയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ബദല്‍ സംഘടിപ്പിക്കാന്‍ ജനങ്ങളെ അണിനിരത്തുക എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റെടുക്കാനുള്ള കടമ.

ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ അത് ഉയര്‍ത്തുന്ന പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍ നയം ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പിന്തുടര്‍ന്ന ആഗോളവല്‍ക്കരണ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനം അതുകൊണ്ടുതന്നെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയാണ്. അതിന്റെ ഗുണഫലങ്ങള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ ഇടപെടലിന്റെ ഭാഗമായി കര്‍ഷക ആത്മഹത്യകള്‍ തന്നെ സംസ്ഥാനത്ത് ഇല്ലാതാകുന്ന നിലയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിച്ച് ശക്തിപ്പെടുത്താന്‍ എടുത്ത നടപടികളുടെ ഫലമായി ഈ വര്‍ഷം 80.31 കോടി രൂപ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനും സാധ്യമായി.

ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുന്ന ആഗോളവല്‍ക്കരണ നയത്തിനു ബദലായി അവയെ ശക്തിപ്പെടുത്താനും കൂടുതല്‍ മേഖലയിലേക്ക് അവ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായി. ക്ഷേമ പെന്‍ഷനുകള്‍ 200 രൂപയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. ഷോപ്പ്സ് & എസ്റാബ്ളിഷ്മെന്റ് നിയമം ഇതിന്റെ മറ്റൊരു തെളിവാണ്. കേരളത്തിലെ ഏഴുലക്ഷത്തോളം വീടുകള്‍ പുതുതായി നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കി. 5000 കോടി രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീട് വയ്ക്കാനും സ്ഥലം നല്‍കാനും നീക്കിവച്ചിട്ടുള്ളത്. ഇതോടൊപ്പം ഇ.എം.എസ് ഭവനനിര്‍മ്മാണപദ്ധതി ഒരു ജനകീയ സംരംഭമാക്കി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ഇടപെടലുകള്‍ക്ക് ഈ കാലയളവ് സാക്ഷ്യംവഹിച്ചു. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടംതിരിഞ്ഞിരുന്ന കേരളത്തെ അതില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വിലക്കയറ്റം രൂക്ഷമായപ്പോള്‍ അവ പിടിച്ചുനിര്‍ത്താനുള്ള കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ശരിയായ ദിശയിലേക്ക് നയിക്കാനും സാധ്യമായി.

കേരളത്തിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ മുഴുകി. പാലക്കാട്ടെ കോച്ച് ഫാക്ടറി, വിഴിഞ്ഞം പദ്ധതി, വല്ലാര്‍പ്പാടം പദ്ധതി തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഐ.ടി മേഖലയില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ സ്മാര്‍ട്ട് സിറ്റി പദ്ധതി കരാറില്‍ ഒപ്പുവയ്ക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. മത്സ്യബന്ധന മേഖലയില്‍ വറുതിയുടെ നാളുകളില്‍ നിന്ന് അവരെ മോചിപ്പിക്കാനും കഴിഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് വിമുക്തമായതും ഗുണ്ടാ ആക്രമണങ്ങളില്‍ നിന്ന് നഗരങ്ങളെ സംരക്ഷിക്കാനും ഉതകുന്ന തരത്തില്‍ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തി. ഭീകരവാദികളുടെ അടിത്തറ തന്നെ തകര്‍ക്കുന്ന നയം മുന്നോട്ടുവച്ചു. ടൂറിസം മേഖല ഉള്‍പ്പെടെയുള്ള പുത്തന്‍ വികസന മേഖലയില്‍ കുതിച്ചുചാട്ടം ഈ കാലത്തുണ്ടായി. ഇത്തരത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരായുള്ള പോരാട്ടം സംഘടിപ്പിക്കുമ്പോള്‍ തന്നെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് നവകേരളം സൃഷ്ടിക്കാനുള്ള ഇടപെടലാണ് പാര്‍ടി നടത്തിക്കൊണ്ടിരിക്കുന്നത്.

ആഗോളതലത്തില്‍ മുതലാളിത്തം കടുത്ത പ്രതിസന്ധിയിലാവുകയും മാര്‍ക്സിയന്‍ കാഴ്ചപ്പാടുകളിലേക്ക് ലോകജനത കൂടുതല്‍ കരുത്തോടെ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. രാജ്യത്ത് ജനപക്ഷത്തുനിന്നുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ വമ്പിച്ച ബഹുജന അംഗീകാരം നേടിയെടുത്തിട്ടുമുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ ജനകീയ ബദലുകള്‍ ഉയര്‍ത്തുകയാണ്. വര്‍ഗീയതയ്ക്കെതിരായി പാര്‍ടി നടത്തിയിട്ടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം മതേതര വിശ്വാസികളുടെ മുഴുവന്‍ അംഗീകാരം നേടിയിട്ടുമുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വശക്തികളുടെയും അവരെ പിന്‍പറ്റുന്ന പിന്തിരിപ്പന്മാരുടെയും ആവശ്യമാണ്. ആ നിലയിലുള്ള ഇടപെടലുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

കമ്യൂണിസ്റ് പാര്‍ടി മുകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന പ്രസ്ഥാനമാണ്. അതുകൊണ്ട് നേതൃത്വത്തെയും പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളെയും ദുര്‍ബ്ബലപ്പെടുത്തിയാല്‍ പാര്‍ടിയെ തകര്‍ക്കാമെന്ന് ഇവര്‍ വ്യാമോഹിക്കുന്നു. കമ്യൂണിസ്റ് പാര്‍ടി രൂപീകൃതമായ കാലം തൊട്ടുതന്നെ ഇത്തരത്തിലുള്ള നിരവധി നടപടികള്‍ ഭരണവര്‍ഗം ചെയ്തിട്ടുണ്ട്. മീറത്ത് ഗൂഢാലോചനക്കേസ് മുതല്‍ ആരംഭിക്കുന്ന പരമ്പര ചരിത്രത്തിലുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് പാര്‍ടി വളര്‍ന്നുവന്നത്. എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാന്‍ പാര്‍ടിക്ക് കരുത്തായി നിന്നത് അതിനായി ജീവന്‍ ത്യജിക്കാന്‍പോലും തയ്യാറായ ജനലക്ഷങ്ങളാണ്. പാര്‍ടിക്കെതിരായി നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളെ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാണിച്ചുകൊണ്ട് പാര്‍ടി മുന്നോട്ടുപോകും.

നാടിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചുകൊണ്ടും വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടിക്കൊണ്ടും നടക്കുന്ന ഈ മാര്‍ച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു സംഭവമായിത്തീരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനായി മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
പിണറായി വിജയന്‍

2 comments:

ജനമൊഴി said...

നവ കേരള മാര്‍ച്ചിന്റെ പ്രസക്തി[Photo]
'സുരക്ഷിത ഇന്ത്യ, ഐശ്വര്യകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവകേരള മാര്‍ച്ച് ഫെബ്രുവരി 2 ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. സാര്‍വദേശീയ-ദേശീയ കേരള രാഷ്ട്രീയത്തില്‍ ഗൌരവകരമായ പല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യം ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന കാലം കൂടിയാണിത്.

Anonymous said...

എല്ലാവര്‍ക്കും അറിയാം അണ്ണാ...

ഒരൊറ്റ പ്രസക്തി മാത്രം “നഷ്ടപ്പെടുവാന്‍ ഒരു ലാവ്ലിന്‍ മാത്രം, കിട്ടാനുള്ളതോ അനേകം ലാവ്ലിനുകള്‍”